സി.പി.എം ഭരിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് മമത ബാനർജി അധികാരത്തിൽവന്നപ്പോഴും ബംഗാൾ ഉയർത്തിപ്പിടിച്ചത് അതിന്റെ മതേതര മുഖമാണ്. എന്നാൽ, അനുദിനം അത് നഷ്ടപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപി. കൈവരിക്കുന്ന വളർച്ചയ്ക്കനുസരിച്ച് സമൂഹത്തിൽ ഹിന്ദുത്വ വാദത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുകയാണ്.

എല്ലാ മതവിഭാഗത്തിലും പെട്ടെവരൊന്നിച്ച് കാളിപൂജ നടത്തിയിരുന്ന നാടാണ് കൊൽക്കത്ത. കാളിഘട്ടിലും പരിസരങ്ങളിലുമായി ആഘോഷങ്ങൾ നടന്നിരുന്നു. കാളിക്ക് മതേതരമായ മുഖമുണ്ടായിരുന്നെങ്കിൽ, ബംഗാളിലിപ്പോൾ രാമനാണ് ഉദിച്ചുയർന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ മറ്റു പല നാടുകളിലും രാമന് വലിയ പ്രാധാന്യമുണ്ടെങ്കിലും ബംഗാളിൽ അങ്ങനെയായിരുന്നില്ല.

പക്ഷേ, ഇപ്പോൾ രാമൻ ബംഗാളികളുടെ മനസ്സിലേക്കും കുടിയേറിയിക്കുകയാണ്. രാമൻ ജനിച്ചത് അയോധ്യയിലല്ല, കവിയുടെ മനസ്സിലാണെന്ന് എഴുതിയ രവീന്ദ്രനാഥ ടാഗോറിന്റെ നാട്ടിൽ രാമനവമിയും ഹനുമാൻ ജയന്തിയും വലിയ ആഘോഷങ്ങളാകുന്നു. വിശ്വാസത്തിലെ മാറ്റത്തെക്കാൾ ബംഗാളിന് അതിന്റെ മതേതര മുഖം നഷ്ടമാകുന്നതിന്റെ സൂചനയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.

ഉത്തർപ്രദേശിൽ ബിജെപി കൈവരിച്ച അഭൂതപൂർവമായ വിജയത്തിന് പിന്നാലെയാണ് ബംഗാളിലും ഇത്തരം ആചാരങ്ങൾക്ക് വൻതോതിലുള്ള പ്രചാരമുണ്ടായതെന്നത് ശ്രദ്ധേയമാണ്. 1992-ലെ ബാബറി മസ്ജിദ് തകർക്കലിനുശേഷം ചെറിയ തോതിലുള്ള ഹിന്ദുത്വ വാദം കൊൽക്കത്തയിൽ ഉയർന്നിരുന്നുവെങ്കിലും അതിത്രത്തോളം പ്രബലമായിരുന്നില്ല. വിദ്യാസമ്പന്നരായ മധ്യവർഗത്തിൽ മാത്രമാിരുന്നു അന്ന് അതിന് ചലനമുണ്ടാക്കാനായത്.

തൃണമൂൽ സർക്കാരിന്റെ ചില കടുംപിടിത്തങ്ങളും രാമനോടുള്ള ചായ്‌വ് കൂട്ടാനിടയാക്കിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മഴവില്ലിന് ബംഗാളിൽ രാംധനു എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, തൃണമൂൽ സർക്കാർ മൂന്നാം ക്ലാസ്സിലെ പാഠപുസ്തകങ്ങളിൽനിന്ന് രാംധനുവിന് റോങ്‌ധോനു എന്ന് തിരുത്ത് വരുത്തി. ഇത് ഹിന്ദുവികാരം ആളിക്കത്തിക്കാനിടയാക്കി.

അടുത്തിടെനടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെയും കോൺഗ്രസ്സിനെയും പിന്തള്ളി ബിജെപി ബംഗാളിൽ രണ്ടാംസ്ഥാനത്തേക്കുയർന്നത് വലിയ സൂചനയാണ് നൽകുന്നത്. യുപിയെപ്പോലെ ബംഗാളും കാവിയണിയുന്ന കാലം അതിവിദൂരമല്ലെന്ന മുന്നറിയിപ്പുകൂടി ഈ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.

യുവാക്കളെ ആകർഷിക്കാൻ കഴിയാതെ ഇടതുപക്ഷം തകർന്നതാണ് ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. സിപിഎമ്മിനെയും കോൺഗ്രസിനെയും തൃണമൂലിനെയും കണ്ടതുപോലെ, മോദിക്ക് എന്തുചെയ്യാൻ കഴിയുമെന്നതുകൂടി അറിയട്ടെ എന്നാണ് ഇതേക്കുറിച്ച് ബംഗാൾ യുവത്വത്തിന്റെ പ്രതികരണം.