- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പ്രണയവും മരണവും ജനനവും ഇഴചേരുന്ന ജാൻ എ മൻ; പൊലീസുകാർ പൊലീസുകാരെതന്നെ നായാടിയ നായാട്ട്; മാക്‌ബത്തിന്റെ കഥയെ മധ്യ തിരുവിതാംകൂറിലേക്ക് പറിച്ചു നട്ട ജോജി; ലളിത സുന്ദരമായ തിങ്കളാഴ്ച നിശ്ചയം; 2021ലെ പത്തു മികച്ച മലയാള ചിത്രങ്ങളെ അറിയാം; ആദ്യപത്തിൽ ഒരു സൂപ്പർതാര ചിത്രം പോലുമില്ല!
160ലേറെ ചിത്രങ്ങൾ ഇറങ്ങിയ ഒരു വർഷംകൂടി മലയാളത്തിൽ കടന്നുപോവുകയാണ്. ഈ മഹാമാരിക്കാലത്തും മലയാള സിനിമ വളരുക തന്നെയാണെന്ന കൃത്യമായ സൂചന നൽകിയാണ് 2021 പടിയിറങ്ങുന്നത്. വർഷാവസാനം നെറ്റ്ഫ്ളിക്സിൽ ഇറങ്ങിയ മിന്നൽ മുരളി ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് ആഘോഷിക്കപ്പെടുത്ത്. ദൃശ്യം 2, കുറുപ്പ് തുടങ്ങിയ വൻ ഹിറ്റുകളും പോയവർഷം ഉണ്ടായി. വിപണിക്കൊപ്പിച്ച് എടുക്കുന്ന ചിത്രങ്ങളേക്കാൾ കലാമൂല്യമുള്ള എത്ര ചിത്രങ്ങൾ ഈ വർഷം ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം പ്രയാസമാണ്. കാരണം നിലവാരമുള്ളതും പുതുമയുള്ളതുമായ ചിത്രങ്ങളുടെ എണ്ണം, ഒരുകാലത്ത് ദേശീയ അവാർഡുകളൊക്കെ കുത്തകയാക്കിവെച്ചിരുന്ന മലയാളത്തിൽ കുറയുകയാണ്.
കലാമുല്യവും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളുടെ എണ്ണമെടുക്കുമ്പോൾ അതിൽ അദ്യ പത്തിൽ മമ്മൂട്ടിയുടെയോ, മോഹൻലാലിന്റെയോ, ദിലീപിന്റെയോ, ഒരു ചിത്രംപോലുമില്ല. പ്രമുഖതാരങ്ങൾ പിറകോട്ട് അടിച്ചപ്പോൾ, ജാൻ എ മനും, നായാട്ടും, ജോജിയും, തിങ്കളാഴ്ച നിശ്ചയവും പോലുള്ള കൊച്ചു ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനം കവർന്നത്. ചിദംബരവും, മാർട്ടിൻ പ്രക്കാട്ടും, ദിലീഷ് പോത്തനും, റോജിനും, തരുൺമൂർത്തിയും, ടിനു പാപ്പച്ചനും, അടക്കമുള്ള യുവസംവിധാകരാണ്, കലാമുല്യം ആവശ്യമുള്ള മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നത്. 2021ലെ ചില മികച്ച ചിത്രങ്ങളെ പരിചയപ്പെടാം.
1- ജാൻ എ മൻ
2021ൽ കണ്ട ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു ജാൻ എ മൻ എന്ന ലളിത സുന്ദര ചിത്രം. ബാലനടനായി വന്ന് തിളങ്ങി ഇപ്പോൾ യുവതാരമായ ഗണപതിയുടെ സഹോദരൻ ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം, ഒറ്റദിവസം നടക്കുന്ന ബർത്ത്ഡേ ആഘോഷവും, രണ്ടുമരണങ്ങളും, ഒരു ജനനവുമായി വ്യത്യസ്തമായ കഥയും മേക്കിങ്ങുമായി നമ്മെ പിടിച്ച് ഉലയ്ക്കയാണ്.
