ന്യൂഡൽഹി: ബംഗാളിൽ കോൺഗ്രസുമായുള്ള പരോക്ഷ സഖ്യം സിപിഐ(എം) ഉപേക്ഷിക്കും. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കോൺഗ്രസ് ചതിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിൽ സിപിഐ(എം) അധികാരത്തിലെത്തിയെങ്കിലും ബംഗാളിലെ നിറംകെട്ട പ്രകടനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. കോൺഗ്രസ് വിരുദ്ധതാണ് സിപിഐ(എം) എടുക്കേണ്ടതെന്ന കേരളത്തിലെ നേതാക്കളുടെ അഭിപ്രായം തള്ളിയാണ് ബംഗാളിൽ കൂട്ടുകെട്ടുണ്ടാക്കിയത്. എന്നാൽ നഷ്ടക്കച്ചവടമായി ഈ സഖ്യം.

ബാഗളിലെ സിപിഐ(എം) നേതൃത്വമാണ് കോൺഗ്രസുമായുള്ള സഖ്യത്തിന് മുന്നിൽ നിന്നത്. കേരളം ശക്തമായി എതിർത്തു. ഇതോടെ സഖ്യത്തെ പ്രാദേശിക സഹകരണമെന്ന വാദത്തിലേക്ക മാറ്റി. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നിഷ്ടം സിപിഎമ്മിനും. ബംഗാളിൽ കോൺഗ്രസ്-സിപിഐ(എം) സഖ്യത്തിന്റെ ഫലമായി കോൺഗ്രസിനു സിപിഐ(എം) വോട്ടുകൾ ലഭിച്ചു, എന്നാ!ൽ തിരിച്ച് സിപിഎമ്മിനു കോൺഗ്രസ് വോട്ടുകൾ ലഭിച്ചതുമില്ല. ബിജെപിയുടെ വോട്ടുകളി!ൽ ഇടിവുണ്ടായി അതു തൃണമൂലിനു ലഭിക്കുകയും ചെയ്തതോടെ മമത തരംഗമായി. മമത മുഖ്യമന്ത്രിയായി വീണ്ടുമെത്തുന്നു. സിപിഎമ്മുമായുള്ള സഖ്യത്തിലൂടെ കോൺഗ്രസിന് രണ്ട് സീറ്റ് കൂടി. എന്നാൽ സിപിഎമ്മിന് 15 സീറ്റ് കുറഞ്ഞു.

ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും വേദി പങ്കിട്ടിരുന്നു. ഇത് കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കുകയും ചെയ്തു. ഏറെ പാടുപെട്ടാണ് ഈ കൂട്ടുകെട്ടിനെ കേരളത്തിൽ പ്രതിരോധിച്ചത്. കേരളത്തിൽ ഗുസ്തി ഗുജറാത്തിൽ ദോസ്തിയെന്നായിരുന്നു ഇതിനെ കുറിച്ച് പ്രധാനമന്ത്രി മോദിയുടെ വിമർശനം. ഫലം വരുമ്പോൾ കൂട്ടുകെട്ട് ദോഷം ചെയ്‌തെന്ന് സിപിഐ(എം) തന്നെ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെയാണ് ഉടൻ സഖ്യത്തിൽ നിന്ന് പിന്മാറുന്നത്.

2011ൽ 184 സീറ്റ് ലഭിച്ച ടിഎംസിക്ക് ഇക്കുറി 15-20 സീറ്റ് കുറഞ്ഞേക്കാമെന്നല്ലാതെ പരാജയം ആരും പ്രതീക്ഷിച്ചില്ല. പക്ഷേ ടിഎംസിക്ക് 211 സീറ്റ് ലഭിക്കുന്നതാണു കണ്ടത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോൾ കോൺഗ്രസ് സഖ്യം ഉണ്ടായിട്ടും സിപിഎമ്മിന് 3% വോട്ട് കുറയുകയായിരുന്നു. നേരത്തേ 29 ശതമാനത്തോളം ആയിരുന്നത് 26 ശതമാനത്തോളമായി. കോൺഗ്രസിനാകട്ടെ 1% വോട്ട് കൂടി. 2014ൽ 11%, ഇപ്പോൾ 12%. ഫലം കോൺഗ്രസിനു സീറ്റുകൾ 42ൽ നിന്ന് 44 ആയപ്പോൾ സിപിഎമ്മിനു 40ൽ നിന്ന് 26 ആയി കുറഞ്ഞു. കോൺഗ്രസ് വോട്ടുകൾ ഒരിക്കലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ പതിയില്ലെന്നും അവ പഴയ കോൺഗ്രസുകാരുടെ തന്നെ പാർട്ടിയായ തൃണമൂലിനു പോയി എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കോൺഗ്രസുമായുള്ള സഖ്യം സിപിഐ(എം) ഉപേക്ഷിക്കുന്നത്. ഇനി ഇത്തരം കൂട്ടുകെട്ടുകൾ സിപിഐ(എം) ഒരിടത്തും ഉണ്ടാക്കില്ല.

