ബെംഗളൂരു: ഐഎസ്എൽ നാലാം സീസൺ ഫൈനലിൽ ചെന്നൈയിൻ എഫ്‌സിയോട് തോറ്റതിന്റെ പക അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വീട്ടി ബെംഗളൂരു എഫ്‌സി. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യപകുതിയിൽ വെനസ്വേല താരം മിക്കു നേടിയ ഗോളാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. 41ാം മിനിറ്റിലായിരുന്നു മിക്കുവിന്റെ ഗോൾ.

കളിയിൽ മേധാവിത്തം പുലർത്തിയെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്നതിൽ കാട്ടിയ അലംഭാവമാണ് ചെന്നൈയിനെ തിരിച്ചടിച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബെംഗളൂരുവിനേക്കാൾ മികച്ചുനിന്നത് ചെന്നൈയിനായിരുന്നു. അതേസമയം, മിക്കു ഛേത്രി സഖ്യത്തിന്റെ മികവിൽ മുന്നേറ്റത്തിൽ പുലർത്തിയ കൃത്യതയാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്.

മധ്യനിരയിൽ ഇരുടീമുകളും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്തു കിട്ടിയ സിസ്‌കോ അതുനേരെ മിക്കുവിന് നീട്ടി. ചെന്നൈ പ്രതിരോധത്തിലെ കരുത്തൻ മെയിൽസൻ ആൽവ്‌സിനെയും ഗോൾകീപ്പർ കരൺജിത്തിനെയും കാഴ്ചക്കാരനാക്കി മിക്കുവിന്റെ കരുത്തുറ്റ ഷോട്ട്. പന്ത് നേരെ വലയിൽ.