ഷിക്കാഗോ: ബൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ ദുക്‌റാന തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട 'പ്രസുദേന്തി നൈറ്റ്' ഭക്തിനിർഭരമായ വിശുദ്ധ കർമ്മാദികളോടും, പ്രൗഢഗംഭീരമായ കലാപരിപാടികളോടുംകൂടി വർണ്ണാഭമായി നടത്തപ്പെട്ടു.

ജൂലൈ നാലിനു ശനിയാഴ്ച വൈകുന്നേരം 4.30-നു നടന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നും, മറ്റ് പ്രദേശങ്ങളിൽ നിന്നും നിരവധി വൈദീകർ സഹകാർമികരായിരുന്നു.

വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. രൂപതാ ചാൻസിലർ  റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ സന്ദേശം നൽകി. കത്തീഡ്രൽ ഗായകസംഘം കുഞ്ഞുമോൻ ഇല്ലിക്കലിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നിർവഹിച്ചു. ലദീഞ്ഞിനും, നൊവേനയ്ക്കും, നേർച്ചകാഴ്ച സമർപ്പണത്തിനും ശേഷം ദേവാലയത്തിനുള്ളിലെ ചടങ്ങുകൾ സമാപിച്ചു.



തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 'കൃപാഞ്ജലി -2015' എന്ന പേരിൽ നയനമനോഹരങ്ങളായ വിവിധ കലാപരിപാടികളും, സമ്മേളനവും നടന്നു. മാർ ജേക്കബ് അങ്ങാടിയത്ത് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. മോഹൻ സെബാസ്റ്റ്യൻ, സിമി ജെസ്റ്റോ മണവാളൻ, ജൂബി വള്ളിക്കളം എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. റോയി മൂലേച്ചാലിൽ, പ്രസുദേന്തി വാർഡ് പ്രതിനിധികളായ സിബി പാറേക്കാട്ടിൽ, പയസ് ഒറ്റപ്ലാക്കൽ, ലൗലി വിൽസൺ, റ്റീന മത്തായി, വിവിധ കോർഡിനേറ്റർമാർ, കൈക്കാരന്മാരായ പോൾ പുളിക്കൻ, മനീഷ് ജോസഫ്, ആന്റണി ഫ്രാൻസീസ്, ഷാബു മാത്യു, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ തിരുനാളിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി. ജോസ് കടവിലിന്റെ നേതൃത്വത്തിലുള്ള അൾത്താര ശുശ്രൂഷികളുടെ സേവനവും പ്രത്യേകം സ്മരണീയമാണ്.