ഈ പടത്തിന്റെ ഹൈലൈറ്റ് അടുത്തകാലത്തൊന്നും മലയാളത്തിൽ കണ്ടിട്ടില്ലാത്ത ബ്രില്ല്യന്റ് സ്‌ക്രിപ്റ്റിങ്ങാണ്. സംവിധായകൻ ചിദംബരത്തിനൊപ്പം ഗണപതിയും സപ്നേഷ് വരച്ചലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നല്ല തിരക്കഥ തന്നെയാണ് നല്ല സിനിമക്ക് അനിവാര്യമമെന്ന് ഈ കൊച്ചു ചിത്രം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. മിന്നിൽ മുരളിയിലുടെ ഇന്ത്യ മുഴവൻ ശ്രദ്ധിക്കുന്ന സംവിധായകനായി മാറിയ ബേസിലിന് ഒരു നടൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിമിഷമാണ് ഈ ചിത്രം നൽകുന്നത്. അടുത്തകാലത്തായി നല്ല വേഷങ്ങൾ കിട്ടാത്ത ലാലിന്റെ തിരിച്ചുവരവും. ഒപ്പം ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായി ബാലുവർഗീസും. ഒപ്പം സപ്പോർട്ടിങ്ങ് ആക്റ്ററായി ഗണപതിയുമുണ്ട്. അധികം പബ്ലിസ്റ്റിയില്ലാതെ ഇറങ്ങിയ ഈ ചിത്രത്തെ പക്ഷേ പ്രേക്ഷകർ കൈവിട്ടില്ല. ഇപ്പോഴും തീയേറ്ററുകളിൽ ഉള്ള ഈ ചിത്രം ഇതിനകം 15 കോടിയിലധികം രൂപ കളക്റ്റ് ചെയ്തും കഴിഞ്ഞു.
2- നായാട്ട്
പ്രബുദ്ധമെന്ന് നടിക്കുന്ന മലയാളിയുടെ രാഷ്ട്രീയ സദാചാരത്തിനുനേരെയുള്ള ഒരു കാറിത്തുപ്പാണ്, മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്'. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിനുശേഷം ഇത്ര ശക്തമായി രാഷ്ട്രീയം പറയുന്ന ഒരു ചിത്രം വേറെയില്ല എന്ന് പറയാം. പതിഞ്ഞ താളത്തിൽ ഒരു കടുംബ ചിത്രമായി തുടങ്ങി, ഒരു പൊളിറ്റിക്കൽ ത്രില്ലറായി, ഇടക്ക് റോഡ് മൂവിയായി, ഒരു സെക്കൻഡ് പോലും സ്‌ക്രീനിൽനിന്ന് കണ്ണെടുക്കാൻ കഴിയാത്തവിധം മാർട്ടിൻ നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ടുപോവുകയാണ്. ഇത്തരം ചേസിങ്ങ് സിനിമകളിൽ നാം പ്രതീക്ഷിക്കുന്ന പോലെയല്ല, തീർത്തും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. 'ജോസഫിനു'ശേഷം ഷാഫി കബീറിന്റെ ശ്രദ്ധേയമായ രചനയാണിത്. ഈ ചിത്രത്തിൽ സംവിധായകനൊപ്പം അഭിനന്ദിക്കപ്പെടണ്ടേത് ഇത്തരമൊരു വ്യത്യസ്തമായ കഥ കണ്ടെത്തിയ ഷാഫിയെ കൂടിയാണ്.
