ബംബോലിം: മത്സരത്തിന്റെ തുടക്കം മുതൽ ആവേശം പടർത്തിയ ബെംഗലൂരു എഫ് സി - എടികെ മോഹൻബഗാൻ പോരാട്ടം ഒടുവിൽ സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ചതോടെ ഐഎസ്എല്ലിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയായത്. ഒടുവിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

ക്ലെയ്റ്റൺ സിൽവയും ഡാനിഷ് ഫാറൂഖും പ്രിൻസ് ഇബ്രയും ബെംഗലൂരുവിനായി സ്‌കോർ ചെയ്തപ്പോൾ സുഭാശിഷ് ബോസും ഹ്യൂഗോ ബോമസും റോയ് കൃഷ്ണയുമായിരുന്നു എടികെക്കായി വല കുലുക്കിയത്. സമനിലയോടെ എടികെ മോഹൻ ബഗാൻ ആറ് കളികളിൽ എട്ടു പോയന്റുമായി ആറാം സ്ഥാനത്തും ബെംഗലുരു ഒമ്പതാം സ്ഥാനത്തും തുടരുന്നു.

ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് തുല്യത പാലിച്ചു. കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്‌ബോളുമായി ഇരു ടീമുകളം കളം പിടിച്ചതോടെ മത്സരം ആവേശകരമായി. എട്ടാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗലൂരുവിനായി ആദ്യ അവസരം സൃഷ്ടിച്ചെങ്കിലും എടികെ അപകടം ഒഴിവാക്കി.

പതിമൂന്നാം മിനിറ്റിൽ കോർണറിൽ നിന്ന് സുഭാശിഷ് എടികെയെ മുന്നിലെത്തിച്ചെങ്കിലും ആഹ്ലാദത്തിന് അധികം ആയസുണ്ടായില്ല. ക്ലെയ്റ്റൺ സിൽവയെ ലിസ്റ്റൺ കൊളോക്കോ ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി ക്ലെയ്റ്റൺ തന്നെ ഗോളാക്കിയതോടെ കളി സമനിലയിലായി. അധികം വൈകാതെ ഫാറൂഖിലൂടെ ബെംഗലൂരു ലിഡെടുക്കുകയും ചെയ്തു. കോർണറിൽ നിന്നായിരുന്നു ഇത്തവണയും ഗോൾ വന്നത്. ലീഡെടുത്തതോടെ ബെംഗലൂരു കൂടുതൽ പന്തടക്കം കാട്ടിയെങ്കിലും 10 മിനിറ്റിനകം സമനില വീണ്ടെടുത്ത് ഹ്യൂഗോ ബോമസ് എടികെയെ ഒപ്പമെത്തിച്ചു. റോയ് കൃഷ്ണയുടെ പാസിൽ നിന്നായിരുന്നു ബോമസിന്റെ ഗോൾ.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പിരിഞ്ഞ ഇരു ടീമും രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോൾ തുടർന്നു. 57-ാം മിനിറ്റിൽ റോയ് കൃഷ്ണയെ പ്രിൻസ് ഇബ്ര പെനൽറ്റി ബോക്‌സിൽ വീഴ്‌ത്തിയതിന് എടികെക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല. എടികെ വീണ്ടും മുന്നിലെത്തിയതോടെ ബെംഗലൂരു സമനില ഗോളിനായി ആക്രമണം കനപ്പിച്ചു.

റോയ് കൃഷ്ണയെ വീഴ്‌ത്തി വില്ലനായ പ്രിൻ ഇബ്ര തന്നെ അവരുടെ നായകനുമായി. 72-ാാം മിനിറ്റിൽ കോർണറിൽ നിന്നായിരുന്നു ഇബ്ര ഹെഡ്ഡറിലൂടെ ബെംഗലൂരുവിന് സമനില സമ്മാനിച്ചത്. അവസാന നിമിഷം വിജയഗോളിനായി ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ വീഴാതെ പ്രതിരോധനിരകൾ പിടിച്ചു നിന്നു.