- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു; അന്ത്യം കണ്ണൂർ നാറാത്തെ വീട്ടിൽ; പി. കൃഷ്ണപിള്ളയും ഏ.കെ. ഗോപാലനുമായി ഉറ്റബന്ധം പുലർത്തിയ നേതാവ്; പാർട്ടിയിൽ തിരുത്തൽവാദിയായി ഒരുവിഭാഗത്തിന്റെ കണ്ണിലെ കരടായി; മാധ്യമ പ്രവർത്തകനായും തിളങ്ങിയ നേതാവ്

കണ്ണൂർ: ബാലസംഘം സ്ഥാപക സെക്രട്ടറിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.
1935 ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി. 1939 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തി. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപി എമ്മിനൊപ്പം നിന്നു. 57 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്‌കൂളിൽ നിന്ന് മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1965 ൽ ബ്ലിറ്റ്‌സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ എഴുതി.
ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായരായി. തൊണ്ണൂറു മുതൽ സി.പി. എമ്മിൽ ആളിപ്പടർന്ന വിഭാഗീയതയിൽ വി. എസ് പക്ഷത്തിനൊപ്പം നിലയറുപ്പിച്ച സൈദ്ധാന്തികൻ കൂടിയായിരുന്നു ബർലിൻ. അദ്ദേഹത്തിന്റെ വീട്ടിൽ വി. എസ് വന്നതും പാർട്ടിഅച്ചടക്കനടപടി സ്വീകരിച്ചതും വലിയ വിവാദമായിരുന്നു.
അന്നത്തെ സി. പി. എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരെയും റിവിഷനിസ്റ്റുകളാക്കി ചിത്രീകരിച്ചുകൊണ്ടു മാതൃഭൂമിവാരികയിൽ അദ്ദേഹമെഴുതിയ പൊളിച്ചെഴുത്തെന്ന ആത്മകഥ ഏറെവിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് പാർട്ടിയിൽ വിഭാഗീയത ശമിക്കുകയും പിണറായി വിഭാഗം സർവാധിപത്യം സ്ഥാപിക്കുകയും വി. എസ് ഒതുങ്ങുകയും ചെയ്തതോടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം മനസുമാറ്റുകയായിരുന്നു ബർലിൻ.