മൂന്ന് പൊലീസുകാരുടെ കഥ പറഞ്ഞുകൊണ്ട്, കേരളത്തിൽ ഇന്ന് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.പാലീസുകാർ പൊലീസുകാരെ തന്നെ നായാടുന്ന അനുഭവം കാണുമ്പോൾ ഞെട്ടലാണ് ഉണ്ടായത്. ശരിക്കും ഒരു ബൗദ്ധിക വൈദ്യുതാഘാതം തന്നെയായിരുന്നു ഈ ചിത്രം. ഇന്ത്യയുടെ ഓസ്‌ക്കാർ എൻട്രി ഷോർട്ട് ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം, തീയേറ്റുകളിലും വിജയമായിരുന്നു. ജോജു ജോർജിന് അവാർഡിനുള്ള സാധ്യതയും കാണുന്നുണ്ട്.
3- ജോജി
വീണ്ടുമൊരു പോത്തേട്ടൻ ബ്രില്ല്യൻസ്. ഷേക്‌സ്പിയറിന്റെ മാക്‌ബത്തിന്റെ കഥയെ കേരളത്തിലെ ഒരു നസ്രാണി കുടുംബത്തിലേക്ക് പറിച്ച് നടുക. എന്നിട്ട് അതിലൂടെ അധികാരത്തിന്റെയും, അടിമത്വത്തിന്റെയും, ആർത്തിയുടെയും, അക്രമവാസനയുടെയും, പ്രതികാരത്തിന്റെയും ഒക്കെ കഥ അതിസമർഥമായി പറയുക. ഫഹദ് ഫാസിൽ നായകനായ 'ജോജി', ശരിക്കും ഒരു ക്ലാസിക്ക് ആണ്. സംവിധാകൻ ദിലീഷ് പോത്തനെയും, എഴുത്തുകാരൻ ശ്യാം പുഷ്‌ക്കരനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അധികാരത്തിന്റെയും അടിമത്തത്തിന്റെയുമൊക്കെ കഥ ഒരു വീട്ടിലാണെങ്കിലും, രാഷ്ട്രത്തിലാണെങ്കിലുമൊക്കെ ഏതാണ്ട് ഒരുപോലെയാണെന്ന് അടിവരയിടുകയാണ് ഈ ചിത്രവും. ഓരോ സിനിമ കഴിയുമ്പോഴും സ്വയം നവീകരിക്കപ്പെടുന്ന സംവിധാകനാണ് ദിലീഷ്പോത്തനെന്ന് ഈ ചിത്രവും ബോധ്യപ്പെടുത്തുന്നു.
ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് മികവ് തന്നെയാണ് ജോജിയുടെ വിജയത്തിന്റെ അടിസ്ഥാനം. കുമ്പളങ്ങിയിലെ സൈക്കോ ഷമ്മിയെയും ഈ ജോജിയെയും താരതമ്യം ചെയ്താൽ മനസ്സിലാവും, ഫഹദ് എന്ന നടന്റെ അഭിനയ റേഞ്ച്. ഭീരുവായി, ക്രൂരനായി, കുശാഗ്രബുദ്ധിക്കാരനായി, പക്കാ ഫ്രോഡായി, ഒക്കെ അയാൾ നിമിഷങ്ങൾക്കുള്ളിൽ മാറി മറിയുകയാണ്. ശ്യാം പുഷ്‌ക്കരൻ ന്യൂജൻ ലോഹിതദാസായി കണക്കാക്കാം. ബാബുരാജ് അടക്കമുള്ള സപ്പോർട്ടിങ്ങ് താരങ്ങൾക്കും ഈ ചിത്രം വലിയപേരാണ് നൽകിയത്.
