തിരുവനന്തപുരം: 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബെൻസ് ഒരു മാസത്തിനുള്ളിൽ കട്ടപ്പുറത്തായാൽ ഉടമ എന്ത് ചെയ്യും? അതു മാത്രമേ തിരുവനന്തപുരത്തെ ഹോട്ടൽ ഉടമയായ അനിൽകുമാർ അപ്പുക്കുട്ടൻ നായരും ചെയ്തുള്ളൂ. ഏതായാലും ഈ ഹോട്ടലുടമയുടെ പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ഒക്ടോബർ 6നാണ് 80 ലക്ഷം രൂപ വിലമതിക്കുന്ന ജിഎൽഇ 250 മോഡൽ ബെൻസ് കാർ എറണാകുളത്തെ രാജശ്രീ മോട്ടോഴ്‌സിൽ നിന്നും വാങ്ങിയത്. കാർ വാങ്ങിയതിന് ശേഷം ആകെ 745 കാലോമീറ്റർ മാത്രമെ സഞ്ചരിച്ചിട്ടുള്ളു. അതിനുള്ളിൽ ഗിയർബോക്‌സ് കേടായി. ഇതോടെ അനിൽകുമാറിന്റെ കഷ്ടകാലം തുടങ്ങി.

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഗിയർ ബോക്‌സ് കേടായത്. കാറു വാങ്ങി 13 ദിവസമേ ആയിരുന്നുള്ളൂ. തുടർന്ന് തിരുവനന്തപുരത്തെ ബെൻസിന്റെ ഔദ്യോഗിക വർക്‌ഷോപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്നു തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഡീലർമാരായ രാജശ്രീ മോട്ടോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. പക്ഷേ വേണ്ട വിധം അവർ പ്രതികരിച്ചില്ല.

വേണമെങ്കിൽ കേടായ ഗിയർബോക്‌സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു ഡീലറുടെ മറുപടി. ആറുമാസം വരെ വാറണ്ടി നൽകിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളിൽ കേടുപാടുകൾ സംഭവിച്ചപ്പോൾ പൈസ തിരികെ നൽകാനോ അല്ലെങ്കിൽ പുതിയത് നൽകാനോ തയ്യാറായില്ല. ഇതോടെ പ്രതിഷേധത്തിന് അനിൽകുമാർ തയ്യാറായി.

കാറിനു മുകളിൽ റീത്തുകൾ വച്ച് ഷോറൂമിന് മുന്നിൽ കൊണ്ടു വന്നു നിർത്തിയിട്ടിരിക്കുകയാണ്. റോഡ് ടാക്‌സും ഇൻഷുറൻസ് തുകയും അർഹമായ നഷ്ടപരിഹാരവും നൽകി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി അനിൽകുമാർ കൺസ്യൂമർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഫോട്ടോകൾ ഷെയർ ചെയ്താണ് സോഷ്യൽ മീഡിയ ഈ വിവാദത്തെ വൈറലാക്കുന്നത്.