- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രമേശ് ചെന്നിത്തല മാധ്യമ ലാളനകളുടെ ഉൽപ്പന്നമല്ല; മാധ്യമ വിചാരണയുടെ ഇരയാണ്; സിന്ധു സൂര്യകുമാർ മുതൽ ഡോ. അരുൺ കുമാർ വരെ നീളുന്നവരുടെ; നിതാന്ത ജാഗ്രതയോടെ പ്രതിപക്ഷ നേതാവ് കർമ്മം തുടരുന്നു'; രാഷ്ട്രീയ മാന്യതയുടെ ഉദാത്തമാതൃകയെന്ന് ഡോ.ബെറ്റി മോൾ മാത്യു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെങ്കിലും പ്രതിപക്ഷത്തിനു മേൽക്കൈ നേടാനായത് കഴിഞ്ഞ ഒന്നര വർഷക്കാലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതു കൊണ്ടാണെന്ന് എഴുത്തുകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ബെറ്റി മോൾ മാത്യു. ഒരു വിധത്തിലും മാധ്യമ ലാളനയുടെ ഉൽപ്പന്നമല്ല രമേശ് ചെന്നിത്തലയെന്നും മറിച്ച് മാധ്യമ വിചാരണയുടെ ഇരയാണെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ബെറ്റിമോൾ മാത്യു പറയുന്നു.
സ്പ്രിങ്ലർ, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ കരാറിൽ നിന്നൊക്കെ സർക്കാരിന് പിന്മേറേണ്ടി വന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടൽ കൊണ്ടായിരുന്നു. രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ വസ്തുതയില്ലെങ്കിൽ സർക്കാർ പിന്നോക്കം പോകുമായിരുന്നോ 'എന്ന സാമാന്യ യുക്തിക്കു പോലും ഇടമനുവദിക്കാത്ത തരത്തിലുള്ള ആക്ഷേപ പ്രചരണമാണ് ഇപ്പോഴും തുടരുന്നത്. ! ആരോടും പരിഭവമില്ലാതെ നിതാന്ത ജാഗ്രതയോടെ അന്യാദൃശ്യമായ മാന്യതയോടെ പ്രതിപക്ഷ നേതാവ് തന്റെ കർമ്മം തുടരുകയാണെന്നും കുറിപ്പിൽ ബെറ്റിമോൾ മാത്യു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
രമേശ് ചെന്നിത്തല : രാഷ്ട്രീയ മാന്യതയുടെ ഉദാത്തമാതൃക.ആദ്യ പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ മുതൽ 14 ആം നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ നീളുന്നൊരു പട്ടിക പ്രതിപക്ഷ നേതാക്കളുടേതായി നിയമസഭാ ചരിത്രത്തിലുണ്ട്.
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ കൊണ്ട് അന്തരീക്ഷ മലിനീകരണം നടത്തുന്ന ഇടതു തന്ത്രത്തിന്റെ തുടക്കവും നമ്മൾ കണ്ടു തുടങ്ങുന്നത് പി.ടി ചാക്കോ ആഭ്യന്തര മന്ത്രിയായിരിക്കേയാണ്.!കാലം കടന്നുപോകെ വിവാദങ്ങളുടെ ചിറകിലേറി രാഷ്ട്രീയം പറയാതെ ഇടതുമുന്നണി അധികാരത്തിലേറിയ സന്ദർഭങ്ങളും ധാരാളം. !
കിളിരൂർ കവിയൂർ സംഭവങ്ങളെ വൈകാരികമായി അവതരിപ്പിച്ചും മാധ്യമങ്ങളുടെ ലാളനയേറ്റുമാണല്ലോ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവിൽ നിന്നും മുഖ്യമന്ത്രി പദത്തിലേയ്ക്ക് നടന്നുകയറിയത്. വി എസ് മുന്നോട്ടുവച്ച രാഷ്ട്രീയ നിലപാടിനേക്കാൾ വിവാദങ്ങളുടെ വിഴുപ്പലക്കലാണ് അദ്ദേഹത്തെ ദൃശ്യമാധ്യമങ്ങളുടെ പ്രിയങ്കരനാക്കിയത്. !
അത് മാറുന്നൊരു മാധ്യമ സംസ്കാരത്തിന്റെ ദിശാസൂചി കൂടിയായിരുന്നു. പരപുച്ഛം, പരിഹാസം, ദ്വയാർത്ഥ പ്രയോഗം ഇവയൊക്കെ ഏതോ വലിയ രാഷ്ട്രീയ മൂല്യമായി പരിഗണിക്കപ്പെടുന്ന ദുരന്തം . !
