തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ നടത്തിയ സൂപ്പർതാരങ്ങൾക്ക് ശേഷം സംവിധായകന് എതിരേയും ആരോപണം. മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്ത് നികുതി വെട്ടിച്ചെന്ന സംശയത്തിൽ വെള്ളിയാഴ്ചയാണ് കോട്ടയം ആർ.ടി.ഒ. കെ.പ്രേമാനന്ദൻ നോട്ടീസയച്ചത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്തതിന്റെ വിവരങ്ങൾ ഹാജരാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസിൽ നൽകിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചതെന്ന് ആർ.ടി.ഒ. പറയുന്നു.

അതേ സമയം പോണ്ടിച്ചേരിയിൽ തനിക്കു സ്ഥിരമായ വിലാസമുണ്ടെന്നും അതിന്റെ വിവരങ്ങൾ ഏതുസമയത്തും ഹാജരാക്കാൻ തയ്യാറാണെന്നും സംവിധായകൻ ഭദ്രൻ മാട്ടേൽ പറയുന്നു.

അതേ സമയം മോട്ടോർവാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ, ജില്ലയിൽ മറ്റൊരാളും ഇത്തരത്തിൽ നികുതിവെട്ടിച്ചെന്നു സംശയമുയർന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുൺകുമാറാണ് അത്. ഇരുവരും കോട്ടയത്തെ ആർ.ടി.ഓഫീസിൽ വാഹനങ്ങൾ താത്കാലികമായി രജിസ്റ്റർചെയ്തു. തുടർന്ന് പോണ്ടിച്ചേരിയിൽ സ്ഥിരമായി രജിസ്റ്റർചെയ്തെന്നാണു കണ്ടെത്തിയത്.