തിരുവനന്തപുരം: 'ഇത്തിരി കഞ്ഞി എടുക്കട്ടേ'! ഇപ്പോൾ അടപടലം ട്രാൾ ആയിമാറിയ ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ ആ വാക്കുകൾ സത്യത്തിൽ മലയാള സിനിമയുടെ സംവിധായകരോട് ആണെന്ന് തോനുന്നു. 150 ചിത്രങ്ങൾ ഇറങ്ങിയ ഈ വർഷത്തിൽ ഭൂരിഭാഗവും 'പഴങ്കഞ്ഞികൾ' ആയിരുന്നു. സദ്യപോയിട്ട് ചോറും കറിയും തന്നെയില്ല. കലാപരമായി നോക്കുമ്പോൾ ഒടിയൻ മുതൽ കായംകുളും കൊച്ചുണ്ണിവരെയുള്ള സിനിമകൾ എന്തൊരു ചവറുകളായിരുന്നെന്ന് ഓർത്തുനോക്കു. സൂപ്പർ സറ്റാർ മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗും പരോളുമൊക്കെ നാം തല തുരന്നുകൊണ്ട്് കാണേണ്ട ചിത്രങ്ങളാണ്. ഒന്നും പഠിക്കാതെയും ഗൃഹപാഠം ചെയ്യാതെയും പ്രേക്ഷകരുടെ പഞ്ഞിക്കിടുന്ന ബ്രഹ്മാണ്ഡ തള്ളുകളുടെ ഇടയിൽ കുളിർ തെന്നൽപോലെ എതാനും നല്ല ചിത്രങ്ങൾ ഉണ്ടായി എന്നതാണ് ഈ വർഷത്തെ സവിശേഷത. പക്ഷേ മൊത്തത്തിൽ നോക്കുമ്പോൾ കലാപരമായി മലയാള സിനിമ പിന്നോട്ടടിച്ച വർഷം തന്നെയായിരുന്നു 2018.

2018ലെ മികച്ച ചിത്രങ്ങൾ ഇവയാണ്:

1 ഈമയൗ

മരണം കൊണ്ടുണ്ടാക്കിയ ഒരു മാസ്റ്റർ പീസ്് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ എന്ന ചിത്രം. ഒരുകടലോര ഗ്രാമത്തൽ ഗ്രൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രത്തിന്റെ ഫ്രയിമുകളും വിന്യാസവും എല്ലാം ശരിക്കും വിദേശ ഫിലിംഫെസ്റ്റിവലുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു. 'നിർമ്മാല്യത്തിന്റെ' ക്ലൈമാക്സിൽ പിജെ ആന്റണിയുടെ പ്രകടനംപോലെ വാഴ്്ത്തപ്പെട്ടതാണ് ഈ ചിത്രത്തിന്റെ അവസാനത്തിൽ നായകൻ ചെമ്പൻ വിനോദിന്റെ പരകായപ്രവേശം.

ഗോവൻ ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച നടനുള്ള പുരസ്‌ക്കാരം ഒരു മലയാളിയെതേടിയെത്തിയതും ഈ കഥാപാത്രത്തിലൂടെയായിരുന്നു. ലിജോ മികച്ച സംവിധായകനായും ഈ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടു. നിരവധി അന്താവരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണം കിട്ടിയ ഈ പടത്തിന് പുരസ്‌ക്കാരങ്ങളും ഒരു പാട് കിട്ടിയിട്ടുണ്ട്.ലോക നിലവാരത്തിൽ പടം പിടിക്കാൻ അറിയുന്നവർ മലയാളത്തിലുമുണ്ടെന്ന് തെളിയിച്ച ഈ ചിത്രം, ബ്രഹ്മാണ്ഡ ചവറുകൾക്കിടയിൽ കാലം കാത്തിരുന്നതാണെന്ന് പറയാതെ ്വയ്യ. ഈമയൗ തീയേറ്റുകളിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

