ന്യൂയോർക്ക്: ആമസോൺ തലവൻ ജെഫ് ബെസോസ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. നേരത്തെ ആറാം സ്ഥാനത്തായിരുന്ന ബെസോസ്, കമ്പനിയുടെ വരുമാനം വർധിക്കുകയും സ്റ്റോക്ക് വാല്യുവിൽ രണ്ടു ശതമാനം മുന്നേറ്റം നടത്തുകയും ചെയ്തതോടെയാണ് ഫോബ്‌സ് മാസിക തയാറാക്കിയ സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ആമസോൺ ഷെയറിന്റെ 18 ശതമാനത്തോളം ബെസോസിന്റെ പക്കലാണ്. ഫോബ്‌സ് കണക്കുപ്രകാരം ബെസോസിന്റെ മൊത്തം ആസ്തി 65.3 ബില്യൺ ഡോളർ വരും.

രണ്ടാം പാദത്തിൽ ആമസോണിന്റെ വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 31 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇ-കൊമേഴ്‌സ് മേഖലയിലെ ഈ വമ്പൻ കമ്പനിയുടെ ലാഭവിഹിതം 857 മില്യൺ ഡോളറായി വർധിക്കുകയും ചെയ്തു. 2015-ൽ ഇത് 92 മില്യൺ ഡോളറായിരുന്നു. മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ്, സാറാ ഫൗണ്ടർ അമാൻസിയോ ഒർട്ടിഗ എന്നിവരാണ് പട്ടികയിൽ ബെസോസിന് മുന്നിലുള്ളത്. ഫെബ്രുവരി മുതൽ ആമസോൺ ഷെയറുകളിൽ 50 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.

ഇന്ത്യയിലും ആമസോൺ ഇപ്പോൾ ശക്തമായ സാന്നിധ്യമാണ് അറിയിച്ചിട്ടുള്ളത്. ജൂണിൽ ആമസോൺ പ്രൈം ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തു.