തിരുവനന്തപുരം: സമാന്തര സിനിമകൾക്കു മാത്രം പുരസ്‌കാരം ലഭിച്ചിരുന്ന ഒരു കാലഘട്ടം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അതിൽ നിന്നു മാറി തിയറ്ററുകൾ അടക്കിവാഴുന്ന ജനപ്രിയ ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുന്നു എന്ന അഭിനന്ദനാർഹമായ അവസ്ഥയിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം എത്തിയിരിക്കുന്നു.

എങ്കിലും ജൂറിയുടെ വിമർശനം ചലച്ചിത്ര പ്രവർത്തകരുടെ കണ്ണു തുറപ്പിക്കേണ്ടതു തന്നെയാണ്. എഴുപതോളം ചിത്രങ്ങൾ പരിഗണിച്ചതിൽ ഭൂരിഭാഗവും നിലവാരം തീരെ കുറഞ്ഞ ചിത്രങ്ങളാണെന്നാണു ജോൺ പോൾ അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടത്. പുതിയ ചിത്രങ്ങൾ ജനപ്രിയമാകുമ്പോഴും നിലവാരം താഴാതെ നോക്കണം എന്നുള്ള മുന്നറിയിപ്പാണ് ജൂറി നൽകുന്നത്.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ്. കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതും ഈ ജയരാജ് ചിത്രമാണ്. എന്നാൽ, സംസ്ഥാനത്തെ ഇക്കൊല്ലത്തെ മികച്ച ചിത്രമായി ജയരാജിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടാൻ അദ്ദേഹത്തിനായില്ല.

ഒരാൾ പൊക്കം എന്ന ചിത്രം സംവിധാനം ചെയ്ത സനൽകുമാർ ശശിധരനാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും വിവിധ ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിക്കുകയും ചെയ്ത ചിത്രമാണ് ഒരാൾ പൊക്കം.

മികച്ച സംവിധായകനാകാൻ മത്സരത്തിനുണ്ടായിരുന്ന രണ്ടുപേർ പകരം പുരസ്‌കാരങ്ങൾ കൊണ്ടു തൃപ്തിപ്പെടേണ്ട അവസ്ഥയും ഇക്കുറിയുണ്ടായി. പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന 'ഇയ്യോബിന്റെ പുസ്തകം' ഒരുക്കിയ അമൽ നീരദിന് സംവിധായകന്റെ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ചിത്രത്തിലെ ദൃശ്യങ്ങൾ അവിസ്മരണീയമാക്കിയതിന് മികച്ച ഛായാഗ്രാഹകനുള്ള അവാർഡു ലഭിച്ചു.

അതുപോലെ തന്നെയാണ് 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ എബ്രിഡ് ഷൈന്റെ കാര്യവും. ക്രിക്കറ്റിനെ ജീവനെപ്പോലെ സ്‌നേഹിച്ച ഒരു തലമുറയ്ക്കുള്ള അംഗീകാരമായി സമർപ്പിക്കപ്പെട്ട ഈ ചിത്രത്തെ ഇരുകൈയും നീട്ടിയാണു പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച സംവിധായകനുള്ള മത്സരത്തിൽ ആദ്യം പരിഗണിച്ച പേരുകളിലൊന്ന് എബ്രിഡ് ഷൈനിന്റേതുമായിരുന്നു. എന്നാൽ, പുതുമുഖ സംവിധായകനായി എബ്രിഡിനെ പരിഗണിക്കാനാണ് ജൂറി തീരുമാനിച്ചത്.

വനിത സംവിധായികയ്ക്ക് ആദ്യമായി പുരസ്‌കാരം കിട്ടാനുള്ള സാധ്യതയും ഇത്തവണയുണ്ടായിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സംവിധായക അഞ്ജലി മേനോന് തിരക്കഥയ്ക്കു പുരസ്‌കാരം നൽകി ജൂറി അംഗീകരിച്ചു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ സിദ്ധാർഥ് ശിവയ്ക്കും ജൂറി അംഗീകാരം നൽകി. മികച്ച കഥാകൃത്തായാണ് സംസ്ഥാന ജൂറി സിദ്ധാർഥിനെ പരിഗണിച്ചത്.

