പാട്യാല: പെണ്ണുകാണാൻ പോവുമ്പോഴോക്കെ നാം പതിവായി അന്വേഷിക്കുന്ന ഒരു കാര്യമാണ് ചെറുക്കന് 'വെള്ളമടിക്കുന്ന' ശീലമുണ്ടോ എന്നത്. അങ്ങനെയുള്ളവർ പോലും വിവാഹശേഷം അത് നിർത്തുമെന്ന് സത്യം ചെയ്തുമൊക്കെയാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ അതുപോലെ ഒരു സത്യം ചെയ്ത് ഒരാൾ ഇപ്പോൾ ഒരു നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. അതാണ് പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ. മദ്യപാനത്തിന്റെ പേരിൽ ഭാര്യവരെ പിണങ്ങിപ്പോയ ഇദ്ദേഹം, മുഖ്യമന്ത്രിയായാൽ ഇനി ഒരു തുള്ളി തൊടില്ലെന്നാണ് പറയുന്നത്. ആ ആംദ്മി നേതാവ് അരവിന്ദ് കെജ്രിവാളുമാവട്ടെ ഭഗവന്ത് ഇനി കുടിക്കില്ലെന്ന് പറയുന്നു.

ലോകചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കണം, ഒരു നേതാവിന്റെ മദ്യപാനത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ വരുന്നത്. പഞ്ചാബിൽ കോൺഗ്രസും, അകാലികളും, ഒരു പോലെ ആക്രമിച്ചത്, ആം ആദ്മി നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഭഗവന്ത് മൻ എന്ന 48കാരനായ മുൻ ഹാസ്യതാരവും സ്റ്റാൻഡപ്പ് കൊമേഡിയനുമായ നേതാവിനെ ആയിരുന്നു. ഇദ്ദേഹം ഭഗ്വന്ത് അല്ല പെഗ്വന്ത് ആണെന്നായിരുന്നു, മുഖ്യഎതിരാളികളായ കോൺഗ്രസുകാർ കളിയാക്കിയിരുന്നത്.

നെഗറ്റീവ് പബ്ലിസ്റ്റി ഒരുപാട് ഉണ്ടായിട്ടും ആം ആദ്മി പാർട്ടി എന്തുകൊണ്ട് ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ട്. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ പ്രസംഗത്തിലുടെ വൻ ജനാവലിയെ ആകർഷിക്കാനുള്ള കഴിവ് ഭഗവന്തിനുണ്ട്. പാട്ടുപാടിയും തമാശപറഞ്ഞുമെല്ലാമുള്ള അദ്ദേഹത്തിന്റെ പൊതുയോഗങ്ങൾ തരംഗമായിരുന്നു. ജനകീയനാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്, അരവിന്ദ് കെജ്രിവാൾ നേരത്തെ തന്നെ ഭഗ്വന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. അതു ശരിക്കും എൽക്കുകയും ചെയ്തു. തന്നെ മദ്യപാനിയെന്ന് പരിഹസിച്ച കോൺഗ്രസ്, അകാലിദൾ നേതാക്കളെ നിലം പരിശാക്കിക്കൊണ്ടാണ് പഞ്ചാബിൽ ആം ആദ്മിയുടെ തേരോട്ടം നടന്നത്. ട്രെൻഡ് വ്യക്തമായ ആദ്യ മണിക്കൂറുകളിൽ തന്നെ പാർട്ടി ഓഫീസിൽനിന്ന് പുറത്തിറങ്ങി ജനത്തോടൊപ്പം ആനന്ദ നൃത്തം ചവുട്ടിയാണ് ഭഗവന്ത് വിജയം ആഘോഷിച്ചത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. ജീവിതം എന്നും ജനങ്ങൾക്ക് ഒപ്പമാണ്.

സെലൻസ്‌ക്കിയെപ്പോലെ ഹാസ്യതാരം

യുക്രൈനിൽ റഷ്യക്കെതിരെ പൊരുതുന്ന പ്രസിഡൻഡ് വ്ളാദിമിർ സെലസ്‌കിയുടെ ജീവിതമാണ് ഭഗവന്ത് മനിന്റെ കഥക്ക് ഒപ്പം ഓർമ്മവരിക. രണ്ടുപേരും പക്കാ രാഷ്ട്രീയക്കാരല്ല. ടെലിവിഷൻ ഷോകളിലുടെയാണ് ഇരുവരും താരങ്ങൾ ആയത്. സ്‌കുൾ- കോളജ് തലത്തിൽ മിമിക്രി-മോണോആക്റ്റ് മത്സരങ്ങളിലൂടെയാണ് ഇയാൾ പൊതുജന ശ്രദ്ധ ആകർഷിച്ചത്. ആ ആത്മവിശ്വാസം മുതലാക്കിയാണ് പഞ്ചാബി ചാനലുകളിൽ സ്റ്റാൻഡ്അപ് കോമഡിയുമായി എത്തിയത്. അങ്ങനെയാണ് ഭഗവന്തിന് ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേര് ലഭിച്ചത്. നിരവധി സിനിമയിലും സീരിയലുകളും അഭിനയിച്ചിട്ടുമുണ്ട്.

