കൊൽക്കത്ത: 1000, 500 നോട്ടുകൾ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് ഒരു കോടി രൂപ ബിജെപിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത് വിവാദമാകുന്നു. ബിജെപിയുടെ ബംഗാൾ ഘടകത്തിനെതിരെയാണ് ആരോപണം.

നവംബർ എട്ടിനു രാത്രിയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനമുണ്ടായത്. ഇതേ ദിവസമാണു ബിജെപിയുടെ ബംഗാൾ യൂണിറ്റിന്റെ അക്കൗണ്ടിലേക്കു ചിത്തരഞ്ജൻ അവന്യുവിലെ ബാങ്ക് ശാഖയിൽ പണമിട്ടതെന്നു സിപിഐ(എം) ബംഗാളി മുഖപത്രം ഗണശക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അതായത് നോട്ട് പിൻവലിക്കൽ മോദി വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്നാണ് സിപിഐ(എം) ആക്ഷേപിക്കുന്നത്.

60 ലക്ഷത്തിന്റെ 1000 രൂപ നോട്ടുകളും 40 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളായിരുന്നുവെന്നും ലേഖനം അവകാശപ്പെടുന്നു. വലിയ നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നേരത്തേ ബിജെപി നേതാക്കൾ അറിഞ്ഞിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും സിപിഐ(എം) പറയുന്നു. എന്നാൽ, ബിജെപി ഇടപാടുകളിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നു ബിജെപി ബംഗാൾ പ്രസിഡന്റ് ദിലിപ് ഘോഷ് പറഞ്ഞു.

നിക്ഷേപിച്ച പണം കണക്കുള്ളതാണെന്നും ഇത് ഉപതിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. 19ന് ആണു ബംഗാളിലെ രണ്ടു പാർലമെന്റ് മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ്.