തിരുവനന്തപുരം: സഖാക്കളുടെ മക്കൾക്ക് ബെവ്‌കോയിൽ മനേജർ പദവി ഉറപ്പിക്കാൻ ചട്ടങ്ങളിൽ ഭേദഗതി. ഇതിനെതിരെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരിൽ അതൃപ്തി പുകയുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താൽപ്പര്യത്തിലാണ് നീക്കങ്ങളൈന്നാണ് സൂചന. കമ്പ്യൂട്ടർ ഓപ്പറേറ്റർ-പ്രോഗ്രാം തസ്തികയിൽ കയറുന്നവരെ അഞ്ചു കൊല്ലം കൊണ്ട് അസിസ്റ്റന്റെ മാനേജർമാരാക്കാനാണ് കള്ളക്കളി. ഇതിൽ ബെവ്‌കോയിലെ മറ്റ് ജീവനക്കാർ പ്രതിഷേധത്തിലുമാണ്. പക്ഷേ പരസ്യ പ്രതികരണം നടത്തിയാൽ സർക്കാരിന്റെ അതൃപ്തിക്ക് പ്രാപ്തരാകും. അതുകൊണ്ട് തന്നെ മൗനത്തിൽ തുടരുകയാണ് അവർ.

ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സഖാവിന്റെ മകൾ. ഇതിനിടെയാണ് ബിവറേജസ് കോർപ്പറേഷനിൽ ജോലി കിട്ടിയത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ-പ്രോഗ്രാമർ എന്നാണ് തസ്തിക. ജോലി കിട്ടി ബെവ്‌കോയിൽ എത്തിയെങ്കിലും താമസിയാതെ മന്ത്രി ഓഫീസിലേക്ക് മടങ്ങി എത്തി. ഇതോടെയാണ് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരുടെ പ്രെമോഷൻ സാധ്യതകളിൽ ചർച്ച തുടങ്ങുന്നത്. ഉടൻ അനീതി ബോധ്യപ്പെട്ടു. പിന്നെ താമസിയാതെ തന്നെ ഇടപെടൽ തുടങ്ങി. കമ്പ്യൂട്ടർ പ്രോഗ്രാമർമാരായി കയറുന്നവരെ അഞ്ചു കൊല്ലം കൊണ്ട് അസി മാനേജർമാരാക്കാനാണ് നീക്കം. ഇതിനുള്ള ഫയൽ നീക്കം അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ തീരുമാനവും വന്നേക്കും.

ബെവ്‌കോയിൽ 70ഓളം ഇത്തരം തസ്തികക്കാരുണ്ട്. ഇവർക്കെല്ലാം അഞ്ചു കൊല്ലം സർവ്വീസ് പൂർത്തിയാകുമ്പോൾ സ്ഥാനക്കയറ്റം കിട്ടു. പിന്നെ മാനേജർമാരും. ഒഴിവു വരുന്ന നാല് അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒന്ന് കമ്പ്യൂട്ടറുകാർക്ക് മാറ്റി വയ്ക്കാനാണ് നീക്കം. ഫലത്തിൽ ബെവ്‌കോയിൽ അതിവേഗം ഇവർ മുൻനിരയിൽ എത്തും. ഇതിൽ ക്ലർക്കുമാരായി ജോലിയിൽ കയറുന്നവർക്ക് അതൃപ്തിയുണ്ട്. ക്ലർക്കായി കയറുന്നവർക്ക് അസിസ്റ്റന്റ് മാനേജരാകാൻ കുറഞ്ഞത് 20 കൊല്ലം എടുക്കും. എന്നാൽ പ്രോഗ്രാമർമാർക്ക് അഞ്ചു കൊല്ലവും. ഇത് അനീതിയാണെന്ന് അവർ പറയുന്നു.

എൽഡി ക്ലാർക്കിന്റെ ആദ്യ പ്രെമോഷൻ യുഡിയായാണ്. പിന്നീട് രണ്ട് കടമ്പ കൂടി കടക്കണം. എങ്കിൽ മാത്രമേ അസി മാനേജർമാരാകൻ കഴിയൂ. അതുകൊണ്ട് തന്നെ പ്രോഗ്രാമർമാരെ ഒറ്റയടിക്ക് അസി മാനേജർമാർക്കുന്നത് അനീതിയാണെന്നാണ് ഇവരുടെ വാദം. ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിക്ക് വേണ്ടിയുള്ള നീക്കമായതു കൊണ്ട് തന്നെ എതിർപ്പുകൾ ഫലം കാണില്ലെന്ന് ബെവ്‌കോയിലെ മറ്റ് ജീവനക്കാരും കരുതുന്നു. ഉന്നത സ്വാധീനമാണ് ഇതിന് കാരണമെന്ന് അവരും പറയുന്നു. താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം വേണ്ടപ്പെട്ടവർക്ക് ഉന്നത പദവികൾ നൽകാനുള്ള നീക്കവും സർക്കാർ തലത്തിൽ സജീവമാണ്.

കമ്പ്യൂട്ടർ ഓപ്പറേറ്റർമാർക്ക് പ്രെമോഷൻ കൊടുക്കേണ്ടത് തന്നെ. എന്നാൽ പല ഘട്ടങ്ങളിലൂടെ കടന്ന് അസി മാനേജർമാരുടെ തസ്തികയിൽ എത്തണം. അല്ലാതെ കമ്പ്യൂട്ടർ പരിജ്ഞാനം മാത്രമുള്ളവർക്ക് അതിവേഗം നയപരമായ പദവികൾ നൽകുന്നത് ശരിയല്ലെന്ന് സംഘടനാ നേതാക്കളും പറയുന്നു. 70ലേറെ കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ ബെവ്‌കോയിലുണ്ട്. ഇത്രയും ആളുകളുടെ ആവശ്യം അവിടെ ഉണ്ടോ എന്ന സംശയവും പലരും ഉയർത്തുന്നു. ഇതിനൊപ്പമാണ് പുതിയ വിവാദവും.