തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിയമന നടത്താൻ സരിതാ നായർ കോഴ വാങ്ങുന്നുവെന്ന ആരോപണത്തിൽ പൊലീസ് ഇനിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടില്ല. അതിനിടെ കോർപ്പറേഷനിലെ തസ്തിക സൃഷ്ടിക്കലുമായി ബന്ധപ്പെട്ടും കോടികളുടെ അഴിമതി നടന്നുവെന്ന ആക്ഷേപം വ്യാപകമാകുന്നു. മന്ത്രിസഭാ യോഗം അംഗീകരിച്ച് ഉത്തരവും പുറത്തിറങ്ങി. ഈ ഉത്തരവ് സർക്കാർ വെബ് സൈറ്റിലുമുണ്ട് എന്നാൽ ഈ ഉത്തരവിലെ ചില പേജുകൾ കാണാനില്ലെന്നതാണ് വസ്തുത. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികക്കാർക്ക് പ്രെമോഷൻ നൽകുന്നതിലെ ചില പ്രശ്‌നങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് ചില പേജുകൾ സൈറ്റിൽ അപ്രത്യക്ഷമായതെന്നാണ് സൂചന.

അസിസ്റ്റന്റ് ഗ്രേഡ് ഒന്നെന്ന തസ്തികയെ പുനർനാമകരണം ചെയ്ത് സീനിയർ അസിസ്റ്റന്റ് ആക്കി മാറ്റിയതിൽ വമ്പൻ അഴിമതിയാണ് ഉള്ളത്. തസ്തിക സൃഷ്ടിക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യത ഉണ്ടാകും. അതുകൊണ്ട് തന്നെ നിലവിലുള്ള തസ്‌കികകളുടെ ശമ്പള സ്‌കെയിൽ മാറ്റരുതെന്ന നിർദ്ദേശം ധന വകുപ്പ് നൽകിയിരുന്നതായാണ് സൂചന. ഇത് അംഗീകരിക്കാതെയാണ് സീനിയർ അസിസ്റ്റന്റെ എന്ന തസ്തികയുണ്ടാക്കി ശമ്പള സ്‌കെയിൽ മാറ്റുന്നത്. ഇതിനൊപ്പം അസിസ്റ്റന്റ് ഗ്രേഡ് ഒന്നിൽ നിന്നും സീനയർ അസിസ്റ്റന്റിൽ നിന്നും പ്രെമോഷൻ കിട്ടി അസിസ്റ്റന്റ് മാനേജരാക്കുന്നവർക്കും വമ്പൻ ലോട്ടറി അടിച്ചു.

സാധാരണ ബിവറേജസ് ഔട്ട് ലെറ്റുകളിൽ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് എന്ന വിഭാഗക്കാരാണ് ജോലി ചെയ്യുന്നത്. ഇവർക്ക് സ്ഥാനക്കയറ്റം കിട്ടുമ്പോൾ അസിസ്റ്റന്റ് മാനേജരാകും. ഇവർക്ക് ഔട്ട്‌ലെറ്റുകളിൽ നിന്ന് മടങ്ങേണ്ടിയും വരും. ഔട്ട് ലെറ്റുകളിൽ ശമ്പളത്തിന് അപ്പുറമുള്ള പലതും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇത് കിട്ടാതാകുമ്പോൾ പ്രെമോഷനിലൂടേയും ഇക്കൂട്ടർക്ക് നഷ്ടക്കണക്കാകും സംഭവിക്കുക. ഇത് തിരിച്ചറിഞ്ഞ് ഇവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഇതോടെ 25 ലക്ഷത്തിന് മുകളിൽ കച്ചവടം നടക്കുന്ന ഔട്ട് ലെറ്റുകളുടെ ചുമതല അസിസ്റ്റന്റ് മാനജർമരിൽ നിക്ഷിപ്തമാക്കുന്നുവെന്ന തീരുമാനവും എടുത്തു.

