പശ്ചിമബംഗാൾ: ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി ഇൻഡക്‌സിലെ സംസ്ഥാനങ്ങളുടെ പട്ടികയിൽ പശ്ചിമബംഗാൾ ഒന്നാമതെത്തിയ സാഹചര്യത്തിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പിനും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി. വലിയ വാർത്ത എന്ന് കുറിപ്പോടെയാണ് ട്വിറ്ററിൽ മമത ബാനർജി ഈ നേട്ടത്തിന്റെ മാധ്യമവാർത്തക്കൊപ്പം ട്വീറ്റ് ചെയ്തത്.

പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം വലിയ സന്തോേഷ വാർത്തയാണിത്. ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി ഇൻഡക്‌സിൽ മറ്റ് വലിയ സംസ്ഥാനങ്ങൾക്കിടയിലും ഒന്നാമതെത്താൻ പശ്ചിമബംഗാളിന് സാധിച്ചു. ഈ മികച്ച നേട്ടത്തിന് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. മമത ട്വീറ്റിൽ കുറിച്ചു.

10 വയസ്സിന് താഴെയുള്ള കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് പശ്ചിമബംഗാൾ മുന്നിലെത്തിയിരിക്കുന്നത്. ബീഹാർ ഏറ്റവും താഴെയാണ്. നാലുവിഭാഗങ്ങളിലായിട്ടാണ് സംസ്ഥാനങ്ങളെ വിഭജിച്ചിരിക്കുന്നത്. വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ എന്നിങ്ങനെ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റെറ്റീവ്‌നെസ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.