2012ൽ പഞ്ചാബ് പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എട്ടു നിലയിൽ പൊട്ടി. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ പേരിലായിരുന്നു ഭഗവന്തിന്റെ പാർട്ടി പ്രവേശം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി എഎപിയിലേക്ക് കൂടുമാറി. അങ്ങനെയാണ് സംഗ്രൂർ ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയത്. ഭഗവന്തിന്റെ ക്രൗഡ്പുള്ളർ ഇമേജ് ആം ആദ്മി നന്നായി മുതലെടുത്തു. പക്ഷേ ഭഗവന്തിനെ വെറും തമാശക്കാരനും കോമാളിയുമായാണ് കോൺഗ്രസം അകാലിദളം കണ്ടത്. ഫലം വന്നപ്പോൾ അവർ ഞെട്ടി. 2.11 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2014ൽ ഭഗവന്ത് നേടിയത്.

സിഖ് സമുദായ അംഗമെങ്കിലും 2014 തിരഞ്ഞെടുപ്പ് ജയിക്കും വരെ ഭഗവന്ത് ടർബൻ ധരിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ ആണ് അതു ധരിച്ചു തുടങ്ങിയത്. അതും വിവാദമായി. ഒരു ചാറ്റ് ഷോയിൽ ഭഗവന്ത് പറഞ്ഞതിങ്ങനെ: 'സിഖുകാരെ പോലെയല്ല ഞാൻ ടർബൻ കെട്ടുന്നത്. പകരം ഭഗത്സിങ്ങിനെപ്പോലെയാണ് തലപ്പാവ് ധരിക്കുന്നത്. അത്തരം തലപ്പാവ് ധരിക്കുമ്പോൾ എന്റെ കർത്തവ്യങ്ങളെ കുറിച്ച് എനിക്ക് ഓർമവരുന്നു, ഭഗത്സിങ്ങിനെപ്പോലെ.. !'- എന്നാൽ ഇതു ഭഗവന്തിന്റെ തട്ടിപ്പെന്നായിരുന്നു ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പറഞ്ഞത്. ധീരതയുടെ പ്രതീകമായ ഭഗത്സിങ്ങിന്റെ പേരു പറഞ്ഞാൽ വോട്ടു കിട്ടുമെന്ന കരുതിയാണിതെന്നും അവർ പരിഹസിച്ചു. പക്ഷേ എന്നിട്ടുും ഭഗവന്തിന്റെ ജനപ്രീതി കുറഞ്ഞില്ല. പക്ഷേ അദ്ദേഹത്തിന് വിനയായത് മദ്യപാന ശീലം ആയിരുന്നു.

പാർലിമെന്റിൽവരെ മദ്യപിച്ചെത്തി!

ഇടക്ക് എപ്പേഴോ ഫുൾ ടൈം 'തണ്ണിയടിലേക്ക്' പോയതാണ് ഭഗവന്ത് മന്നിനെ വിവാദപുരഷനാക്കിയത്. രാവിലെ തന്നെ രണ്ടെണ്ണം വിടാതെ അദ്ദേഹത്തിന് നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. പാർലിമെന്റ് സീറ്റിൽ അടുത്തിരുന്ന എംപിമാർ ഇതേക്കുറിച്ച് പരാതി പറഞ്ഞു. ആദ്യം പ്രതികരിച്ചത് മുൻ എഎപി നേതാവ് യോഗേന്ദ്ര യാദവാണ്. യാദവ് എഎപിക്കാരനായിരുന്ന കാലത്തെ കഥയാണത്. '2014 ൽ പാർട്ടി എംപിമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിൽ പങ്കെടുക്കാനെത്തിയ ഭഗവന്ത് മൻ തന്റെ തൊട്ടടുത്താണ് ഇരുന്നത്. മദ്യത്തിന്റെ ഗന്ധമായിരുന്നു അന്ന് അദ്ദേഹത്തിന്. പാർലമെന്റിലും മദ്യപിച്ചാണ് എത്തുന്നതെന്ന് സഹ എംപിമാർ പറയാറുണ്ട്. ഇക്കാര്യം പാർട്ടി നേതാവ് കേജ്രിവാളിനോടു പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല'.

കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് ഭഗവന്തിന്റെ മദ്യശീലത്തെ കുറിച്ചു പിന്നീടു പ്രതികരിച്ചത്. പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗവന്ത്, പഞ്ചാബിന്റെ പ്രതിഛായയ്ക്കാണ് മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. താനും മദ്യം ഉപയോഗിക്കാറുണ്ടെന്നും എന്നാൽ, മദ്യപിച്ച് പാർലമെന്റിലേക്ക് പോകാറില്ലെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്‌സഭാ സ്പീക്കർക്കു പരാതി നൽകിയിട്ടുണ്ട്. ഭഗവന്തിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുത്തി തന്നെ പീഡിപ്പിക്കരുതെന്നായിരുന്നു കത്തിൽ. പ്രാർത്ഥിച്ചിട്ട് പാർലമെന്റിൽ എത്തിച്ചേരുന്ന തനിക്ക് മദ്യത്തിന്റെ ഗന്ധം അസഹനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 4 എഎപി എംപിമാരിൽ ഒരാളായിരുന്ന ഖൽസയെ പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് ഭഗവന്തിന് എതിരെ കത്തു നൽകിയത്. 2016ൽ മറ്റു മൂന്ന് എംപിമാർ കത്തു നൽകി. പാർലമെന്റ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടി നേരിട്ടിരുന്ന ഘട്ടത്തിലാണ് ഈ കത്ത്. മദ്യപാന ശീലം പൂർണമായും ഒഴിവാക്കിയെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഭഗവന്തിനെ പാർലമെന്റിലേക്ക് പ്രവേശിപ്പിക്കാവൂ എന്നായിരുന്നു അവരുടെ അപേക്ഷ.

റാലിക്കിടെ വീണുപോയ നേതാവ്

 

അതിനിടെ സിഖ് ഗുരദ്വാരയിൽ മദ്യപിച്ച് എത്തിയതിന് ഇയാൾ പുറത്താക്കപ്പെട്ടതും തലക്കെട്ടുകളെ ആകർഷിച്ചു. ഫരീദ്‌കോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്സറിലെ ഗുരുദ്വാരയിൽ 2015 ഒക്ടോബറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഭഗവന്ത് മദ്യപിച്ച് എത്തിയത്. ഗുരുദ്വാരയുടെ മുഖ്യാധികാരി ഭഗവന്തിനെ പിടിച്ചു പുറത്താക്കി. ഇത് ആം ആദ്മി പാർട്ടിക്കും വലിയ നാണക്കേടുണ്ടാക്കി. ഭഗവന്തിന്റെ കുടിയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പാർട്ടി ഉന്നതതല സമിതി പക്ഷേ, അദ്ദേഹത്തിനു നല്ല സർട്ടിഫിക്കറ്റാണ് നൽകിയത്. 2016 നവംബറിൽ ഓസ്‌ട്രേലിലയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിലാണ് ഭഗവന്ത് മദ്യപിച്ച് എത്തി. അതോടെ ആ കുടുംബം നിർബന്ധിച്ചു ഭഗവന്തിനെ മടക്കിയയച്ചു.

2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ എഎപി നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു: എഎപിയുടെ താര പ്രചാരകനായ ഭഗവന്ത് കുടിച്ച് കൂത്താടി നടക്കുന്നു. ഡൽഹിയിൽ എഎപി സർക്കാർ മദ്യക്കടകൾ യഥേഷ്ടം തുറക്കാൻ അനുമതി നൽകുന്നു. 'ലഹരി മുക്ത പഞ്ചാബ്' എന്ന പാർട്ടി മുദ്രാവാക്യത്തിൽ എന്ത് ആത്മാർഥതയാണുള്ളത് ?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭഗവന്തിനെതിരെ എതിരാളികൾ ഉയർത്തിയിരുന്നത് അദ്ദേഹത്തിന്റെ മദ്യപാന ശീലമായിരുന്നു. ഇനി ഭഗവന്ത് കുടിക്കില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു. പഞ്ചാബിനു വേണ്ടിയാണ് ഈ ത്യാഗമെന്നും പറഞ്ഞു. അതു വെറും പ്രഖ്യാപനം മാത്രമായിരുന്നുവെന്ന് ഭഗവന്തിന്റെ പിൽക്കാല ചെയ്തികൾ തെളിയിച്ചു.

പഞ്ചാബിനു വേണ്ടി കുടി ഉപക്ഷേിച്ചെന്ന്

ഇത്തവണയും വലിയ പേഴ്സണൽ അറ്റാക്കാണ് മദ്യപാനത്തിന്റെ പേരിൽ ഭഗവന്ത് മന്നിനുനേരെയുണ്ടായത്. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും ഇതുതന്നെയാണ് കോൺഗ്രസും, അകാലികളും, ബിജെപിയുമൊക്കെ എടുത്തിട്ടത്. ഇയാളുടെ ഭാര്യ തെറ്റിപ്പോയതുവരെ ഇതുകൊണ്ടാണെന്ന് അവർ പ്രചരിപ്പിച്ചു.