വി എസ് പ്രതിപക്ഷത്തിരിക്കെ' ശവം മാന്തൽ' പോലുള്ള ബ്ലണ്ടറുകൾ പൊക്കിക്കൊണ്ടു വന്നപ്പോഴും മാധ്യമങ്ങൾ അദ്ദേഹത്തെ മഹാനായി വാഴ്ത്താനുണ്ടായിരുന്നു. ഭരണത്തിലേറിയ വി എസ് താനുയർത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളോടും മൗനം പാലിച്ച് പാർട്ടി വിധേയനായ ഉത്തമ മുഖ്യനായി കാലം കഴിച്ചു. !പോകെപ്പോകെ അസഹിഷ്ണുതയും ധാർഷ്ട്യവും തെറി വിളിയും ശക്തരുടെ ലക്ഷണവും പുതിയ മൂല്യവുമായി പരിണമിച്ചു. !
സോഷ്യൽ മീഡിയ ശക്തമാവുകയും സൈബർ പോരാളികൾ മേല്പറഞ്ഞ ലക്ഷണങ്ങൾ പ്രചരിപ്പിച്ച് സ്വീകാര്യത ഉണ്ടാക്കാനും വാഴ്ത്തുപാട്ടുപാടാനുമായി അവതരിക്കുകയും ചെയ്തു. ഇങ്ങനെ രാഷ്ട്രീയ മാന്യത, രാഷ്ട്രീയ മൂല്യം ഇവയൊക്കെ തികച്ചും വ്യത്യസ്തമായി പരിചരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് 14 ആം നിയമസഭയിലെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വരുന്നത്.
മൃഗീയ ഭൂരിപക്ഷമുള്ള ഭരണപക്ഷം. ധാർഷ്ട്യം ഒരലങ്കാരമായി കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും . ഏറെക്കുറെ നിഷ്ക്രിയരായ ഉദാസീനരായ കുറെ സഹപ്രവർത്തകർ. ദുരന്തങ്ങളുടെ നീണ്ട നിര. അവിടെയാണ് ക്രിയാത്മകവും മൂല്യവത്തുമായ ഇടപെടലിലൂടെ രമേശ് ചെന്നിത്തല തന്റെ ദൗത്യം അതിഗംഭീരമായി നിർവ്വഹിച്ചത്. പ്രതിപക്ഷ നേതാവിന്റെ മാതൃകയായി വി എസ് നെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു സമൂഹത്തിനു മുന്നിൽ അന്തമില്ലാത്ത സമരകോലാഹലമല്ല പ്രതിപക്ഷ പ്രവർത്തനം എന്നദ്ദേഹം കാണിച്ചു തന്നു . യോജിക്കേണ്ട വിഷയങ്ങളിൽ ഭരണപക്ഷത്തോടു യോജിച്ചു. അതു സി എ എ വിരുദ്ധ ബില്ലാവട്ടെ ദുരിതാശ്വാസ പ്രവർത്തനമാകട്ടെ കേന്ദ്ര അവഗണനയോടുള്ള പ്രതിഷേധമാകട്ടെ , പൂർണ്ണമായും സർക്കാരിനൊപ്പം പ്രതിപക്ഷം അണിനിരന്നു. അതോടൊപ്പം വിയോജിക്കേണ്ട കാര്യങ്ങളിൽ വിയോജിച്ചു. തിരുത്തേണ്ടവ തിരുത്തിച്ചു. !
ഏതൊരു അന്വേഷണാത്മക പത്രപ്രവർത്തകനെയും വെല്ലുന്ന രീതിയിൽ ഭരണത്തിന്റെ ഇടനാഴികളിൽ അരങ്ങേറിയ നെറികേടും അഴിമതിയും സ്വജന പക്ഷപാതവും പുറത്തു കൊണ്ടുവന്നു. മുൻ കാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. മാധ്യമങ്ങൾ വാർത്തകൾ പുറത്തു കൊണ്ടുവരുന്നു. അത് പ്രതിപക്ഷം ഏറ്റുപിടിക്കുന്ന രീതിയായിരുന്നു.
പെയ്ഡ് മാധ്യമ പ്രവർത്തകരും ശിങ്കിടികളും ഓശാനകളാൽ അന്തരീക്ഷം നിറച്ചിരുന്നപ്പോൾ പുറത്തുവന്ന സ്പ്രിങ്ക്ളർ കരാറും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും ബ്രൂവറി ഡിസ്റ്റിലറി ഇടപാടും ആഴക്കടൽ കച്ചവടവും വോട്ടേഴ്സ് ലിസ്റ്റിലെ തിരിമറിയും വരെ നീളുന്ന സംഭവ പരമ്പരകൾ . !