2 സുഡാനി ഫ്രം നൈജീരിയ

ഈ വർഷത്തെ വണ്ടർ മൂവിയെന്ന് വിശേഷിപ്പിക്കാവുന്നത് ഈ ചിത്രത്തെയാണ്. കലയും കച്ചവടവും ഒന്നിപ്പിക്കുന്ന ഭരതൻ, പത്മരാജൻ മോഡലിലുള്ള ചിത്രങ്ങൾ മലയാളത്തിൽ അസ്തമിച്ചിട്ടിലെന്ന് സക്കരിയ്യ എന്ന പുതുമുഖം സംവിധാനം ചെയ്ത ഈ പടം തെളിയിക്കുന്നത്. മലപ്പുറത്തിന്റെ പച്ചയായ ജീവിതവും, കാൽപ്പന്തുകളി ഭ്രമവുമൊക്കെ ചിത്രീകരിച്ച പടം മൂന്നുമാസത്തോളം ഹൗസ്ഫുള്ളായി ഓടുകയും ചെയതു. വലിയ ബജറ്റോ താരങ്ങളോ ഒന്നുമില്ലെങ്കിലും വൃത്തിയായി സിനിമയെടുത്താൽ കാണാൻ ആളുണ്ടാകുമെന്ന് സുഡാനി തെളിയിച്ചു. സക്കറിയ എന്ന യുവ സംവിധായകനെ മലയാളം കാത്തിരിക്കയായിരുന്നെന്ന് പറയാം. സുഡാനിയായി സാമുവൽ റോബിൻസണും, ഫുട്ബോൾ ടീം മാനേജറായി സൗബിൻ ഷാഹിറും പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയിച്ചു. ഉമ്മമാരായി എത്തിയ രണ്ടു നാടക നടിമാർക്കും കിട്ടി പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണ.

3 ഒരു കുപ്രസിദ്ധ പയ്യൻ

നീതിയും നിയമവും ഇപ്പോഴും നമ്മുടെ നാട്ടിൽ എങ്ങനെയാണ് പ്രവർത്തിക്കുക എന്നതിന്റെ നേർക്കാഴ്ചയായിരുന്നു നടനും സംവിധായകനുമായ മധുപാൽ ഒരുക്കിയ ഒരു കുപ്രസിദ്ധ പയ്യൻ.കോഴിക്കോട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടൊരു കേസായിരുന്നു കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസ്. ഹോട്ടലുകളിലേക്ക് ഇഡ്ഡിലിയുണ്ടാക്കിക്കൊടുത്ത് ജീവിച്ച സുന്ദരിയമ്മ 2012 ജൂലൈ 21 ന് രാത്രി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജയേഷ് എന്ന പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു.

ഏറെ പ്രമാദമായ ഒരു കേസിൽ കുറ്റവാളിയെ കണ്ടെത്തിയെന്ന് വ്യക്തമാക്കാനായി ക്രൈംബ്രാഞ്ച് തന്നെ കെട്ടിപ്പൊക്കിയ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയേഷിനെ പ്രതിയാക്കിയതെന്ന കോടതിയുടെ നിരീക്ഷണവും തുടർ വാർത്തകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ പൊലീസ് സംവിധാനങ്ങളുടെ തീർത്തും ഉദാസീനവും മനുഷ്യത്വരഹിതവുമായ സമീപനങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു ആ കേസ്. ഈ ഞെട്ടിപ്പിക്കുന്ന വാർത്തയിൽനിന്നാണ് മാധുപാൽ സിനിമുണ്ടാക്കിയത്. ടൊവീനോ തോമസിന്റെ ഈ ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

4 സ്വാതന്ത്ര്യം അർധരാത്രിയിൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ അങ്കമാലി ഡയറീസിന്റെ ടീമിനെവെച്ച് ഒരുക്കിയ ചിത്രം ശരിക്കും ഡയറക്ടേഴ്സ് മൂവിയായിരുന്നു. അതിഗംഭീരമായ വിഷ്വലുകളിലൂടെയുള്ള ഈ പടത്തിന്റെ മേക്കിങ്ങ് കൊതിപ്പിക്കുന്നതാണ്.അതേസമയം ദൃശ്യപരിചരണത്തിലെ മിടുക്ക് പലപ്പോഴും തിരക്കഥയുടെ ഗ്രാവിറ്റിയിൽ കാണാനില്ല.കഥയുടെ വികാസത്തിലും സ്‌ക്രിപ്റ്റിങ്ങിലും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അസാധാരണമായ ദൃശ്യാനുഭവം ആവുമായിരുന്നു ഈ പടം. ചില രംഗങ്ങളൊക്കെ കാണുമ്പോൾ ക്രിസ്റ്റഫർ നോളന്റെ ചിത്രങ്ങളാണ് ഓർമ്മ വന്നത്.

