മുംബൈ: എം.സി.ബി.എസ്. വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പാഞ്ചഗണി 'ബെൽ എയർ ആശുപത്രിയും നേഴ്‌സിങ് കോളേജും' മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ.ദീപക് സാവന്ത് കഴിഞ്ഞ ദിവസമാണ് സന്ദർശിച്ചത്. മുന്നറിയിപ്പില്ലാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം.

മഹാബലേശ്വർ താലൂക്കാശുപത്രിയുടെ ശോചനീയവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാനാണ് ആരോഗ്യമന്ത്രി പ്രദേശത്ത് എത്തിയത്. അതിനുശേഷം നടത്തിയ ബെൽ എയർ സന്ദർശനത്തിനുശേഷം മഹബലേശ്വർ താലൂക്കാശുപത്രി ബെൽ എയറിനെ ഏൽപ്പിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രി ഒരു സർക്കാരിതര സംഘടനയെ ഏൽപ്പിക്കുന്നത് എന്നതിനാൽ അത് മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് വലിയൊരു അംഗീകാരവുമായി മാറിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ മറുനാടൻ മലയാളികളുടെ അഭിമാനമാണ് 'ബെൽ എയർ'. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപനം. 1994 മുതൽ മലയാളി വൈദികരുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല ആശുപത്രിക്കുള്ള 2014ലെ ടൈംസ് ഓഫ് ഇന്ത്യ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനമാണിത്. 2003 ൽ മുൻ രാഷ്ട്രപതി ഡോ.അബ്ദുൽ കലാമും ഇവിടം സന്ദർശിച്ചു. ആശുപത്രിയുടെ മികവിനെ അദ്ദേഹവും അഭിനന്ദിച്ചിരുന്നു.

240 കിടക്കകളുള്ള ഈ ആശുപത്രിയിൽ രോഗികൾക്ക് മരുന്നിന്റെ വിലയും, പരിശോധനാ ഫീസുമൊഴിച്ച്, കിടക്ക, ഭക്ഷണം, ഡോക്ടർ ഫീസ്, നേഴ്‌സിങ് ഫീസ് എന്നിവയെല്ലാം സൗജന്യമാണ്. കേരളത്തിൽ ആശുപത്രികളിൽ ജീവനക്കാർ ശമ്പളക്കാര്യത്തിൽ സമരം ചെയ്യുമ്പോൾ മാതൃകയായി മാറുകയാണ് ഈ സ്ഥാപനം.

രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണം സൗജന്യമായി നൽകുന്നു. പാവപ്പെട്ടവർക്ക് ഇത്രയും സൗജന്യചികിത്സ നൽകുമ്പോഴും സുപ്രീം കോടതി നിർദ്ദേശിച്ച തരത്തിലുള്ള സേവന വേതന വ്യവസ്ഥകൾ വർഷങ്ങളായി നേഴ്‌സുമാർക്ക് നൽകുന്നുവെന്നതിനാൽ ബെൽകെയറിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.

നിരവധി മലയാളികൾ നേഴ്‌സിങ് പഠിക്കുന്ന ബെൽ എയർ കോളേജ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജുകളിലൊന്നണ്. അമേരിക്കൻ സർവ്വകലാശലയുമായി സ്റ്റുഡന്റ്- ഫാക്കൾട്ടി എക്‌സ്‌ചേഞ്ച് നടക്കുന്ന ഇന്ത്യയിലെ ഏക നേഴ്‌സിങ് കോളേജും ബെൽ എയറാണ്. മിക്ക വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതിനാൽ സധാരണക്കാർക്ക് ബെൽ എയർ ഒരു അനുഗ്രഹമാണ്. ഇതാണ് മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ആശുപത്രിക്ക് ഇത്തരമൊരു മേൽക്കൈ നൽകിയതും. സർക്കാർ ആശുപത്രിയുടെ മേൽനോട്ടം മന്ത്രി ബെൽകെയറിനെ ഏൽപ്പിക്കുന്നതും അങ്ങിനെയാണ്.

1914 ൽ പാഞ്ചഗണിയിൽ സ്ഥാപിതമായ ബെൽ എയർ ഭാരതത്തിലെ തന്നെ പേരുകേട്ട ടിബി സാനട്ടോറിയമായിരുന്നു ഇത്. പല കാരണങ്ങളാൽ തകർച്ചയുടെ വക്കിൽ എത്തിയ ബെൽ എയറിനെ 1994 ലാണ് റെഡ് ക്രോസ് എം.സി.ബി.എസ്. സഭയെ ഏൽപ്പിക്കുന്നത്. അന്നുമുതൽ ഫാ. ടോമി കരിയിലക്കുളം എം.സി.ബി.എസ്. ആണ് ബെൽ എയറിന്റെ സാരഥി.