മാധ്യമങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഇവയൊന്നും ഏറ്റെടുത്തില്ല.!
മറുവശത്ത് രമേശ് ചെന്നിത്തല അന്തമില്ലാത്ത അധിക്ഷേപങ്ങൾക്കും പരിഹാസത്തിനും ഇരയാവുകയായിരുന്നു. അദ്ദേഹത്തിനായി പ്രതിരോധം തീർക്കാൻ കോൺഗ്രസ് നേതൃത്വം പോലും വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹം തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു.. അതീവ ജാഗ്രതയോടെ ... സൂക്ഷ്മതയോടെ ....!
സിന്ധു സൂര്യകുമാർ മുതൽ ഡോ. അരുൺ കുമാർ വരെ നീളുന്ന മാധ്യമക്കുഞ്ഞുങ്ങൾ മുഖത്തു പരിഹാസച്ചായം വാരിപ്പൂശിയിരുന്നു ചോദ്യങ്ങൾ എറിഞ്ഞ് ആത്മനിർവൃതി നേടി.. !
രമേശ് ചെന്നിത്തല ഒരു വിധത്തിലും മാധ്യമ ലാളനയുടെ ഉൽപ്പന്നമല്ല. മറിച്ച് മാധ്യമ വിചാരണയുടെ ഇരയാണു താനും. !
കോടതി അദ്ദേഹത്തെ അനുകൂലിക്കുമ്പോഴും സർക്കാർ യൂ ടേൺ അടിക്കുമ്പോഴും വില കുറഞ്ഞ പരിഹാസം കൊണ്ട് അദ്ദേഹത്തിന്റെ നേട്ടത്തിന്റെ തിളക്കം കുറക്കാനാണു നിങ്ങൾ ശ്രമിച്ചത്. ! എന്നിട്ടും സഹിഷ്ണതയോടെ അദ്ദേഹം നിങ്ങൾക്ക് മറുപടി തന്നു.. നിരന്തരം നിങ്ങളോടു സംവദിച്ചു.! സ്വപ്നയുടെ പാവാടയുടെ കഥ പറയാനല്ല അദ്ദേഹം പത്രസമ്മേളനം വിളിച്ചത്. ഇവിടുത്തെ പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാനാണ്. അന്തമില്ലാത്ത അഴിമതിയുടെ കഥകൾ പറയാനാണ്.
സോഷ്യൽ മീഡിയയിലെ സൈബർ തൊഴിലാളികൾ ഇപ്പോഴും കൂട്ടത്തോടെ വേട്ടയാടൽ തുടർന്നു കൊണ്ടേയിരിക്കുന്നു. അദ്ദേഹമുന്നയിച്ച വിഷയങ്ങളിൽ സർക്കാർ മുട്ടുമടക്കിയിട്ടും പിന്നോക്കം പോയിട്ടും തീരാത്ത പകയോടെ അവഹേളിക്കുകയും നുണകൾ കൊണ്ട് പ്രതിരോധം തീർക്കുകയുമാണവരിപ്പോഴും . .!
' രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ വസ്തുതയില്ലെങ്കിൽ സർക്കാർ പിന്നോക്കം പോകുമായിരുന്നോ 'എന്ന സാമാന്യ യുക്തിക്കു പോലും ഇടമനുവദിക്കാത്ത തരത്തിലുള്ള ആക്ഷേപ പ്രചരണമാണ് ഇപ്പോഴും തുടരുന്നത്. !ഒരു സാംസ്കാരിക ദിക്ഷാംദേഹിക്കൂട്ടവും അദ്ദേഹത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. !ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.!
ആരോടും പരിഭവമില്ലാതെ നിതാന്ത ജാഗ്രതയോടെ അന്യാദൃശ്യമായ മാന്യതയോടെ പ്രതിപക്ഷ നേതാവ് തന്റെ കർമ്മം തുടരുകയാണ്. ഇലക്ഷന്റെ അവസാന ലാപ്പിലെങ്കിലും പ്രതിപക്ഷത്തിനു മേൽക്കൈ നേടാനായത് കഴിഞ്ഞ ഒന്നര വർഷക്കാലം ഈ മനുഷ്യൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതു കൊണ്ടാണ്. കേരള ചരിത്രത്തിൽ താങ്കൾ എഴുതിച്ചേർത്തത് മാന്യമായ പ്രതിപക്ഷപ്രവർത്തനത്തിന്റെ ഉദാത്തമാതൃകയാണ്.!
ഡോ.ബെറ്റി മോൾ മാത്യു .
ന്യൂസ് ഡെസ്ക്