- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീവറേജിൽ ആയിരങ്ങൾക്ക് വരിനിന്ന് മദ്യം വാങ്ങാം; കല്യാണത്തിന് 20 പേർക്കേ പങ്കെടുക്കാവൂ! മദ്യശാലകളിലെ ക്യൂവിൽ ഹൈക്കോടതിക്കും ആശങ്ക; സാമൂഹിക അകലം ഉറപ്പാക്കുമെന്ന് സർക്കാരും; കോവിഡ് പടരുമ്പോൾ കുടിയന്മാർക്ക് വീണ്ടും കഷ്ടകാലം എത്തുമോ?
കൊച്ചി: സംസ്ഥാനത്തെ വിദേശമദ്യശാലകൾക്കുമുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങളിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. കേരളത്തിൽ കോവിഡ് വ്യാപനം കുറവില്ലാതെ തുടരുമ്പോഴാണ് ഈ ഇടപെടൽ.
ബിവറേജസ് ഔട്ട്ലെറ്റുകൾക്കുമുന്നിലെ നീണ്ട ക്യൂ സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത് ഇടപെടലിന് ഒരുങ്ങുന്നത്. ആൾക്കൂട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കയുണ്ടാക്കുന്നതാണ് ഈകാഴ്ചകളെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹൈക്കോടതിക്ക് സമീപമുള്ള മദ്യശാലയുടെ മുന്നിലെ തിരക്കിന്റെ ചിത്രവും കത്തിനോടൊപ്പം നൽകിയിരുന്നു. ഇതുപരിശോധിച്ച ഡിവിഷൻ ബെഞ്ച് അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകൾക്കുമുന്നിൽ ആൾക്കൂട്ടം ഒഴിവാക്കി കർശനമായി സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശം നൽകിയെന്ന് സർക്കാർ അറിയിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ വീഴ്ചയുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനസർക്കാരിനെയും എക്‌സൈസ് വകുപ്പിനെയും ബിവറേജസ് കോർപ്പറേഷനെയുമാണ് ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുള്ളത്.
വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. വ്യാഴാഴ്ച ഹർജി പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴി ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം.ഡി. തുടങ്ങിയവർക്കെതിരായാണ് കോടതിയലക്ഷ്യ ഹർജി.
കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തിൽ ബീവറേജ് ഔട്ട് ലെറ്റിന് മുന്നിലെത്തിയ പ്രതിഷേധവും ഇതിനിടെ മലയാളി കണ്ടു. ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ തിരൂർ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ ഫോട്ടോ വൈറലാകുകയാണ്.
ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവർത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ടെത്തിയത്. ബീവറേജിൽ ആയിരങ്ങൾക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേർക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിൽ പ്രതിഷേധിച്ചാണ് സമരവേദി ബീവറേജ് ഔട്ട്ലെറ്റിന് മുമ്പിലാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