- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമന തട്ടിപ്പു കേസിൽ സോളാർ പ്രതിയെ അറസ്റ്റു ചെയ്താൽ ഇടതിനൊപ്പമുള്ള പല ഉന്നതരും കുടുങ്ങും; സരിതാ നായരുടെ അറസ്റ്റ് വേണ്ടെന്ന് പൊലീസിന് ഉന്നതതല നിർദ്ദേശമെന്ന് റിപ്പോർട്ട്; പ്രതികളുടെ വീടും റെയ്ഡ് ചെയ്യില്ല; പരാതി പിൻവലിക്കില്ലെന്ന കബളിപ്പിക്കപ്പെട്ടവരുടെ നിലപാടും തിരിച്ചടി; ബെവ്കോ മാനേജർ മീനാകുമാരി സംശയ നിഴലിൽ
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്‌തെന്ന കേസിൽ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിർദ്ദേശം എന്ന് മനോരമ. ഇതോടെ സരിതാ നായരുടെ കേസ് അട്ടിമറിക്കാൻ നീക്കം സജീവമാണെന്ന വിലയിരുത്തലാണ് എത്തുന്നത്. സോളാർ മാതൃകയിലെ കേസായി ഇതും മാറും. അതിനിടെ പരാതിക്കാരിലും സമ്മർദ്ദം ഏറെയാണ്. പണം നൽകി കേസ് പിൻവലിക്കാനുള്ള നീക്കവും സജീവമാണ്. എന്നാൽ കബളിപ്പിക്കപ്പെട്ടവർ വിട്ടുവീഴ്ചയില്ലാതെ കേസെടുക്കണമെന്ന് നിലപാടിലാണ്.
അപ്പോഴും സരിതയ്‌ക്കെതിരെ കേസൊന്നും എടുക്കുന്നില്ല. ഇതിനിടെയാണ് മനോരമയുടെ അട്ടിമറി ശ്രമമെന്ന വാർത്തയുമെത്തുന്നത്. ഭരണകക്ഷി നേതാക്കളുടെ നിർദ്ദേശത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിൻകര പൊലീസിനു നിർദ്ദേശം നൽകിയത്. അതിനാൽ പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികൾ. കെടിഡിസിയിലും ബവ്‌റിജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നൽകിയ 2 പേരാണ് പരാതി നൽകിയത്. സംഘം 20ലേറെപ്പേരെ കബളിപ്പിച്ചതായാണു പൊലീസ് കരുതുന്നത്-മനോരമ വാർത്ത വിശദീകരിക്കുന്നു.
ബവ്‌കോ മാനേജിങ് ഡയറക്ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ചിലർ ജോലിയിൽ ചേരാൻ എത്തി. അവിടത്തെ ഉദ്യോഗസ്ഥ മീനാകുമാരിയെ കണ്ടപ്പോൾ ഇത്തരത്തിലൊരു നിയമന ഉത്തരവില്ലെന്നാണ് അറിയിച്ചത്. പണം നൽകിയവർ ഇക്കാര്യം സരിതയെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കകം മീനാകുമാരി യുവാക്കളെ വിളിച്ച് എന്തിനാണു സരിതയെ വിളിച്ചതെന്നു ചോദിച്ചു കയർത്തു. തട്ടിപ്പുസംഘത്തിനു ബവ്‌കോയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതിലേക്ക് അന്വേഷണം എത്തുമ്പോഴാണ് അട്ടിമറിക്കുള്ള നീക്കവും സജീവമാകുന്നത്.
നിയമന ഉത്തരവുമായി യുവാക്കൾ എത്തിയപ്പോൾ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലൻസ് അന്വേഷണത്തിനു വിട്ടെന്നും ബവ്‌കോ പറയുന്നു. വിജിലൻസ് അന്വേഷണം തുടങ്ങിയില്ല. വ്യാജ രേഖ ചമയ്ക്കലായതു കൊണ്ടു തന്നെ പൊലീസിനാണ് പരാതി നൽകേണ്ടി ഇരുന്നത്. എന്നാൽ ഇത് ചെയ്തതുമില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ചെയർമാനായ കെടിഡിസിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവുകളും പുറത്തുവന്നിട്ടുണ്ട്. കെടിഡിസിയും പൊലീസിനെ സമീപിച്ചിട്ടില്ല.
കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡിലെ സിപിഐ സ്ഥാനാർത്ഥി ടി.രതീഷിനെ അറസ്റ്റ് ചെയ്യേണ്ട സാധ്യതയുണ്ട്. ഇയാൾ ഇന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുമോ എന്നത് നിർണ്ണായകമാണ്. സരിത എസ്.നായരുമായി ചേർന്നു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്ത കേസിലെ പ്രതിയാണു രതീഷ്. തട്ടിപ്പിന്റെ പേരിൽ ഇന്നലെ ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി.
തൊഴിൽ തട്ടിപ്പ് കേസിൽ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് എതിരെയും മൊഴിയുണ്ടെന്നതാണ് വസ്തുത. മാനേജർ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്ന് പരാതിക്കാരൻ അരുൺ എസ് നായർ പറയുന്നു. സരിതയും കൂട്ടാളികളും തൊഴിൽ തട്ടിപ്പിനായി ബെവ്കോ എം.ഡിയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയതിന് തെളിവ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടറുടെ പേരിൽ ഇന്റർവ്യൂനുള്ള ക്ഷണപത്രവും തയാറാക്കി. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരിൽ പലരെയും ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാർ മൊഴി നൽകി.
സർക്കാരിൽ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ്. നായർ പ്രതിയായ നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും നടന്നത്. രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ എസ്. നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദർശിനെ ബെവ്കോയിൽ ജോലി നൽകാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി. അരുണിൽ നിന്ന് അഞ്ച് ലക്ഷവും ആദർശിൽ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകൾ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങിയത്. ഈ കേസാണ് അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.
ബെവ്കോ എം.ഡിയുടെ ഒപ്പോടെ ലെറ്റർ പാഡിൽ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റർവ്യൂ കാർഡും ആദർശിന് നൽകി. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകൾ തയാറാക്കി. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരിൽ ഫോൺ വിളിച്ചിരുന്നതായും പരാതിക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