തിരുവനന്തപുരം: ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മോഹൻലാലിന്റെ പേര് ഉൾപ്പെടുമെന്ന് തന്നെയാണ് മോഹൻലാൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്.പുരസ്‌കാര പ്രഖ്യാപനമെത്തിയത് ഉച്ചയ്ക്ക് 12 മണിയോടെയാണ് എന്നാൽ അതിന്റെ ആഘോഷ പരിപാടികൾ ഇന്ന് രാവിലെ മുതൽ തന്നെ മോഹൻലാൽ ആരാധകർ തുടങ്ങിക്കഴിഞ്ഞിരുന്നു.

മേജർ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രം ഇന്ന് രാവിലെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകരെ കാത്തിരുന്നത് മോഹൻലാലിനെ തേടി ദേശീയ പുരസ്‌കാരമെത്തിയെന്ന വർത്തയാണ്.തിരുവനന്തപുരം ശ്രീകുമാർ തീയറ്ററിൽ നിന്നും ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം പുറത്തിറങ്ങിയ ആരാധകർ ആഘോഷ പരിപാടികളുമായി തെരുവിലേക്ക് ഇറങ്ങി.

രാവിലെ ഒൻപത് മണിക്കാരംഭിച്ച ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകൻ മേജർ രവി തിരുവനന്തപുരം ശ്രീകുമാർ തീയറ്ററിലെത്തിയിരുന്നു. ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ മേജർ രവിയെ തോളിലേറ്റി ആരാധകർ തെരുവിലേക്കിറങ്ങി. മോഹൻലാലിനും മേജർ രവിക്കും ജയ് വിളിച്ചാണ് പ്രവർത്തകർ ആഘോഷം നടത്തിയത്. ഒനപത് മണി്കകായിരുന്നു ആദ്യ പ്രദർശനമെങ്കിലും ഏഴര മണിയോടെതന്നെ ആരാധകർ തീയറ്റർ പരിസസരതെത്തിയിരുന്നു. മോഹൻലാലിന്റെ വലിയ ഫ്ളക്സ് ബോർഡുകളും പ്ല്കകാർഡുകളും മോഹൻലാലിന്റെ മാസ്‌കുമണിഞ്ഞാണ് ആരാധകർ എത്തിയത്.

ആദ്യ ഷോക്ക് ടിക്കറ്റ് കിട്ടാതെ നിരവധിപേർ അടുത്ത പ്രദർശനത്തിനായി കാത്തു നിന്നു. എന്തായാലും പടം കണ്ടിട്ടേ ഇന്ന് വീട്ടിൽ പോകു്നനുള്ളുവെന്നാണ് ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്ത ആരാധകർ പറഞ്ഞത്. രണ്ടാമത്തെ പ്രദർശനത്തിനും വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്.ആദ്യ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകർ വലിയ ആവേശത്തിലായിരുന്നു. മികച്ച ചിത്രമെന്നും മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും തന്നെയാണ് ആരാധകർ പങ്കുവെച്ച വികാരം. കൈയടികളുടേയും ആർപ്പുവിളികളുടേയും ശബ്ദമായിരുന്നു തീയറ്ററിൽ നിന്നും പുറത്ത് വന്നത്.

പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകർ നൃത്തം ചവിട്ടിയും ആർപ്പുവിളിച്ചുമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. ബാൻഡ് മേളത്തിന്റേയും വാദ്യോപകരണങ്ങളുടേയും ശബ്ദത്തിൽ ഉത്സവ പറമ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു ശ്രീകുമാർ തിയറ്റർ. ആഹ്ലാദ പ്രകടനം കൊടുംപിരി കൊണ്ട് നിൽക്കുന്ന സമയത്താണ് ആദ്യ പ്രദർശനം കഴിഞ്ഞ് സംവിധായകൻ മേജർ രവി തിയറ്ററിന് പുറത്തേക്ക് വന്നത്. മേജർ രവിയെ കണ്ടതോടെ ആരാധകർ കൂടുതതൽ ആവേശത്തിലായി. വളരെ ബുദ്ധിമുട്ടിയാണ് സുരക്ഷാ ജീവനക്കാർ സംവിധായകനെ അദ്ദേഹത്തിന്റെ വാഹനത്തിനടുതെത്തിച്ചത്.

വാഹനത്തിൽ കയറി പുറത്തേക്ക് പോകാൻ ശ്രമിച്ച അദ്ദേഹത്തെ ആരാധകർ തിയറ്ററിന്റെ പ്രധാന കവാടത്തിൽ വെച്ച് വാഹനത്തിൽ നിന്നും പുറത്തിറക്കി തോളിൽ ചുമന്ന് തീയറ്ററിന് മുന്നിലെ റോഡിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് റോഡിന്റെ മറുവശത്ത് നിന്നാണ് മേജർ രവി വാഹനത്തിൽ കയറി പോയത്. ഏവരേയും കൈവീശിക്കാണിച്ചും വിജയ ചിഹ്നം കാണിച്ചുമാണ് സംവിധായകൻ ആരാധകരെ അഭിവാദ്യം ചെയ്തത്. പിന്നീട് അരമണിക്കൂറോളം ആരാധകർ ആഹ്ലാദപ്രകടനവുമായി തെരുവ് കീഴടക്കി. ഗതാഗതം ക്രമീകരിക്കുന്നതിനും ആരാധകരെ റോഡിൽ നിന്നും നീക്കുന്നതിനും പൊലീസുകാരും നന്നേ ബുദ്ധിമുട്ടി.