ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയോടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്‌സ് പ്രഖ്യാപിച്ചത്.

മൂന്ന് ഫോർമാറ്റിലും തുടരുക അസാധ്യമായിരിക്കുമെന്ന് ഈ വർഷമാദ്യം സ്റ്റോക്‌സ് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി 20 ക്രിക്കറ്റിലും മാത്രമാകും ഇനി തന്റെ പൂർണ ശ്രദ്ധയെന്ന് വിരമിക്കൽ സന്ദേശത്തിൽ സ്റ്റോക്‌സ് പറഞ്ഞു. ഏകദിനങ്ങളിൽ തുടർന്നാലും 100 ശതമാനവും നൽകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷമകരമായ ഈ തീരുമാനത്തിലെത്തിയതെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.

2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ നിന്ന് ഒരു മാസത്തിനിടെ വിരമിക്കൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ താരമാണ് സ്റ്റോക്‌സ്. കഴിഞ്ഞ മാസം ലോകകപ്പ് ടീമിന്റെ നായകനായിരുന്ന ഓയിൻ മോർഗനും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 104 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളാണ് ബെൻ സ്റ്റോക്‌സ് കളിച്ചിട്ടുള്ളത്. തീരുമാനം വേദനയുണ്ടാക്കുന്നതാണ്. എന്നാൽ, ഏകദിനത്തിൽ ടീമിന് 100 ശതമാനം സംഭാവന നൽകാൻ ഇനി തനിക്ക് കഴിയില്ല എന്ന് തീർച്ചയായതോടെയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോർഡ്‌സിൽ നടന്ന 2019 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായിരുന്നു ബെൻ സ്റ്റോക്‌സ്. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് അദ്ദേഹം ഏകദിനത്തിൽ നിന്നും വിരമിക്കുന്നത്. 2011ൽ അയർലൻഡിനെതിരെ ആയിരുന്നു സ്റ്റോക്‌സിന്റെ ഏകദിന അരങ്ങേറ്റം.

104 ഏകദിനങ്ങളിൽ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്‌സ് 39.45 ശരാശരിയിൽ 2919 റൺസ് നേടി. മൂന്ന് സെഞ്ചുറികളും 21 അർധസെഞ്ചുറികളും ഏകദിനങ്ങളിൽ സ്റ്റോക്‌സിന്റെ പേരിലുണ്ട്. ഓൾ റൗണ്ടർ കൂടിയായ സ്റ്റോക്‌സ് ഏകദിനങ്ങളിൽ 74 വിക്കറ്റും സ്വന്തമാക്കി. 61 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതിൽ സ്റ്റോക്‌സ് നിർണായക പങ്കുവഹിച്ചു. രണ്ടാം റൺ ഓടുന്നതിനിടെ സ്റ്റോക്‌സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്ന പന്തിലാണ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് മത്സരം ടൈ ആക്കിയത്. പിന്നീട് സൂപ്പർ ഓവറിലും മത്സരം ടൈ ആയപ്പോൾ കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യമായി ലോക ചാമ്പ്യന്മാരാവുകയായിരുന്നു.

അടുത്തിടെ ജോ റൂട്ടിന് പകരം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനായി സ്റ്റോക്‌സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ക്യാപ്റ്റനായി അരങ്ങേറിയ സ്റ്റോക്‌സ് മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി. പിന്നീട് ഇന്ത്യക്കെതിരെ നടന്ന ഏക ടെസ്റ്റിലും ജയിച്ച് പരമ്പര സമനിലയിലാക്കി.