4- തിങ്കളാഴ്ച നിശ്ചയം
കഴിഞ്ഞവർഷത്തെ മികച്ച രണ്ടാമത്തെ ചിത്രമായി സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം ഈ വർഷം സോണി ലിവിലുടെ ഒ.ടി.ടി റിലീസ് ആയതോടെയാണ് കേരളത്തിൽ തരംഗമാവുന്നത്. ലളിതം സുന്ദരം.. തിങ്കളാഴ്ച നിശ്ചയത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ചിരിക്കാനും ചിന്തിക്കാനും ഒരു പോലെ വകുപ്പുകൾ നൽകുന്ന ചിത്രം. സെന്ന ഹെഗ്‌ഡേയെന്ന സംവിധായകനെക്കുറിച്ച് ആദ്യം കേൾക്കുന്നത്,അദ്ദേഹത്തിന്റെ ആദ്യ കന്നഡ ചിത്രത്തെക്കുറിച്ച്, സാക്ഷാൽ അനുരാഗ് കാശ്യപ് ട്വീറ്റ് ചെയ്തപ്പോഴാണ്. ഇപ്പോഴിതാ, 95ശതമാനവും പുതുമുഖങ്ങളെ ഉപയോഗിച്ച് ഒരു ഗംഭീരചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെയൊക്കെ ജോണറിൽ തീർത്തും റിയലിസ്റ്റിക്കായിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്.
കിടിലൻ മേക്കിങ്, അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ്, ധാരാളം ചിരി ചിരി മുഹൂർത്തങ്ങൾ, വടക്കൻ ഭാഷയുടെ രസികത്വം..കാഞ്ഞങ്ങാട്ടെ ഒരു വിവാഹ നിശ്ചയ വീട്ടിൽ നിങ്ങളെ കൊണ്ടിരിത്തിയ അതേ ഫീൽ പ്രേക്ഷകന് കിട്ടാൻ സംവിധായകൻ ഏറെ ശ്രമിക്കുന്നുണ്ട്. പക്ഷേ തിങ്കളാഴ്ച നിശ്ചയം ചരിത്രത്തിൽ അടയാളപ്പെടുത്തുക ഭാവിയിൽ മലയാള സിനിമയുടെ നട്ടെല്ല് ആവാൻ സാധ്യതയുള്ള ഒരുപാട് നടന്മാരെ സമ്മാനിച്ചു എന്നുള്ളതുകൊണ്ടാവും. 'കുവൈറ്റ് വിജയൻ' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജിന്റെ പ്രകടനം വേറിട്ടതാണ്.
5 -ഹോം
റോജിൻ തോമസ് എന്ന യുവസംവിധയാകൻ ഇന്ദ്രൻസിനെ നായകനാക്കിയെടുത്ത #ഹോം എന്ന ചിത്രം ശരിക്കും കണ്ണും മനസ്സും നിറയ്ക്കുന്ന അനുഭവമാണ്. സ്മാർട്ട്ഫോൺ ഇന്നത്തെ കുടുംബങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ട്? അതിന്റെ സാധ്യതകൾ എത്രമാത്രം കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്? അതൊക്കെ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാനാകും.
ഹോം ഇത് നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഏത് നേരവും മുങ്ങിത്തപ്പുന്ന കയ്യിലെ സ്മാർട്ട്ഫോൺ മാറ്റി വച്ച് നോക്കിയാൽ നിങ്ങൾക്ക് കാണാം ഒലിവർ ട്വിസ്റ്റിനെയും കുട്ടിയമ്മയെയും ചാൾസിനെയും ആന്റണിയെയുമെല്ലാം. സാങ്കേതികവിദ്യയ്ക്ക് സ്വാധീനമുള്ള കാലത്ത് ജീവിക്കുന്ന മക്കൾക്കിടയിൽ സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന രക്ഷിതാക്കളുള്ള അനേകം വീടുകൾ നമ്മുടെ നാട്ടിലുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗിക്കാനറിയാത്ത, ഫേസ്‌ബുക്കും വാട്സാപ്പും ഇൻസ്റ്റഗാമും എന്തെന്നറിയാത്ത, ഫോണിൽ ഒരു ഫോട്ടോ പോലും എടുക്കാനറിയാത്ത 'വേറെ ഏതോ ലോകത്ത്' ജീവിക്കുന്ന മാതാപിതാക്കൾ. ആ വൈരുധ്യങ്ങളാണ് ഈ ചിത്രം ഹൈലൈറ്റ് ചെയ്യുന്നത്. ശ്രീനാഥ്ഭാസിയുടെയും മഞ്ജുപിള്ളയുടെയും വേറിട്ട അഭിനയവും ചിത്രത്തെ ശ്രദ്ധേയമാക്കി.
