സൂപ്പർ താരം മോഹൻലാൽ സംവിധായകൻ മേജർ രവിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണെന്നു സാഹിത്യകാരൻ ബെന്യാമിൻ. രാജ്യസ്‌നേഹ ചർച്ചകളുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബെന്യാമിന്റെ അഭിപ്രായപ്രകടനം. പട്ടാളക്കാരുമായി ബന്ധപ്പെട്ട് മോഹൻലാൽ എഴുതിയ ബ്ലോഗും തെറ്റിദ്ധാരണയുടെ ഫലമാണെന്നും ബെന്യാമിൻ പറഞ്ഞു.

പട്ടാളത്തെ ആദരിക്കുന്നതോടൊപ്പം സേനയുടെ അധികാരത്തിന് പരിധി ഉണ്ടാകേണ്ടതുണ്ടെന്നു ബെന്യാമിൻ ചൂണ്ടിക്കാട്ടി. പട്ടാളം ജനാധിപത്യത്തിനു മേൽ ആധിപത്യം സ്ഥാപിച്ച രാഷ്ട്രങ്ങളിൽ എല്ലാം ഭീതിതമായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും രവിവർമ്മ തമ്പുരാന്റെ ശയ്യാനുകമ്പ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം മാദ്ധ്യമങ്ങളോട് ബെന്യാമിൻ പ്രതികരിച്ചു.

രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ വർഗ്ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം ഇന്ന് നടന്നുവരുന്നുണ്ട്. ഭരണകൂട പിന്തുണയോടെയുള്ള വർഗ്ഗീയ ധ്രുവീകരണമാണിത്. അത് അഴിമതിയേക്കാൾ വലിയ ആപത്താണ്. എന്നാൽ ഭൂരിപക്ഷ വർഗ്ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയേയും എതിർക്കണമെന്നും ഇത്തരം ഭിന്നിപ്പുകളുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ബെന്യാമിൻ പറഞ്ഞു. പുരസ്‌കാരങ്ങൾ തിരികെ നൽകിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം ചില വിഷയങ്ങൾ ജനങ്ങളുടെ മുന്നിലേക്കു കൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായിരുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയും പെരുമാൾ മുരുകന്റെ എഴുത്ത് അവസാനിപ്പിച്ചുകൊണ്ടുള്ള നിലപാടും ഇതു പോലെ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. എന്നാൽ പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ മാത്രം പ്രതിഷേധങ്ങൾ അവസാനിക്കാതെ അവയ്ക്ക് തുടർച്ച ഉണ്ടാകേണ്ടതുണ്ട് എന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഇന്ന് ഒത്തു ചേരുന്നത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ്. മനുഷ്യനെന്ന നിലയിൽ ഒത്തുചേരാൻ പൊതു ഇടങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊക്കെ എതിരെയാണ് എഴുത്തുകാരുടെ പ്രതിഷേധങ്ങൾ എന്ന് ബെന്യാമിൻ ചൂണ്ടിക്കാട്ടി. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പക്ഷത്തു നിൽക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആ സാഹചര്യത്തിൽ ബീഫ് ഫെസ്റ്റ് പോലെയുള്ള പരിപാടികൾ നടത്തുന്നതിനെ താൻ ഒരു കാലത്തും പിന്തുണക്കില്ല എന്നും ബെന്യാമിൻ പറഞ്ഞു.