തിരുവനന്തപുരം: വ്യാജ ഫാസ്​ടാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്ന്​ കേരള പൊലീസ്​. നാഷനൽ ഹൈവേ അഥോറിറ്റിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴിയാണ് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്. ഇത്തരക്കാരെ തിരിച്ചറിയണമെന്നും നിലവിലുള്ള നിയമാനുസൃത മാർ​ഗങ്ങളിലൂടെ തന്നെ ഫാസ്ടാ​ഗ് വാങ്ങണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരെ നാഷണൽ ഹൈവേ അഥോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്​.

ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്​ടാഗുകൾ. ബാങ്കിലെ കസ്റ്റമർ സർവിസ് എക്സിക്യൂട്ടീവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താൻ നാഷണൽ ഹൈവേ അഥോറിറ്റിയുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്​ടാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ച ബാങ്കുകൾ / ഏജൻസികൾ മുഖേനെയും ഫാസ്​ടാഗ്​ വാങ്ങാം.