6- ഓപ്പറേഷൻ ജാവ
ഇടക്ക് മൊബൈലിൽ നോക്കാൻ പോയിട്ട്, ശ്വാസം വിടാൻ പോലും പ്രേക്ഷകനെ അനുവദിക്കാത്ത രീതിയിലുള്ള ഒരു ത്രില്ലർ എടുക്കാനും മലയാളത്തിൽ ഒടുവിൽ ആളുകൾ ഉണ്ടായി. അതാണ് ഓപ്പറേഷൻ ജാവ എന്ന ചിത്രം. പുതുമുഖ സംവിധായകനായ തരുൺമൂർത്തി മലയാളം കാത്തിരിക്കുന്ന പ്രതിഭയാണ്. ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെയാണ് വലിയൊരു കഥാമണ്ഡലത്തെ ഇയാൾ ചലിപ്പിക്കുന്നത്. ആധുനികകാലത്ത് മാന്വൽ തട്ടിപ്പിനേക്കാൾ കൂടുതൽ സൈബർ തട്ടിപ്പുകളാണ് എവിടെയും. ഈ ആധുനിക അധോലോകത്തിലേക്കാണ് തരുൺ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സൈബർ സെൽ എന്നു കേട്ടുകേൾവി മാത്രമുള്ളവരുണ്ട്, അവിടെ എന്ത് നടക്കുന്നു എങ്ങനെയാണ് കുറ്റവാളികളെ പിടികൂടുന്നത് എന്നതിനെപറ്റി ആർക്കും വലിയ പിടി ഇല്ല. ഓപ്പറേഷൻ ജാവ ആ ഓപ്പറേഷന്റെ കഥയാണ് പറയുന്നത്.
ബാലു വർഗീസും,ലുക്ക്മാനും മുഖ്യവേഷങ്ങളിൽ എത്തിയ ഈ ചിത്രം അതുയർത്തുന്ന സാമൂഹിക പ്രതിബന്ധതകൊണ്ടും ശ്രദ്ധേയമായി. ഇന്ത്യയിലെമ്പാടുമുള്ള കോടിക്കണക്കിന് താൽക്കാലിക ജീവനക്കാർക്ക് സമർപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. എല്ലാ താൽക്കാലിക ജീവനക്കാരും പിൻവാതിലുകാർ ആണെന്ന് വിശ്വസിക്കുന്നവർ ഈ ചിത്രം ഒന്ന് കാണേണ്ടതുതന്നെയാണ്. ജോലിഭാരം മുഴുവൻ പേറുകയും എന്നിട്ടും അതിന്റെ ക്രഡിറ്റ് സ്ഥിരം ജീവനക്കാർക്കും കിട്ടുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഒപ്പം കേരളത്തിലെ കൗമാരക്കാർ അടക്കം പെട്ടുപോകുന്ന സൈബർ ചിലന്തിവലകളെക്കുറിച്ചും.
7- ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ജിയോബേബി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസ് ആയതും ഈ വർഷം ആയിരുന്നു. നീം സ്ട്രീം എന്ന ചെറിയ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ചിത്രം സോഷ്യൽ മീഡിയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്. തുടർന്ന് അത് ടെലിവിഷനിൽ വരികയും, ആമസോൺ പ്രൈം അടക്കമുള്ള വലിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ചിത്രം ഏറ്റെടുക്കുയും ചെയ്തു. മൗത്ത് പബ്ലിസിറ്റി എങ്ങനെയാണ് കൊച്ചു ചിത്രങ്ങൾക്കുപോലും വലിയ വിപണി തരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണം.
