തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തിന്റെ വാർത്തകളാണ് ഇപ്പോൾ നാലുപാടു നിന്നും ഉയരുന്നത്. ഇതിനിടയിലാണ് കന്യാസ്ത്രീമാർക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തിയത്. കത്തോലിക്ക സഭയിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടി എടുക്കാതിരിക്കുകയും പത്തനാപുരത്ത് കന്യാസ്ത്രീ മരിച്ച സംഭവത്തിനും പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് ബെന്യാമിൻ രൂക്ഷ വിമർശനം നടത്തിയത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓർമ്മിക്കുക.

സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവർക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്‌സ് സഭയെക്കൂടി ചേർത്താണ് പറയുന്നത്).