തിരുവല്ല: ബിഷപ്പ് കെ.പി.യോഹന്നാന്റെ കുറ്റപ്പുഴയിലുള്ള ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ മുങ്ങി. വെള്ളം കയറിയതോടെ ഹോസ്പിറ്റലിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഒ.പിയും കിടത്തി ചികിത്സയിലായിരുന്ന രോഗികളെയും ഒഴിപ്പിച്ചു. പെയ്ത മഴവെള്ളം ഒഴുകി പോകുവാൻ ഇടമില്ലാതായതിനാലാണ് ഹോസ്പിറ്റൽ മുങ്ങാൻ കാരണം.

മുൻപ് ഹോസ്പിറ്റൽ നിന്ന ഭാഗത്ത് വിശാലമായ പാടശേഖരമായിരുന്നു. ഇത് നികത്തിയായിരുന്നു ഹോസ്പിറ്റൽ നിർമ്മാണം. അനധികൃതമായി പാടശേഖരം നികത്തി നിർമ്മിച്ച ഹോസ്പിറ്റലിനെതിരെ വ്യാപക പ്രതിഷേധം തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. പണം കൊടുത്തിട്ടും വഴങ്ങാതിരുന്നവരെ ഭീഷണിപ്പെടുത്തിയുമാണ് അന്ന് നേരിട്ടത്. കഴിഞ്ഞ ഡിസംബറിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന് വേണ്ടി നികത്തിയ 1.53 ഹെക്ടർ നെൽവയലും തോടും 45 ദിവസിത്തിനകം പൂർവ സ്ഥിതിയിലാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ ഗിരിജാകുമാരി അന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ഇവിടുത്തെ തോടുകൾ പുനഃസ്ഥാപിക്കാനും പൈപ്പുകൾ നീക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു.തോട് പുനഃസ്ഥാപിച്ച് പത്തനംതിട്ട കോട്ടയം ജില്ലാ അതിർത്തിയിലെ മുണ്ടുചാൽ തോട്ടിലേക്ക് നീരൊഴുക്ക് എത്തിക്കണമെന്നും ഉത്തരവിൽ പുന്നുണ്ടായിരുന്നു. എന്നാൽ കളക്ടറുടെ ഉത്തരവിനെതിരെ കെ.പി.യോഹന്നാന്റെ സഭയായ ഗോസ്പൽ ഫോർ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചതനുസരിച്ച് പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. കെ പി യോഹന്നാന്റെ പേരിലാണ് നികത്തിയ നിലം. നെൽവയൽ നീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷമാണ് അനധികൃതമായി നിലം നികത്തിയിരിക്കുന്നത്.

മെഡിക്കൽ കോളേജിനായി 3 ഹെക്ടർ നിലം നികത്താൻ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് ആറ് സർവേ നമ്പറുകളിലായി അനുമതിയില്ലാതെ നിലം നികത്തി നിർമ്മാണപ്രവൃത്തികൾ നടത്തിയിരിക്കുന്നത്. ദൈവത്തിന്റെ പേരുപറഞ്ഞ് വിദേശത്തു നിന്നും പണം കൊണ്ടുവരിക, എന്നിട്ട് ദൈവത്തിന് നിരക്കാത്തത് ചെയ്യുക പകൽ മുഴുവൻ പരിസ്ഥിതിയെപ്പറ്റി പ്രസംഗിക്കുക ദൈവം വരദാനമായി നൽകിയ പ്രകൃതിയെ വാഴ്‌ത്തുക. രാത്രിയുടെ മറവിലും ആരും കാണാതെയും നിലം നികത്തുക ഇതാണ് യോഹന്നാന്റെ പണിയെന്ന് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. തിരുവല്ലയിലെ എല്ലാ രാഷ്ടീയക്കാർക്കും പണം വാരി നൽകിയതിനാൽ കുറ്റപ്പുഴയിലെ പരിസ്ഥിതി പ്രശ്‌നം
ആർക്കും ഒരു പ്രശ്‌നമല്ല. ഇനി 60 ഏക്കർ നിലത്തിൽ കൂടി മണ്ണിടാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.

കെ.പി. യോഹന്നാൻ ഇത്രയേറെ അനധികൃതമായി നിലംനികത്തിയിട്ടും സർക്കാർ ഏജൻസികൾ ഒന്നും തന്നെ ഇതിനെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. പരിസ്ഥിതി പ്രവർത്തകനായ കെ.എ. വർഗ്ഗീസിന്റെ ശ്രമഫലമായാണ് കുറച്ചെങ്കിലും ഭൂമി പൂർവ്വ സ്ഥിതിയിലാക്കാനുള്ള ഉത്തരവ് നേടാൻ കഴിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ സ്വത്ത് സമാഹരണത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തുന്ന  ബിജെപി, ബിഷപ്പ് കെ.പി. യോഹന്നാന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ച് മിണ്ടാട്ടമില്ല. മിണ്ടുന്നവർക്കെല്ലാം യോഹന്നാന്റെ ശിങ്കിടികൾ പണം നൽകി വാമൂടിക്കെട്ടുകയാണ് പതിവ്. അതാണ് തിരുവല്ലയിലെ രാഷ്ട്രീയക്കാരുടെ മൗനത്തിന് പിന്നിലെ രഹസ്യം.