ഹൂസ്റ്റൺ ഗ്രേറ്റർ ഹൂസ്റ്റൺ ബിൽഡേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച റിയൽറ്റർക്കുള്ള പ്രിസം അവാർഡിനു മലയാളിയായ ഷിജിമോൻ ജേക്കബ് അർഹനായി. ഹൂസ്റ്റണിലുള്ള മുപ്പത്തിയാറായിരത്തോളം റിയൽറ്റർമാരെ പിന്തള്ളിയാണ് ഷിജിമോൻ ഈ നേട്ടം കൈവരിച്ചത് എന്നത് അവാർഡിന്റെ തിളക്കം കൂട്ടുന്നു.

1941 ൽ സ്ഥാപിതമായ ഹൂസ്റ്റൺ ബിൽഡേഴ്‌സ് അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ അവാർഡ് സ്വന്തമാക്കുന്നത്. പല ഘട്ടങ്ങളിലായുള്ള വിലയിരു ത്തലുകൾക്കും അഭിമുഖങ്ങൾക്കും പ്രസന്റേഷനുകൾക്കും ശേഷമാണ് ജേതാവിനെ നിശ്ചയിച്ചത് എന്നത് പുരസ്‌കാരത്തിന്റെ മാറ്റു വർധിപ്പിക്കുന്ന ഘടകമാണ്.

ഹൂസ്റ്റണിലെ ഗലേറിയയിലുള്ള റോയൽ സോണസ്റ്റ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷിജിമോൻ പ്രിസം അവാർഡ് സമ്മാനിച്ചു. ബിൽഡർമാരോട് നല്ല ബന്ധം നിലനിറുത്തിക്കൊണ്ട് കസ്റ്റമേഴ്‌സിന് പരമാവധി ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്ന ഷിജിമോൻ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ പരിവർത്തനമാണ് കൊണ്ടുവന്നിരിക്കുന്നത്.

കഠിനാധ്വാനവും, ഉത്സാഹവും വഴി ഓരോ ഇടപാടിലുമുള്ള ചെറിയ കാര്യങ്ങൾ പോലും മനസിലാക്കി ഉപഭോക്താവിന് ഏറ്റവും മികച്ച മാർഗദർശകനായി ഷിജിമോൻ മാറുന്നു. കസ്റ്റമേഴ്‌സിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നടത്തുന്ന ഇടപാടുകൾ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിൽ അനുകരണീയമായ മുന്നേറ്റം നടത്താൻ ഷിജിമോനെ സഹായിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദധാരിയായ ഷിജിമോൻ ലണ്ടനിലെ ആഡംബര ഹോട്ടലിൽ ജോലി ചെയ്യവേയാണ് എച്ച് 1 ബി വിസ നേടി 2006 ൽ അമേരിക്കയിൽ എത്തിയത്.