- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂക്ഷിക്കുക, തെറ്റുപറ്റിയാൽ ഉത്തർപ്രദേശം കേരളമോ കാശ്മീരോ പശ്ചിമ ബംഗാളോ ആയി മാറും; വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്വിറ്റർ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ്; ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുന്നുവെന്നും യോഗി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ദിവസത്തിൽ കേരളത്തെ പരാമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാർക്ക് മുന്നറിയിപ്പെന്ന വിധത്തിലാണ് യോഗി കേരളത്തെ പരാമർശിച്ചിരിക്കുന്നത്. വോട്ടു ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമർശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്റെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ല' യോഗി വോട്ടർമാരോടായി പറഞ്ഞു
നിങ്ങളുടെ വോട്ട് അഞ്ചു വർഷത്തെ എന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങൾ എല്ലാം കാണുകയും എല്ലാം വിശദമായി കേൾക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി പറഞ്ഞു. ബിജെപി ട്വിറ്റർ ഹാൻഡിലുകൾ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറൻ യു.പിയിൽ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