- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ കോവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണം; ലോക്കൽ ട്രെയിനുകൾ തത്കാലത്തേക്ക് നിർത്തി; സംസ്ഥാനത്തേക്ക് പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മമത സർക്കാർ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തത്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിറുത്തിവെക്കും. വിമാനത്താവള അധികൃതരോട് ക്വാറന്റീൻ സൗകര്യം വിപുലപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമ്പൂർണ്ണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. അടിയന്തരവും അത്യാവശ്യവുമായ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.
സർക്കാർ-സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കടകൾക്ക് രാവിലെ ഏഴ് മുതൽ പത്തു വരെയും വൈകീട്ട് അഞ്ചു മുതൽ ഏഴ് വരെയും പ്രവർത്തിക്കാം. ജൂവലറികൾക്ക് ഉച്ചമുതൽ വൈകീട്ട് മൂന്ന് വരെയാണ് പ്രവർത്തിക്കാൻ അനുമതിയെന്നും ബംഗാൾ സർക്കാർ അറിയിച്ചു.
തിരഞ്ഞെടുപ്പ് വേളയിൽ കോവിഡ് കേസുകളുടെ വ്യാപനമുണ്ടായ സാഹചര്യത്തിൽ മഹാമാരി നിയന്ത്രണമായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് മമതാ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ സംബന്ധിച്ചും വാക്സിൻ സ്ഥിതിഗതികളെക്കുറിച്ചും പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയതായി മമത സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ്, ഓക്സിജൻ, വാക്സിനേഷൻ തുടങ്ങിയവയിൽ സുതാര്യമായ നയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
വിമാനങ്ങളിലും ട്രെയിനുകളിലും അന്തർസംസ്ഥാന ബസുകളിലും വരുന്ന യാത്രക്കാർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹികവും രാഷ്ട്രീയവുമായ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രത്യേക അനുമതികളോടെ ചില സാമൂഹിക കൂടിച്ചേരലുകൾക്ക് അനുമതിയുണ്ട്. ഇതിൽ എണ്ണം നിയന്ത്രിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്