കഴിഞ്ഞ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ഒരു ഉല്ലാസ യാത്രയിൽ ആയിരുന്നു. അതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതക വാർത്ത അറിയുന്നത്. പെട്ടെന്ന് ഫേസ്‌ബുക്കിൽ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതിൽ സത്യമായും ഒരു അശ്ലീലമുണ്ട് എന്ന് തോന്നിയതിനാലാണ് അപ്പോൾ ഒന്നും എഴുതാതിരുന്നത്.

നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാർത്തകൾ കേൾക്കുമ്പോഴും നാം ഫേസ്‌ബുക്കിൽ വരുന്നു. പ്രതിഷേധക്കുറിപ്പ് ഇറക്കുന്നു. പിന്നെ അത് മറക്കുന്നു. അക്രമികൾ പക്ഷേ ഉണർന്നിരിക്കുകയാണ്. നമ്മൾ ജനാധിപത്യവാദികൾ കേൾക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ ഓരോരുത്തരുടെയും വാക്കുകൾ ശ്രദ്ധിക്കുകയും അവരുടെ പുതിയ ഉന്നങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ നിങ്ങളിൽ എത്രപേർക്ക് അവരെ അറിയാം എന്ന് അയാൾ പരസ്യമായി നമ്മോടു ചോദിച്ചത്.

നമ്മെക്കാൾ കൂടുതലായി അക്രമികൾ ജനാധിപത്യവാദികളുടെ സ്വാതന്ത്ര്യകാംക്ഷികളുടെയും വാക്കുകൾ ശ്രദ്ധിക്കുന്നു. ഇനി നമുക്കും അവരെ കൂടുതൽ കേൾക്കാം. അവർ വളരെ ന്യൂനപക്ഷമാണെങ്കിൽ കൂടി. നമുക്ക് കുറേക്കൂടി ജാഗ്രതയുള്ളവരാകാം. നമ്മെക്കാൾ മനോഹരമായി സ്വാതന്ത്ര്യത്തെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവരുടെ ശബ്ദങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കാൻ ശ്രദ്ധിക്കാം.

സോഷ്യൽ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും നാം കൂടുതൽ ആഴത്തിൽ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴി. നിശബ്ദരാക്കപ്പെടുന്നവരുടെ വാക്കുകൾ കൂടുതൽ ഉച്ചത്തിൽ നമ്മിലൂടെ മുഴങ്ങട്ടെ. മനുഷ്യരെ ഇല്ലാതാക്കാം. അവരുടെ വാക്കുകൾ നിലനില്ക്കുക തന്നെ ചെയ്യും എന്ന് നമുക്ക് കൊലയാളികളോട് പറയേണ്ടതുണ്ട്.