സാധാരണ പ്രേക്ഷകർ കേൾക്കുക പോലും ചെയ്യാത്ത സിനിമകൾക്കു മാത്രമായി നൽകിയിരുന്ന പുരസ്‌കാരങ്ങൾ ജനപ്രിയ ചിത്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചപ്പോഴും ഇങ്ങനെയും സിനിമകൾ ഉണ്ടോ എന്ന തരത്തിലുള്ള ചിത്രങ്ങൾക്കും പുരസ്‌കാരം നൽകാൻ ജൂറി ശ്രദ്ധിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം സുദേവ് നായർക്കു ലഭിച്ചത് മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിനാണ്. സിനിമയെ ഗൗരവമായി ശ്രദ്ധിക്കുന്ന ഒരു വിഭാഗത്തിനൊഴികെ ആർക്കും ഇത്തരമൊരു പേരു കേട്ടതായിപ്പോലും ഓർമയില്ല.

മികച്ച ഗായകനായി യേശുദാസിന്റെ പേരു പ്രഖ്യാപിച്ചപ്പോൾ പ്രഖ്യാപനം കണ്ടുകൊണ്ടിരുന്ന കടുത്ത യേശുദാസ് ആരാധകർ പോലും ചോദിച്ചത് ഏതു പാട്ടിനാണെന്നാണ്. കഴിഞ്ഞ വർഷം യേശുദാസ് പാടി പുറത്തിറങ്ങിയ പാട്ടുകളൊന്നും തന്നെ ആരാധകർക്ക് ഓർത്തുവയ്ക്കത്തക്കതായി ഇല്ലായിരുന്നു. മേലില രാജശേഖർ സംവിധാനം ചെയ്ത 'വൈറ്റ് ബോയ്‌സ്' എന്ന ചിത്രത്തിലെ 'ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും' എന്നു തുടങ്ങുന്ന ഗാനത്തിനാണ് യേശുദാസിനു പുരസ്‌കാരം ലഭിച്ചത്. എസ് രമേശൻ നായരാണു വരികൾ രചിച്ചത്. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് രമേഷ് നാരായണന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.

ഹാസ്യ നടൻ കാറ്റഗറി എടുത്തുകളഞ്ഞ ജൂറി മികച്ച സ്വഭാവ നടനും നടിക്കും ഇക്കുറി പുരസ്‌കാരം കൊടുത്തപ്പോൾ മറ്റൊരു ചോദ്യം ബാക്കിയാകുന്നു. മികച്ച നടനും നടിക്കുമൊന്നും സ്വഭാവമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. നടനെയും നടിയെയും തീരുമാനിക്കുന്നത് അവർ നായക വേഷത്തിലാണോ എന്നു നോക്കിയാണോ എന്നും ചിന്തിക്കേണ്ടിവരും. നായകനും നായികയ്ക്കും മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം നൽകുകയും മറ്റുള്ളവരെ വെറും സ്വഭാവ നടനും നടിയുമായി പരിഗണിച്ചും അവഗണന കാട്ടുകയാണോ ജൂറി എന്നും ചോദ്യം ഉയരുന്നുണ്ട്.

ഹാസ്യ നടൻ, സ്വഭാവ നടൻ, സങ്കട നടൻ എന്നു മാത്രമല്ല, നവരസങ്ങൾക്കു മുഴുവൻ പ്രത്യേക കാറ്റഗറി വച്ച് അവാർഡു നൽകിക്കൂടേ എന്ന സംശയവും പലരും ഉയർത്തുന്നുണ്ട്. രണ്ടും മൂന്നും ചിത്രത്തിലെ നായക വേഷം ചെയ്ത ആളിനെ പരിഗണിക്കുന്നതു മാറ്റി ഒരു ചിത്രത്തിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ആളാണെങ്കിൽ പോലും ആ വേഷം മികച്ചതാക്കിയാൽ മികച്ച നടനുള്ള മത്സരത്തിനു പരിഗണിച്ചുകൂടേ എന്നും ചോദ്യം ഉയരുന്നുണ്ട്.

എന്തായാലും സമാന്തര സിനിമകളെയും കച്ചവട സിനിമകളെയും ഒരുപോലെ ജൂറി പരിഗണിച്ചുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ആരെയും പിണക്കാതിരിക്കാനാണോ ജൂറി ശ്രമിച്ചതെന്നും പ്രേക്ഷകർ ആരായുന്നുണ്ട്.