ബെർലിൻ: വാടകനിയന്ത്രണം സംബന്ധിച്ച നിയമം പാസാക്കിയ ജർമനിയിൽ അതു നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ബർലിൻ. ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് വാടകനിയന്ത്രണം നടപ്പാക്കിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റു സംസ്ഥാനങ്ങൾ വാടകനിയന്ത്രണം നടപ്പാക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് എപ്പോൾ മുതൽ പ്രാബല്യത്തിലാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് കുതിച്ചുയരുന്ന വാടകനിരക്കിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജർമനിയിൽ വാടകസംബന്ധിച്ച നിയമം കൊണ്ടു വന്നത്. ഓരോ വർഷവും വർപ്പിക്കാവുന്ന വാടകയ്ക്ക് പരിധി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് നിയമം. ഓരോ മേഖലയിലേയും വാടകനിരക്കിനെക്കാൾ ശരാശരി പത്തുശതമാനത്തിലധികം വർധിപ്പിക്കാൻ വീട്ടുടമയ്ക്ക് അധികാരം ഉണ്ടായിരിക്കില്ല.

ജർമൻ പാർലമെന്റിൽ വാടകനിയന്ത്രണം സംബന്ധിച്ച് നിയമം പാസാക്കുന്നതിന് മുമ്പു തന്നെ ബെർലിൻ സംസ്ഥാനം ഇതുസംബന്ധിച്ച പദ്ധതികൾ കൊണ്ടുവന്നിരുന്നു. അതുകൊണ്ടു തന്നെ വാടകനിയന്ത്രണം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിൽ ബെർലിന് കാലതാമസം ഉണ്ടായില്ല.
മറ്റു സംസ്ഥാനങ്ങൾ ഉടൻ തന്നെ വാടകനിയന്ത്രണ നിയമം നടപ്പാക്കാൻ പദ്ധതിയിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് സാക്‌സോണി-ആൻഹാൾട്ട്, സാർലാൻഡ് എന്നിവ വാടകനിയന്ത്രണ നിയമം കണക്കിലെടുക്കാൻ സാധ്യതയില്ല. സാക്‌സോണി- അൻഹാൾട്ടിൽ എട്ടിൽ ഒരു ഫ്‌ലാറ്റ് എന്ന തോതിൽ വൻ റെന്റൽ കമ്പനികളുടേതാണ്. ഇവയാകട്ടെ ഒഴിഞ്ഞു കിടക്കുന്നവയും.