കേരളത്തിലെ മിക്ക ഔട്ട് ലെറ്റുകളിലും 25 ലക്ഷത്തിന് മുകളിൽ കച്ചവടം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ അസിസ്റ്റന്റ് മാനേജർമാർക്കും ഔട്ട് ലെറ്റുകൾ ഭരിക്കാൻ അവസരം ഒരുക്കുന്നതാണ് തീരുമാനം. അസിസ്റ്റന്റ് മാനേജർ/ അക്കൗണ്ടന്റ് തസ്തികയിൽ ഉണ്ടാകുന്ന നാലാമത്തെ ഓരോ ഒഴിവും കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയിൽ നിന്നും നികത്തുന്നതാണെന്നും പറയുന്നു. നിലവിൽ ഒൻപതു വർഷമായിട്ടും പ്രമോഷൻ കിട്ടാത്ത കമ്പ്യൂട്ടർ പ്രോഗ്രാം ജീവനക്കാർ ബെവ്‌കോയിലുണ്ട്. ഇവരോട് കടുത്ത അനീതിയാണ് കാട്ടുന്നത്. പുതിയ നിർദ്ദേശത്തിൽ അവർക്ക് പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട്.

എന്നാൽ ഈ നിർദ്ദേശമാണ് സർക്കാർ വെബ്‌സൈറ്റിൽ അപ്രത്യക്ഷമാകുന്നത്. അതുകൊണ്ട് തന്നെ ഇനിയും അനീതി നടക്കുമോ എന്ന ആശങ്ക അവർക്കുണ്ട്. ഈ റെഷ്യോ നയം ഭാവിയിൽ പ്രോഗ്രാമർമാർക്ക് ഗുണകരമാകും. സീനിയോറിട്ടിയും സർവ്വീസും പരിഗണിക്കാതെ വരുമ്പോൾ ഈ റേഷ്യൂവിലൂടെ ഭാവിയിൽ ഒരു കൊല്ലം പൂർത്തിയാക്കുമ്പോഴേക്കും അവർക്ക് അസിസ്റ്റന്റ് മാനേജർമാരായി മാറാൻ കഴിയുന്ന അവസ്ഥയും ഉണ്ടാകും. ധനകാര്യ മന്ത്രി തോമസ് ഐസകിന്റെ പേഴ്‌സണൽ സ്റ്റാഫിലെ വ്യക്തിക്ക് അതിവേഗ പ്രമോഷന് വേണ്ടിയാണ് ഈ നയം മാറ്റമെന്ന പരാതിയും സജീവമാണ്.

ഈ സാഹചര്യത്തിലാണ് സർക്കാർ വെബ്‌സൈറ്റിലെ ഉത്തരവിൽ ചില പേജുകൾ അപ്രത്യക്ഷമായതും പലവിധ സംശയങ്ങൾക്ക് ഇടനൽകുന്നത്. സർക്കാർ ഉത്തരവിന്റെ പൂർണ്ണ രൂപം നേരത്തെ മറുനാടൻ ലഭിച്ചിരുന്നു. മറ്റ് നിബന്ധനകൾ എന്ന ഭാഗത്തിലെ പേജുകളാണ് കാണാതാകുന്നത്. ആറു മുതൽ പത്തു വരെയുള്ള വ്യവസ്ഥകളാണ് പ്രത്യക്ഷമായത്. ഇതിനൊപ്പം 17 മുതൽ 22 വരെയുള്ള വ്യവസ്ഥകൾ. ഇത്തരത്തിലൊരു തട്ടിപ്പ് എന്തിനാണ് എന്ന ചോദ്യത്തിലും കിട്ടുന്ന ഉത്തരം അഴിമതിയുടേതാണ്.

(ഈ വാർത്തയ്‌ക്കൊപ്പം നൽകുന്നത് മറുനാടൻ ലഭിച്ച ഉത്തരവാണ്. സർക്കാർ വെബ് സൈറ്റിൽ ഉള്ളത് അപൂർണ്ണവും)