ഒരു മധ്യവർഗ്ഗ കുടുംബത്തിനകത്തെ സ്ത്രീയുടെ ജീവിതമാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ചർച്ച ചെയ്യുന്നത്. അടുക്കളയിൽ ഒതുങ്ങുന്ന ഒരു സ്ത്രീ ജീവിതത്തെ യഥാതഥമായി അവതരിപ്പിക്കുകയാണ് ഇവിടെ സിനിമയിൽ ചെയ്യുന്നത്. പ്രധാനമായും മധ്യവർഗ്ഗ മലയാളിയുടെ അഭിമാനബോധം കുടുംബ - തറവാടിത്ത ഘടനയിലധിഷ്ഠിതമാണ്. അതിന്റെ കാവൽക്കാരായി നിൽക്കുന്നത് കുടുംബത്തിനകത്തെ സ്ത്രീകളാണെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഈ ചിത്രം പുരോഗമിക്കുമ്പോഴാണ് അടുക്കളയെന്നത് ഒരു രാവണൻ കോട്ടയായി വളരുന്നത് നാം അറിയുന്നത്.
സയൻസിനു നന്ദി എന്നു പറഞ്ഞു തുടങ്ങുന്ന സിനിമ, മതം നിർമ്മിച്ചെടുത്ത, നിലനിർത്തുന്ന മിത്തുകളെ സയൻസ് കൊണ്ട് നേരിടുന്നു എന്നതാണ് മറ്റൊരു മേന്മ. ആർത്തവത്തെ ചില കുടുംബങ്ങളിലിപ്പോഴും ആചാരപരമായി നേരിടുന്ന രീതിയും ശബരിമല വിഷയത്തെ സംബന്ധിച്ച കോടതി വിധിയുമെല്ലാം കഥാപശ്ചാത്തലമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിനെതിരെ വലിയ സൈബർ ആക്രമണമാണ് സംഘപരിവാർ ക്യാമ്പുകളിൽനിന്ന് ഉണ്ടായത്.
8- കുരുതി
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണുനേരെ പൊങ്കലയുമായി എത്തിയവർ സംഘപരിവാർ അനുഭാവികൾ ആയിരുന്നെങ്കിൽ, സുഡാപ്പികൾ എന്ന് വിളിക്കുന്ന, ഇസ്ലാമിക മതമൗലികവാദികൾക്ക് കുരുപൊട്ടിയ സിനിമയാണ് പൃഥ്വീരാജിന്റെ കുരുതി. മതം ഇടപെടുന്ന വിഷയങ്ങളിൽ സേഫായാണ് നമ്മുടെ സംവിധായകർ പൊതുവേ ചിത്രമെടുക്കാറ്. അതായത് യഥാർഥ മതവിശ്വാസികൾ നിഷ്‌ക്കളങ്കരാണെന്നും, വഴിതെറ്റിപ്പോയ ചിലർ ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും, മതത്തിന്റെ കോർ നന്മയാണെന്നുമൊക്കെയാണ് നമ്മുടെ സിനിമയും മുഖ്യധാരാ സാഹിത്യവുമൊക്കെ ഉദ്ഘോഷിക്കാറുള്ളത്. ഈ സമയത്താണ് ആ ധാരണയെയെല്ലാം തലകുത്തനെ മറിച്ചിട്ട്, മതം തന്നെയാണ് വിദ്വേഷമെന്നും, അന്യനെ വെറുക്കാൻ പഠിപ്പിക്കുന്നത് മതങ്ങൾ തന്നെയാണെന്നും ഉറക്കെ പറഞ്ഞുകൊണ്ട് ഒരു മലയാള ചിത്രം ഇറങ്ങുന്നത്. അതാണ് ആമസോൺ പ്രൈമിൽ റിലീസായ 'കുരുതി'. അനീഷ് പള്ളിയാൽ എഴുതി മനുവാര്യർ സംവിധാനം ചെയ്ത കുരുതി അതിന്റെ രാഷ്ട്രീയ വായനയിൽ ചരിത്രമാണ്.
ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിലാണ് പ്രഥ്വിരാജ് എത്തുന്നത്. ലായിക്ക് എന്ന ഇസ്ലാമിക തീവ്രവാദിയായി. വില്ലനായി വേഷം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഇമേജ് നോക്കാതെയുള്ള തൻേറടവും അഭിനന്ദനം അർഹിക്കുന്നു. മുരളിഗോപി, മാമുക്കോയ തുടങ്ങിയവർ അസാധ്യ അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.എത്രതന്നെ പുരോഗമനം പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എത്തരക്കാരനാണ് എന്നറിയാനുള്ള ഒരു ചിന്താപരീക്ഷണം കൂടിയാണ് ഈ സിനിമ. ഈ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ വെച്ച്, എപ്പോഴെങ്കിലും നിങ്ങൾക്ക് അതിലേ ആരുടെയെങ്കിലും പക്ഷം പിടിക്കാൻ തോന്നിയെങ്കിൽ അത് തന്നെയാണ് നിങ്ങളിലുറങ്ങി കിടക്കുന്ന മതബോധത്തിന്റെ തെളിവ്. ഈ രീതിയിൽ മലയാളി മതാന്ധതയുടെ ലിറ്റ്മസ് ടെസ്റ്റാവുന്നു ഈ ചലച്ചിത്രം.
9- അജഗജാന്തരം
ലിജോ ജോസ് പെല്ലിശ്ശേരി സ്‌കുളിൽനിന്ന് പണി പഠിച്ചുവന്ന ടിനു പാപ്പച്ചൻ ആദ്യ ചിത്രമായ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' ഉണ്ടാക്കിയ സൽപ്പേരിന് ഒട്ടും കോട്ടം തട്ടിക്കാതെയാണ് രണ്ടാമത്തെ ചിത്രമായ അജഗജാന്തരം എടുത്തിട്ടുള്ളത്. കൊട്ടും, പാട്ടും, ചീട്ടുകളിയും, കച്ചവടവും, ആനയും അമ്പാരിയും, ഒപ്പം മുട്ടിന് മുട്ടിന് അടിപിടിയുമുള്ള ഒരു കട്ട ലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കൂർ ചെലവിട്ടതിന്റെ അതേ സംത്രാസമാണ് ചിത്രം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകന് കിട്ടുന്നത്.
നായികയില്ല, കഥാപാത്രങ്ങളുടെ ഡീറ്റെയിലങ്ങ് അധികമില്ല, ഒരു പൂരപ്പറമ്പിലേക്ക് ക്യാമറ അങ്ങോട്ട് അഴിച്ചുവിട്ടിരിക്കയാണ്. തല്ല് എന്നു പറഞ്ഞാൽ അന്തംവിട്ട തല്ലാണ് ചിത്രത്തിൽ. സംഘട്ടനത്തെ ഇത്രയധിയം സൗന്ദര്യത്തോടെ ഒപ്പിയെടുത്ത ചിത്രം വേറെയുണ്ടാവില്ല. കൂട്ടത്തല്ലിനിടെ ആനയിടഞ്ഞ ഉത്സവപ്പറമ്പിൽ രാത്രി അകപ്പെട്ട് പോയ പോലത്തെ അനുഭവം. ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവുമൊക്കെ ഫീൽ ചെയ്യുന്ന അവസ്ഥ.അങ്കമാലി ഡയറീസിൽ പേരെടുത്ത ആന്റണി വർഗീസിന്റെ തീപാറുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷൻ രംഗങ്ങളിൽ ശരിക്കും കൊലകൊല്ലി. വന്യത എന്ന സാധനം കൃത്യമായി വരുന്നുണ്ട് ആ കണ്ണുകളിൽ. ടൈപ്പാവാതെ ശ്രദ്ധയോടെ കഥാപാത്രങ്ങളെ സെലക്്ട്് ചെയ്യുകയാണെങ്കിൽ ഒരു സൂപ്പർ സ്റ്റാർ വളർന്നുവരുന്നതിന്റെ മണമടിക്കുന്നുണ്ട്
സംഘട്ടനത്തിന്റെ സൗന്ദര്യമാണ് ഈ ചിത്രമെന്ന് പറയാം. പീറ്റർ ഹെയിനിനെപ്പോലുള്ളവരുടെ പറന്നുള്ള ഇടിയല്ല, ഒരു ഗ്രാമത്തിലെ നാടൻ തല്ലിന്റെ സൗന്ദര്യാവിഷ്‌ക്കാരമാണ് സംവിധായകനും, ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദറും ചേർന്ന് നിർവഹിച്ചിരക്കുന്നു. കോടികൾ ചെലവിട്ട ഗ്രാഫിക്സ് ഒന്നുമില്ലാത്ത എത്ര വൃത്തിയിലും ഭംഗിയിലുമാണ് ഇവർ ഈ രംഗം എടുത്തിരിക്കുന്നത് എന്നുനോക്കണം.
