- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിൽ ബുക്ക് ചെയ്ത് പണം അടയ്ക്കാം; ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും; 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി; ഇനി എല്ലാ ജില്ലയിലും മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ കൗണ്ടർ; 'ബെവ് സ്പിരിറ്റുമായി' ബെവ്കോ
തിരുവനന്തപുരം: ഇനി എല്ലാ ജില്ലകളിയും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനുള്ള സൗകര്യം സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഔട്ലെറ്റുകളിൽ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കി. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റിൽ 'ബെവ് സ്പിരിറ്റ്' എന്ന പുതിയ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചു.
www.ksbc.co.in വഴി ബെവ് സ്പിരിറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം. എവിടെയിരുന്നും ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്ത് മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാകും. ഓഗസ്റ്റ് 17 ന് ആരംഭിച്ച ഓൺലൈൻ ബുക്കിങിലൂടെ ഇന്നലെ വരെ 27 ലക്ഷം രൂപയുടെ വിൽപന നടന്നു. പരാതികൾ ksbchelp@gmail.com ലോ, 99468 32100 എന്ന നമ്പറിലോ അറിയിക്കാം. 23 വയസ്സിന് മുകളിലുള്ളവർക്ക് ഇങ്ങനെ മദ്യം വാങ്ങാം.
ബുക്കിങ് ഇങ്ങനെ
ബവ്‌റിജസ് കോർപറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.ksbc.co.in എന്നതാണ്. ഗൂഗിൾ ഉൾപ്പെടെ ഏതെങ്കിലും സെർച് എൻജിൻ വഴി സൈറ്റിൽ പ്രവേശിക്കുമ്പോൾ മുകൾ ഭാഗത്ത് 'ഓൺലൈൻ ബുക്കിങ്' എന്ന ബട്ടനുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ 'ബെവ് സ്പിരിറ്റ്' എന്ന പ്ലാറ്റ്‌ഫോം പേജിലെത്തും. ആദ്യത്തെ ഇടപാടിനു മാത്രം റജിസ്‌ട്രേഷൻ ആവശ്യമാണ്.
ബെവ് സ്പിരിറ്റ് പേജിൽ മൊബൈൽ നമ്പറും പേജിൽ ദൃശ്യമാകുന്ന സുരക്ഷാ കോഡും നൽകണം. മൊബൈൽ നമ്പറിൽ വൺ ടൈം പാസ്വേഡ് ലഭിക്കും. ഇതു പേജിൽ നൽകിയാൽ റജിസ്‌ട്രേഷൻ പേജ് തുറക്കും. ഇവിടെ പേര്, ഇമെയിൽ ഐഡി, ജനനത്തീയതി എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. പിന്നീടുള്ള ഓരോ തവണയും മൊബൈൽ നമ്പറും സുരക്ഷാ കോഡും പാസ്വേഡും നൽകി ലോഗിൻ ചെയ്യാം. ജനനത്തീയതി നൽകുമ്പോൾ 23 വയസ്സിനു താഴെയാണെങ്കിൽ ബുക്കിങ് അപ്പോൾ തന്നെ റദ്ദാകും. ഈ പ്രായത്തിനു മുകളിലുള്ളവർക്കു മാത്രമേ മദ്യം ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ.
ജില്ല തിരഞ്ഞെടുക്കുമ്പോൾ, ഔട്ലെറ്റുകളുടെ പട്ടിക ലഭിക്കും. ഇഷ്ടമുള്ളതു തിരഞ്ഞെടുത്താൽ ഏത് ഇനം മദ്യം വേണമെന്ന ചോദ്യം വരും. ബ്രാൻഡും അളവും തിരഞ്ഞെടുക്കാം. വിലയും ദൃശ്യമാവും. ബുക്കിങ് പൂർത്തിയായാൽ പേയ്‌മെന്റ് ഗേറ്റ് വേയിലേക്കു കടക്കും. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ മാർഗങ്ങളിലൂടെ പേയ്‌മെന്റ് നടത്താം. പേയ്‌മെന്റ് വിജയകരമായാൽ ഫോണിൽ ഒരു കോഡ് ഉൾപ്പെടെ സന്ദേശം ലഭിക്കും. ഇതുമായി തിരഞ്ഞെടുത്ത ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി.
മറുനാടന് മലയാളി ബ്യൂറോ