കാര്യം ശരിയാണ്. ഭഗ്വന്ത് ലോക്‌സഭാംഗമായതിന്റെ പിറ്റേ വർഷമാണ് ഭാര്യ ഇന്ദർജീത് കൗറുമായി ഭഗവന്ത് വേർപിരിഞ്ഞത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു ഇന്ദർജീത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ഇന്ദർജീത്തിന്റെ കവിളിൽ ഭഗവന്ത് നൽകിയ മുത്തവും പത്രങ്ങൾ ആഘോഷിച്ചു. രാഷ്ട്രീയ നേതാക്കൾ വിവാഹമോചനം നേടുന്നത് ആദ്യമായല്ല. നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നാണ് ഭഗവന്ത് പറഞ്ഞത്. തന്റെ വിവാഹമോചനം ഇനി തന്റെ സ്വകാര്യവിഷയമല്ല, നാടിന്റെ വിഷയമാണെന്നും തമാശ പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ദർജിത്തിനൊപ്പമാണ് മക്കൾ രണ്ടുപേരും. വിവാഹമോചനത്തിനു പ്രധാന കാരണമായി പറയുന്നതും ഭഗവന്തിന്റെ മദ്യപാനമാണ്.

പഞ്ചാബിന്റെ ഏറ്റവും വലിയ വിപത്തായി മാറുകയാണ്, മദ്യവും മയക്കുമരുന്നും. ഇന്ത്യയിൽ കേരളം കഴിഞ്ഞാൽ പ്രതിശീർഷ മദ്യ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പഞ്ചാബ് ആണ്. അതുപോലെ മയക്കുമരുന്നും. ഡ്രഗ് മാഫിയ സത്യത്തിൽ പഞ്ചാബിന്റെ യുവത്വങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. ഉഡ്താപഞ്ചാബ് പോലുള്ള സിനിമകൾ ഈ വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്.

ഈ സാഹചര്യത്തിൽ പഞ്ചാബിനെ ലഹരി വിമുക്തമാക്കുമെന്നാണ് എല്ലാ പാർട്ടികളും പ്രഖ്യാപിക്കുന്നത്. അപ്പോൾ മുഖ്യമന്ത്രി തന്നെ തികച്ച മദ്യപൻ ആയാലോ. ഇതായിരുന്നു പ്രതിപക്ഷ വാദം. പക്ഷേ അതോടെ താൻ ഇനിമേലിൽ മദ്യപിക്കില്ലെന്ന് ഭഗവന്ത് പരസ്യമായി പറഞ്ഞു. പഞ്ചാബിനുവേണ്ടി മദ്യപാനം നിർത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും ഇത് ആവർത്തിച്ചു.

പക്ഷേ ഇങ്ങനെയാക്കെ ആണെങ്കിലും മദ്യപിക്കാത്ത നേതാക്കളേക്കാൾ 'വെളിവുള്ള' ആളാണ് ഭഗവന്ത് എന്നാണ് നാട്ടുകാർ പറയുക. ശരിക്കും ജനീകയനാണ്. അഴിമതി രഹിതനും. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടിൽ ഒരു പ്രശ്നമുണ്ടായാൽ കൂടെ നിൽക്കും. ജനത്തിന് പകൽമാന്യന്മാരായ നേതാക്കളേക്കാൾ ഇഷ്ടം, മദ്യപിച്ചാലും തങ്ങളുടെ കുടെ നിൽക്കുന്ന ഭഗവന്തിനെ തന്നെയാണ്.

ഇപ്പോൾ അദ്ദേഹം മദ്യപാനം നിർത്തുമെന്ന് പരസ്യമായി പറഞ്ഞിരിക്കയാണ്. പക്ഷേ നേരത്തെയും പതവണ ഇങ്ങനെ പറഞ്ഞിട്ടും ഒന്നും നടത്തില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ ഇത്തവണ ഭഗവന്ത് ആത്മാർഥമായിട്ടാണോ പറഞ്ഞത് എന്നാണ് ആം ആദ്മിക്കാർ പറയുന്നത്. കുടി നിർത്തി മാന്യനാവുമോ അതോ, നിയമസഭയിൽ ആടിയാടിയെത്തുന്ന, ഓഫീസിൽ ചർദ്ദിച്ചുവെക്കുന്ന മുഖ്യമന്ത്രിയെയാണോ പഞ്ചാബിന് കാണാൻ കഴിയുക. കാത്തിരുന്ന് കാണാം.