ഇതൊരു ബുജി മൂവിയായിരുന്നില്ല.കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന രംഗങ്ങളൊന്നും ഈ പടത്തിലില്ല.ബ്ളോക്ക് ബസ്റ്ററായ അങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസിന്റെ അടക്കം കിടിലൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടുള്ളിതിൽ പൗരുഷമുള്ള യുവ നടനാണ് ആന്റണി വർഗീസ്.പയ്യൻ കയറിവരും.വിനായകനും ചെമ്പൻവിനോദുമടക്കമുള്ള നടനനിരയും കത്തിക്കയറുന്നുണ്ട്.കഴിഞ്ഞ വർഷത്തെ മികച്ച ക്യാമറാനുള്ള പുരസ്‌കാരം നേടിയ ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഇത്തവണയും അമ്പരപ്പിച്ചു.

5 വരത്തൻ

അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'വരത്തൻ' ശരിക്കും വേറെ ലെവലായിരുന്നു. നാട്ടിൻപുറങ്ങളെ നന്മ മരങ്ങളായി മാത്രം കാണുന്ന പതിവ് രീതി വിട്ട്, ഗ്രാമങ്ങളുടെ വയലൻസും, സദാചാരപൊലീസിങും, വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച പടം. അതും പതിവുപോലെ അമൽ നീരദിന്റെ തനത് ശൈലിയായ ഹോളിവുഡ്ഡ് നിലവാരത്തിൽ. ബിഗ് ബിയിലും, ഇയ്യോബിന്റെ പുസ്തകത്തിലും, കോമ്രഡ് ഇൻ അമേരിക്കയിലുമൊക്കെ നമ്മെ കൊതിപ്പിച്ച അതേ മേക്കിങ്ങ് ടെക്കിനിക്ക് മറ്റൊരു രീതിയിൽ ഇവിടെയും കാണാം.

ഫ്രെയിം കമ്പോസിഷനിൽ ഇത്രയേറെ മിടുക്കുകാട്ടുന്ന ഒരു സംവിധായകനെ അടുത്ത കാലത്തൊന്നും മലയാളം കണ്ടിട്ടില്ല. ഇടക്കെപ്പോഴോ ഇത് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽനിന്ന് ഇറങ്ങിവന്ന ചിത്രം പോലെ തോന്നി. ഒന്നാന്തരം ക്യാമറ, ചടുലമായ ആഖ്യാനം, വേറിട്ട കഥ, മനോഹരമായ ഗാനങ്ങൾ, തീർത്തും വ്യത്യസ്തമായ സൗണ്ട് ഇഫക്ട്. ഫഹദിന്റെ പ്രകടനവം സൂപ്പർ ആയി. സ്ട്രോഡോഗ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണം പിന്നീട് വന്നെങ്കിലും അണിയറ ശിൽപ്പിക്ൾ ഇത് നിഷേധിക്കയാണ്.

6 കൂടെ

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അഞ്ജലി മേനോന്റെ 'കൂടെ' വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമായായിരുന്ു. ബാലപീഡനം,ഗാർഹിക പീഡനം എന്നീ മലയാള സനിമ അത്രയൊന്നും തൊട്ടിട്ടില്ലാത്ത വിഷയങ്ങളിലൂടെ ഈ പടം കടന്നുപോവുന്നുണ്ട്. മറാത്തി സിനിമായ 'ഹാപ്പിജേണി'യുടെ പുനരാവിഷ്‌ക്കാരത്തിൽ അഞ്ജലിക്ക് പിഴച്ചിട്ടില്ല. പ്രഥ്വീരാജിനൊപ്പം പാർവതിയൊക്കെയുണ്ടെങ്കിലും ചിത്രത്തിൽ താരമായത് നസ്രിയ നസീം തന്നെയാണ്.തിരിച്ചുവരവ് ഗംഭീരമാക്കിയെന്ന് പറയാം.അസാധ്യമായ ക്യാമറയും ഇമ്പമാർന്ന ഗാനങ്ങളും കൂടിയാവുമ്പോൾ ചിത്രം നിലാവുപോലത്തെ അനുഭൂതിയാണ് പ്രേക്ഷകന് സമ്മാനിച്ചത്.ഇതിലെ പ്രഥ്വീരാജിന്റെ കഥാപാത്രം പലപ്പോഴും കണ്ണുകളെ ഈറനണിയിപ്പിച്ചിട്ടുണ്ട്.

