മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിനും വിദ്യാരംഭത്തിനും ഉള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെ നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾ ആണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും ഈ വർഷം  കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതും  മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ്  ജേതാവുമായ   കെ ആർ മീരയാണ്. ഒക്ടോബർ   മൂന്നിന് പുലർച്ചെ നാലര മുതലാണ്  എഴുത്തിനിരുത്തൽ  ചടങ്ങ് നടക്കുന്നത്.

ബഹ്‌റൈൻ കേരളീയ സമാജം നവാരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ 8 മണിക്ക്  സമാജത്തിലെ 100 ഓളം വരുന്ന കുട്ടികൾ അവതരിപ്പിക്കുന്ന 90 മിനുട്ട് നീണ്ടു നിൽക്കുന്ന 'നാട്യ തരംഗിണി ' നയന മനോഹരമായ നൃത്ത നൃത്യങ്ങൾ  ഉണ്ടായിരിക്കും. രണ്ടാം ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ എട്ടിന് ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിക്കുന്ന 'നാദോപാസന ' സംഗീത പരിപാടി അരങ്ങേറുന്നു. മൂന്നാം ദിവസമായ ഒക്ടോബർ മൂന്നിന് കുരുന്നുകൾക്ക് എഴുത്തിനിരുത്തൽ. ഇതുവരെ എഴുത്തിനിരുത്തിനു  പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് പേർ രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ ഫോം സമാജം ഓഫീസിൽ നിന്നോ വെബ് സൈറ്റിൽ നിന്നോ ലഭിക്കും. സമാജം അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാം.

ബഹറിനിലെ എല്ലാവരെയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നവരാത്രി മഹോത്സവത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക്  സമാജം കലാ വിഭാഗം സെക്രട്ടറി ഷാജഹാൻ 39297836, ജോസ് ഫ്രാൻസിസ് 39697600 എന്നിവരെയും  വിദ്യാരംഭം ത്തിലേക്കുള്ള കൂടുതൽ വിവരങ്ങൾക്കു മലയാളം പാഠശാല കൺവീനർ ഹരികൃഷ്ണൻ ബി നായർ   36691405,  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി  പ്രകാശ് ബാബു 39411610എന്നിവരെ  വിളിക്കാവുന്നതാണ്.