ബംഗളൂരു: അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കുക എന്നത്. ഇതിനായി വിവിധ വിവാഹ വെബ്‌സൈറ്റുകളിൽ പരസ്യം നൽകി കാത്തിരിക്കുന്ന മാതാപിതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് ഒരു മകൾ ആരംഭിച്ച വെബ്‌സൈറ്റ് സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനിയറാണ് വരനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളും തന്റെ ആഗ്രഹങ്ങളുമൊക്കെ വ്യക്തമാകുന്ന തരത്തിൽ ഒരു വെബ്‌സൈറ്റ് നിർമ്മിച്ചത്.

ഇന്ദുജ പിള്ള എന്ന ഇരുപത്തിമൂന്നുകാരിയാണ് marry.indhuja.com എന്ന വെബ്‌സൈറ്റുമായി തന്റെ വരനെ തേടിയിറങ്ങിയത്. ഫെബ്രുവരിയിലാണ് ഇന്ദുജയുടെ മാതാപിതാക്കൾ മുൻനിര വിവാഹവെബ്‌സൈറ്റിൽ മകൾക്കു വരനെത്തേടി പരസ്യം നൽകിയിരുന്നു. ഇതറിഞ്ഞ ഇന്ദുജ തന്റെ വരനുണ്ടായിരിക്കേണ്ട ഗുണങ്ങളും തന്റെ നിലപാടുകളും വ്യക്തമാക്കി സ്വന്തം നിലയിൽ വെബ്‌സൈറ്റ് തയാറാക്കുകയായിരുന്നു.

മൂന്നാഴ്ചയ്ക്കുള്ളിൽ 2,30,000 പേരാണ് വെബ്‌സൈറ്റ് സന്ദർശിച്ചത്. നൂറുകണക്കിന് വിവാഹാഭ്യർഥനകളും ഇന്ദുജയ്ക്കു ലഭിച്ചു. ഇന്ത്യക്കു പുറത്തുള്ളവരും ഇന്ദുജയെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട്.

തന്റെ ആഗ്രഹത്തിനൊത്തുള്ള വരനെ കിട്ടാൻ ഇന്ദുജ സ്വീകരിച്ച മാർഗത്തിനു പിന്തുണയുമായി നിരവധി യുവതികളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം താൽപര്യങ്ങൾ ബലികഴിച്ച് മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയവരെ വിവാഹം ചെയ്തവരും ഇന്ദുജയെ അഭിനന്ദിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. 'വരനെത്തേടി ഒരു സിവി' എന്നാണിപ്പോൾ ഇന്ദുജയുടെ വെബ്‌സൈറ്റ് അറിയപ്പെടുന്നത്.

തനിക്ക് സമൃദ്ധമായി ജീവിക്കാൻ ശമ്പളമുണ്ട്. യാത്രകൾക്കായി കുറച്ച് സമ്പാദ്യം മാറ്റിവച്ചിട്ടുണ്ട്. ബ്ലോഗിംഗും അമച്വേർ ഫോട്ടോഗ്രഫിയും ഹോബികളാണ്. ഹോളിവുഡ് ചിത്രങ്ങൾ, സ്റ്റാർട്ട് അപ്പുകൾ, യാത്ര എന്നിവയിൽ താൽപര്യമെന്നും കരിക്കുലം വിറ്റേ മാതൃകയിൽ തയ്യാറാക്കിയ വെബ്‌സൈറ്റിൽ ഇന്ദുജ പറയുന്നു.

ബാഡ്മിന്റൺ കളിക്കാനും പാട്ടിനോടും നൃത്തത്തോടും താൽപര്യമുള്ള താൻ മദ്യപാനിയല്ല, പുകവലിയോട് വെറുപ്പാണെന്നും ഇന്ദുജ കൂട്ടിച്ചേർക്കുന്നു. കണ്ണട ഉപയോഗിക്കാറുണ്ട്. ടിവിയുടെ ആരാധികയല്ല. എല്ലാവരോടും നന്നായി ഇടപെടുമെങ്കിലും സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹ വസ്തുവാകാൻ താൽപര്യമില്ലെന്നും മുടി നീട്ടി വളർത്തില്ലെന്നും ഇന്ദുജ തുറന്നുപറയുന്നു.

താടി വളർത്തിയ പുരുഷനാണ് മുൻഗണന നൽകുന്നതെന്നും വരനെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ പറയുന്നു. ലോകം കാണാൻ താൽപര്യമുള്ളയാളാകണം. ജോലിയെ സ്‌നേഹിക്കുന്നയാളും ജീവിക്കാൻ പണം സമ്പാദിക്കുന്നയാളും ആകണം. കുടുംബവുമായി അടുത്തബന്ധം പുലർത്തുന്നയാളല്ലെങ്കിൽ നന്ന്. കുട്ടികളെ ഇഷ്ടമില്ലാത്ത ആളിനു മുൻഗണനയെന്നും ഇന്ദുജ വെബ്‌സൈറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.