7 ഹേയ്ജൂഡ്

പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ്, ന്യൂജൻ വണ്ടർബോയ് നിവിൻപോളിയെ നായകനാക്കിയെടുത്ത 'ഹേയ് ജൂഡ് ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാണ്. പതിവുപോലെ പതിഞ്ഞ താളവും,ലോങ്ങ്ഷോട്ടുകളും, അൽപ്പം ഇംഗ്ളീഷ് ഫിലോസഫിയുമൊക്കെയായി ആർട്ട്ഹൗസ് കൾട്ട് തന്നെയായിരുന്നു ഈ പടമെന്ന ധാരണ ആദ്യ അഞ്ചുമിനിട്ടിനകം തന്നെ തകരും..ശ്യാമപ്രസാദ് ഇതുവരെ ചെയ്തിട്ടില്ലാത്ത, ഹാസ്യരസ പ്രധാനമായ ലളിത സുന്ദര ചിത്രമാണിത്.

നിവൻപോളിയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.പ്രത്യേകതരത്തിലുള്ള ഓട്ടിസം ബാധിച്ച,ദൈനംദിന പ്രവർത്തനങ്ങളിലും ചിട്ടകളിലും അൽപ്പം 'കളിപോയതെന്ന്' തോന്നിക്കുന്ന, എന്നാൽ തനിക്ക് താൽപ്പര്യമുള്ള മേഖലകളിൽ ജീനിയസായ ജൂഡ് എന്ന കഥാപാത്രത്തെ നിവൻ ഗംഭീരമാക്കുന്നുണ്ട്.ചിലപ്പോൾ കുട്ടിത്തം വിട്ടുമാറിയിട്ടിലെല്ലന്ന് തോന്നിക്കുന്ന ആ കഥാപാത്രത്തിന്റെ വികാരവിക്ഷോഭങ്ങൾ, കമേർഷ്യൽ സിനിമ ചങ്ങലക്കിട്ട് വെച്ചിരിക്കുന്ന നിവിനിലെ നടനെയാണ് പുറത്തിറക്കിയത്. തീയേറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു.

8 ഈട

കണ്ണൂരിന്റെ പശ്ചാത്തലത്തിൽ,കൊലവെറികൾക്കിടയിലൂടെ ഒരു പ്രണയകഥ പറയുകയാണ് മികച്ച എഡിറ്റർക്കുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ അജിത് കുമാർ.ഷോട്ടുകളിൽ, ദൃശ്യവിന്യാസത്തിൽ, ലൈറ്റിങ്ങിൽ, അഭിനയത്തിൽ, തിരക്കഥയിൽ എല്ലാം ഫസ്റ്റ്ക്ളാസ് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്.

രാഷ്ട്രീയം എന്നാൽ പൊതുവെ കക്ഷിരാഷ്ട്രീയമെന്ന് ചുരുക്കിക്കാണാനേ നാം പഠിച്ചിട്ടുള്ളത്. ഈ പടവും പറയുന്നത് പൊള്ളുന്ന രാഷ്ട്രീയമാണ്.എന്നാൽ അത് 'മെക്സിക്കൻ അപരാതയും', നിവിൻപോളിയുടെ സഖാവും പോലെയുള്ള പൈങ്കിളി കമ്യൂണിസ്റ്റ് മഹത്വവത്ക്കരണമോ, 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'പോലുള്ള സംഘപരിവാർ ന്യായീകരണ പദ്ധതിയോ അല്ല.വത്യസ്മായ രാഷ്ട്രീയ വിശ്വാസികളുടെ ഇടക്ക് പെട്ടുപോയ രണ്ടു കമിതാക്കളുടെ ജീവിതത്തിൽ ഒരു സി.സി.ടി.വി ക്യാമറവച്ചാൽ എങ്ങനെയിക്കും,അതുപോലുണ്ട് ഈ പടം
നിമിഷ സജയൻ, ഷെയ്ൻ നിംഗം എന്നിവരുടെ സ്വാഭാവികവും പക്വവുമായ അഭിനയ തികവ് ചിത്രത്തിന് മുതൽക്കട്ടാണ്.

