ബെർലിൻ: യുഎസിൽ പകർച്ച വ്യാധിയായി മാറിയിരിക്കുന്ന അഞ്ചാം പനി ജർമനിയിലും പിടിമുറുക്കുന്നു. വാക്‌സിനേഷനിലൂടെ പൂർണമായും നിയന്ത്രണവിധേയമാക്കാവുന്ന അഞ്ചാം പനി ബെർലിനിൽ തന്നെ ഒരു മാസത്തിൽ 254 പേർക്ക് ബാധിച്ചതായാണ് റിപ്പോർട്ട്. ഫെഡറൽ അഥോറിറ്റി ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ടാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറിലാണ് അഞ്ചാം പനി പൊട്ടിപ്പുറപ്പെടുന്നത്. ബെർലിനിൽ തന്നെ ഇതുവരെ 375 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം അവസാനത്തോടെ അഞ്ചാം പനി രാജ്യത്തു നിന്ന് തുടച്ചുനീക്കാനുള്ള പരിശ്രമങ്ങൾ നടന്നുവരവേയാണ് പകർച്ച വ്യാധി പോലെ അഞ്ചാം പനി രാജ്യത്ത് ശക്തമായിരിക്കുന്നത്. 2015-ഓടെ അഞ്ചാം പനി തുടച്ചുനീക്കാനുള്ള വേൾഡ് ഹെൽത്ത് ഓർഗനൈഷന്റെ ആഹ്വാനത്തെത്തുടർന്ന് ജർമനിയും അതിനുള്ള നീക്കങ്ങൾ നടത്തിവരുകയായിരുന്നുവെന്നും എന്നാൽ അത് അസാധ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റിയൂട്ട് (ആർകെഐ) വ്യക്തമാക്കുന്നു.

ബെർലിനിൽ ബാധിച്ച 254 അഞ്ചാം പനി കേസുകളിൽ 100 രോഗികളും ആശുപത്രിയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഇതിൽ 90 ശതമാനം പേരും തങ്ങൾ ഒരിക്കലും അഞ്ചാം പനിക്കെതിരേയുള്ള വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ല എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരിൽ പകുതിയോളം പേർ മുതിർന്നവരാണ്. നിലവിൽ വാക്‌സിനേഷൻ റേറ്റ് വളരെ മെല്ലെയാണെന്ന് ആർകെഐ പ്രിവന്റീവ് ഇമ്മ്യൂണൈസേഷൻ ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ അനെറ്റ് സീഡ്‌ലർ പറയുന്നു. അഞ്ചാം പനി ബാധിച്ച് ആയിരത്തിൽ രണ്ടു പേർ എന്ന നിലയിൽ മരണത്തിന് കീഴ്‌പ്പെടാറുണ്ടെന്നും എന്നാൽ ബെർലിനിൽ ഇതുവരെ അഞ്ചാംപനി ബാധിച്ച് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആർകെഐ പറയുന്നു.