10 -ഭീമന്റെ വഴി
വഴിപ്രശ്നം എന്നത് മലയാളികളുടെ എക്കാലത്തെയും തലവേദനയായ ഒരു പ്രശ്നമാണ്. ആ ഒരു കൊച്ചു പ്രശ്നത്തിലൂടെ ഒരു സമൂഹത്തിന്റെ മനോനില കാട്ടിത്തരികയാണ് നടൻ ചെമ്പൻ വിനോദിന്റെ രചനയിൽ അഷറഫ് ഹംസ എടുത്ത ഭീമന്റെ വഴി. മലയാളിയുടെ സെക്സിനെ കുറിച്ചുള്ള സാമ്പ്രദായിക ചിന്തകളെയും ചെമ്പന്റെ സ്‌ക്രിപ്റ്റ് അട്ടിമറിക്കുന്നുണ്ട്. സെ്ക്സ് എന്നത് വിവാഹിതർക്ക് മാത്രം വേണ്ടിയുള്ളതല്ലെന്നും, അത് ഒരു അനുഭൂതിയാണെന്നും ഈ ചിത്രത്തിലെ നായകനായ ഭീമൻ പറയുന്നു.കുഞ്ചാക്കോ ബോബന്റെ ലിപ്ലോക്ക് രംഗങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടു.
കാമ്പസിന്റെ ചോക്ക്ളേറ്റ് ഇമേജിൽനിന്നും, ജെന്റിൽമാൻ ഇമേജിലേക്ക് മാറ്റി, ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് കരിയറിന്റെ നല്ലഭാഗവും ചെലവിടേണ്ടിവന്ന നടനാണ് കുഞ്ചാക്കോബോബൻ. മമ്മൂട്ടിക്ക്ശേഷം മലയാളത്തിന്റെ മോറൽ അംബാസിഡർ എന്ന പദവിയിലേക്ക് നീങ്ങുന്ന ഈ നടന്റെ ഇമേജ് ബ്രേക്കിങ്ങ് പ്രകടനമാണ് ഈ സിനിമയിലെ ഭീമൻ. മേക്കപ്പും കിടിലം. അടുത്തകാലത്തൊന്നും ഇത്രയും സുന്ദരനായി കുഞ്ചാക്കോബോബനെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല.
പക്ഷേ ഭീമന്റെ വഴിയിലെ യഥാർഥതാരം ഇവർ ആരുമല്ല. എക്‌സിക്യൂട്ടീവ് വേഷങ്ങളിൽനിന്നു നാട്ടുമ്പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി വന്ന ജിനു ജോസഫാണ് ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച്. കുനുഷ്ടുകളുടെ ഉസ്താദായ കൊസ്‌തേപ്പ് എന്ന നാട്ടുമ്പുറത്തുകാരനായി, കളർ ലുങ്കിയൊക്കെ ഉടുത്ത് ജിനു അങ്ങോട്ട് നിറഞ്ഞാടുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