മുംബൈ: ഒരുപാട് അപഹാസങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിച്ചായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പ്രണയവും ദാമ്പത്യവുമെല്ലാം. ബേണിയുടെ രണ്ടാം ഭാര്യയായിരുന്നു ശ്രീദേവി. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ തന്നെയായിരുന്നു ബേണി ശ്രീദേവിയെ വിവാഹം ചെയ്തത്.

ബോണി കപൂർ നിർമ്മിച്ച മോം ആണ് ശ്രീദേവി അവസാനമായി മുഴുനീള കഥാപാത്രമായി എത്തിയ സിനിമ. കഴിഞ്ഞ ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. മോം ശ്രീദേവിക്ക് താൻ നൽകുന്ന സമ്മാനമാണെന്നാണ് ബോണി കപൂർ അന്ന് വ്യക്തമാക്കിയിരുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബോണി കപൂറിന്റെ ഈ പരാമർശം.

ഞാൻ ഷാജഹാനായിരുന്നെങ്കിൽ ശ്രീദേവിക്കായി ഞാൻ താജ് മഹൽ പണിതേനെ. ഞാൻ ഒരു ചിത്രകാരനായിരുന്നുവെങ്കിൽ അവൾക്കായി മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകിയേനെ. എന്നാൽ ഞാൻ സിനിമയാണ് ചെയ്യുന്നത്. അതിനാൽ അവൾക്കായി നല്ല സിനിമകൾ ഒരുക്കുക എന്നതല്ലാതെ മറ്റൊരു സമ്മാനം എനിക്ക് നൽകാനാവില്ലെന്നായിരുന്നു ബോണി കപൂറിന്റെ വാക്കുകൾ.