എന്നാൽ മമതയെ തോൽപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സിപിഐ(എം) വോട്ടും ചെയ്തു. പാർട്ടി സെക്രട്ടറി സൂർജ്യകാന്ത മിശ്രപോലും നാരായൺഗഢ് മണ്ഡലത്തിൽ പരാജയപ്പെട്ടത് ഇതിന്റെ ഭാഗമാണ്. ബിജെപിയുടെ വോട്ട് 14 ശതമാനത്തിൽനിന്നു 12% ആയി കുറഞ്ഞപ്പോൾ ആ 2% കൂടി തൃണമൂലിനു കിട്ടിയതായി കണക്കാക്കുന്നു. തൃണമൂലിന്റെ വോട്ട് 2014ലെ 39 ശതമാനത്തിൽനിന്നു 45% ആയി ഉയർന്നു. ഈ സാഹചര്യത്തിൽ ബംഗാളിൽ തിരിച്ചുവരവിന് പാർട്ടി സംഘടനാ സംവിധാനം കെട്ടിപെടുക്കാനാണ് സിപിഐ(എം) തീരുമാനം. കോൺഗ്രസിന് സീറ്റുയർത്താൻ വേണ്ടി മാത്രമായി പോയി കൂട്ടുകെട്ടാണ് എന്നാണ് തിരിച്ചറിവ്. പ്രതിപക്ഷ നേതാവായും കോൺഗ്രസുകാരൻ ബംഗാൾ നിയമസഭയിലെത്തും.

അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ പരാജയമാണ് ബംഗാളിൽ ഉണ്ടായത്. ജനാധിപത്യ വിരുദ്ധവും ധാർഷ്ട്യം നിറഞ്ഞതുമായ തൃണമൂൽ കോൺഗ്രസിന്റെ നയങ്ങൾക്കെതിരെ നല്ല പരിശ്രമം നടത്തിയെങ്കിലും നേട്ടമുണ്ടാക്കാൻ ഇടതുപക്ഷത്തിനായില്ല. വലിയ ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസിനുണ്ടായിരിക്കുന്ന വിജയം ആശാസ്യമല്ലെന്നും സിപിഐ(എം) കണക്കുകൂട്ടുന്നു. ഈ കൂട്ടുകെട്ടിന് പ്രകാശ് കാരാട്ടും കൂട്ടരും എതിരായിരുന്നു. സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകരിച്ചത് സിതാറാം യെച്ചൂരിയുടെ ഇടപെടൽ കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടി ബാധിക്കുന്നത് യെച്ചൂരിയുടെ തന്ത്രശാലിയെന്ന മുഖത്തെയാണ്.

ബംഗാളിൽ പൊതുശത്രുവിനെതിരേ സംയുക്ത പോരാട്ടം എന്ന പഴയ ബദ്ധവൈരിയായ സിപിഎമ്മിന്റെ ആശയത്തിനു കൂട്ടുനിന്നെങ്കിലും കോൺഗ്രസ് പ്രവർത്തകർ ഇടതുമുന്നണിയെ ചതിച്ചെന്നു വിലയിരുത്തൽ. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്യുന്നതിൽ സിപിഎമ്മിന്റെ അണികൾ യാതൊരു മടിയും കാട്ടിയില്ലെങ്കിലും കോൺഗ്രസുകാർ ഇടതു സ്ഥാനാർത്ഥികളുടെ കൈപിടിച്ചില്ലെന്നാണു വിശകലനം. കോൺഗ്രസിനു ശക്തിയുള്ള വടക്കൻ ബംഗാൾ മേഖലയിലെ തെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടിൽ സിപിഐ(എം) എത്തുന്നത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ മൽസരിച്ച തൃണമൂലിന് 184 സീറ്റും കോൺഗ്രസിന് 41 സീറ്റും ലഭിച്ചു. അന്നു തനിയെ മൽസരിച്ച ഇടതുമുന്നണിക്ക് 62 സീറ്റുണ്ടായിരുന്നു. അതിൽ സിപിഎമ്മിന്റേതു 40 സീറ്റ്. ഇക്കുറി പഴയ ശത്രുക്കൾ ഒന്നിച്ച് എതിർത്തപ്പോൾ 294 അംഗ നിയമസഭയിൽ മമതയുടെ തൃണമൂൽ തനിച്ച് 211 സീറ്റ് നേടി. കഴിഞ്ഞ തവണത്തേക്കാൾ 29 സീറ്റ് അധികം. പ്രതിപക്ഷ സഖ്യത്തിനു കിട്ടിയതിന്റെ (75 സീറ്റ്) ഏകദേശം മൂന്നിരട്ടി. സിപിഎമ്മിനു വെറും 26. ആർ.എസ്‌പി. മൂന്നും ഫോർവേഡ് ബ്ലോക്ക് രണ്ടും സിപിഐ. ഒന്നും സീറ്റ് നേടി. കോൺഗ്രസിനു 45, കഴിഞ്ഞ തവണത്തേക്കാൾ നാലു സീറ്റ് കൂടുതൽ.

ബംഗാളിലെ കോൺഗ്രസ് ചങ്ങാത്തം ജനം തള്ളിയെന്ന് ആർ.എസ്‌പി. സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു. ഇടതുപങ്കാളികളെപ്പോലും ഗൗനിക്കാതെയായിരുന്നു സിപിഎമ്മിന്റെ കോൺഗ്രസ് ആഭിമുഖ്യം, അവർ ചിരകാല സുഹൃത്തുക്കളെ മറന്നുപോയി. ആ സഖ്യം ജനത്തിനു ദഹിച്ചില്ലെന്നു വ്യക്തം ഗോസ്വാമി തുറന്നടിച്ചു. ഈ അഭിപ്രായങ്ങളെല്ലാം വരും ദിനങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ ചർച്ചയായി മാറും.