മേരിലാന്റ്: ഡുങ്കിൻ ഡോണറ്റ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21) നെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ബ്രദേഷ് കുമാർ പട്ടേലിനെ അറസ്റ്റ്ചെയ്യാൻ സഹായിക്കുന്നവർക്ക് എഫ്ബിഐ 100,000 ഡോളർ ഇനാം പ്രഖ്യാപിച്ചു.

2015 ലായിരുന്നു സംഭവം. അവസാനമായി പട്ടേലിനെ കാണുന്നത് ന്യൂജഴ്സിയിൽ നിന്നും ന്യുയോർക്ക് പെൻസ്റ്റേഷനിലേക്ക് ഹോട്ടൽ ഷട്ടിൻ പോകുന്നതാണ്. കുറ്റകൃത്യത്തിനുശേഷം പ്രതി കാനഡയിലേയ്ക്കോ, ഇന്ത്യയിലേയ്ക്കോ രക്ഷപ്പെട്ടിരിക്കാം എന്നു പൊലീസ് നിഗമനം.

ഭാര്യ പലക്ക് പട്ടേൽ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് പട്ടേൽ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് നടന്ന സംഭവങ്ങളായിരിക്കാം കൊലപാതകത്തിലവസാനിച്ചതെന്ന് കരുതപ്പെടുന്നു.

രണ്ടുവർഷത്തെ അന്വേഷണത്തിൽ വിവരങ്ങൾ ലഭിക്കാതിരുന്നതാണ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കാൻ എഫ്ബിഐ തീരുമാനിച്ചത്.