9 കാർബൺ

ചിത്രാന്ത്യത്തിലെ ഏതാനും രംഗങ്ങൾ മാറ്റിനിർത്തിയിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുമായിരുന്നു പടമായിരുന്നു 'കാർബൺ'.90 ശതമാനം ഭാഗങ്ങളും ഒരു അഡ്വവെഞ്ചർ ത്രില്ലർ എന്ന രീതിയിൽ ഗംഭീരമായി എടുത്തിട്ടുണ്ട്.എന്നാൽ ക്ലൈമാക്സ് അടക്കമുള്ള അവസാനത്തെ ഏതാനും രംഗങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകന് മനസ്സിലാവണമെങ്കിൽ സംവിധായകൻ ഒപ്പം കസേരയിട്ട് ഇരുന്ന് വിശദീകരിക്കേണ്ടി വരും. ഫിക്ഷനേത്,ഫാന്റസിയേത്, റിയലിസമേത് എന്ന് മനസ്സിലാവാത്ത കൂട്ടക്കുഴപ്പത്തിൽ പ്രേക്ഷകനെ വിട്ടിട്ടാണ് കാർബൺ കടന്നുപോവുന്നത്.

പക്ഷേ ഇത് ഒഴിച്ചാൽ ഒരു മികച്ച ചലച്ചിത്രാനുഭവം തന്നെയാണ് കാർബർ സമ്മാനിച്ചത്. ഛായാഗ്രാഹകൻ കൂടിയായ സംവിധായകൻ വേണു ഒരുക്കിയ ഈ ചിത്രം തീയേറ്റുകളിലും മോശമില്ലാതെ സ്വീകരിക്കപ്പെട്ടു. പതിവുപോലെ ഫഹദിന്റെ അഭിയയ മികവുതന്നെയാണ് ചിത്രത്തിന് തുണയായത്.

10 ക്യാപ്റ്റൻ/ ജോസഫ്

ക്യാപ്റ്റൻ

നവാഗത സംവിധായകൻ ജി. പ്രജേഷ്സെൻ രചനയും സംവിധാനവും നിർവഹിച്ച ക്യാപ്റ്റൻ ഗോളടിച്ചത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്. അത്രക്കും കെയടക്കത്തോടെയും ഹൃദ്യവുമായാണ് പ്രജേഷ് സിനിമ മുന്നോട്ടുകൊണ്ടുപോയത്.രാജ്യം മറന്നുതുടങ്ങിയ വി.പി സത്യന് ഇതിനേക്കാൾ നല്ല ആദരം കൊടുക്കാനില്ല.നിസ്സംശയം പറയാം,ജയസൂര്യയുടെയും കരിയർ ബെസ്റ്റാണിത്. എന്നുവെച്ച് ഔട്ട്സ്റ്റാൻഡിങ്ങ് എന്ന് ലേബൽചെയ്യാവുന്ന ചിത്രവുമല്ല .തിരക്കഥയുടെ ചില ദൗർബല്യങ്ങളും ചില ലാഗുകളും പ്രകടവുമാണ്. പക്ഷേ സമീപകാലത്ത് മലയാളത്തിലുണ്ടായ പടപ്പുകൾവെച്ചുനോക്കുമ്പോൾ ഇത് സ്വർഗമാണ്.

ജോസഫ്

സഹനടനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്ന ജോജു ജോർജിനെ നായകനാക്കി നവാഗതനായ തിരക്കഥാകൃത്തിന്റെ തിരക്കഥയിൽ പത്മകുമാർ 'ജോസഫ്' ഒരുക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ചിത്രത്തെക്കുറിച്ചില്ലായിരുന്നു. എന്നാൽ ആദ്യം രംഗം മുതൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രം മുന്നോട്ട് പോയത്. വ്യവസ്ഥാപിതമായ മലയാളം ക്രൈംത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുകയാണ് ജോസഫ്. ചിത്രത്തിലെ ജോജു ജോർജിന്റെ പ്രകടനവും ഏറെ പ്രശസംസിക്കപ്പെട്ടു.

ഇതിനുപുറമെ അങ്കിൾ, തീവണ്ടി, എന്റെ ഉമ്മാന്റെപേര്, ഡ്രാമ, എബ്രഹാമിൻെ സന്തതികൾ എന്നിവയെയും കലാപരമായി മോശമില്ല എന്ന ഗണത്തിൽ പെടുത്താം. ഭയാനകം, എസ് ദുർഗ, ആളൊരുക്കം, പാതിരാകാലം, കുഞ്ഞുദൈവം എന്ന സൊ കോൾഡ് അവാർഡ് ചിത്രങ്ങളും പ്രദർശനത്തിന് എത്തിയിരുന്നെങ്കിലും അവയൊന്നും പ്രേക്ഷക ശ്രദ്ധയിൽ പെട്ടിട്ടില്ല.