- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര പരിഷ്ക്കാരം വിനയാകുന്നത് സംസ്ഥാന സർക്കാറിന്; ഭാരത് രജിസ്ട്രേഷൻ വരുമ്പോൾ സംസ്ഥാനത്തുണ്ടാകുക വൻ നികുതി നഷ്ടം; വാഹന വിലയുടെ എട്ടു മുതൽ 12 വരെ ശതമാനം പുതിയ സംവിധാനത്തിൽ നികുതിയായി ഈടാക്കുമ്പോൾ കേരളം ഈടാക്കിയത് 21 ശതമാനം; കൂടുതൽ പേർ ബിഎച്ച് സീരീസിലേക്ക് മാറിയേക്കും
തിരുവനന്തപുരം: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ സംവിധാനമായ ബി.എച്ച്. സീരീസ് നടപ്പാക്കുമ്പോൾ അത് കനത്ത തിരിച്ചടിയാകുക കേരളത്തിനാകും എന്നുറപ്പാണ്. സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതി നഷ്ടമാണ്. നികുതി ഗണ്യമായി കുറയുന്നത് വാഹന ഉടമകൾക്കു നേട്ടമാണ്. വാഹനവിലയുടെ എട്ടുമുതൽ 12 വരെ ശതമാനമാണ് പുതിയ സംവിധാനത്തിൽ നികുതിയായി ഈടാക്കുന്നത്. അതേസമയം കേരളത്തിൽ ഇത് 21 ശതമാനത്തോളമാണ്. സ്വാഭാവികമായി കൂടുതൽ ആളുകൾ ബിഎച്ച് സീരീസ് എടുക്കാൻ താൽപ്പര്യപ്പെടും. ഇത് സംസ്ഥാനത്തിന് തിരിച്ചടി ആകുമെന്ന് ഉറപ്പാണ്.
ഏറ്റവും കൂടുതൽ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ചുലക്ഷം വരെ ഒമ്പത്, പത്തുലക്ഷം വരെ 11, പതിനഞ്ചുലക്ഷംവരെ 13, ഇരുപതു ലക്ഷംവരെ 16, അതിനുമുകളിൽ 21 ശതമാനം നികുതി ഈടാക്കുന്നുണ്ട്. 15 വർഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. ഇതുകാരണം ആഡംബരവാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. പോണ്ടിച്ചേരി രജിസ്ട്രേഷൻ അടക്കം പലപ്പോഴും വരുന്നതും ഈ കാരണം കൊണ്ടാണ്.
ബി.എച്ച്. രജിസ്ട്രേഷനിൽ രണ്ടുവർഷ തവണകളായി നികുതി അടയ്ക്കാം എന്ന സൗകര്യവുമുണ്ട്. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസമാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ സംവിധാനം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുതിയ രജിസ്ട്രേഷൻ അനുഗ്രഹമാണ്. നാലു സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും ആനുകൂല്യം കിട്ടും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാതെ കൊണ്ടുപോകാം.
സംസ്ഥാനാന്തര രജിസ്ട്രേഷൻ ഉടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ഹാജരാക്കേണ്ടത്. ഐ.ടി. കമ്പനികൾ, വൻകിട വ്യാപാരശൃംഖലകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നിലവിലെ വിജ്ഞാപനപ്രകാരം പുതിയ രജിസ്ട്രേഷന് അർഹതയുണ്ട്.
മറുനാടന് ഡെസ്ക്