തിരുവനന്തപുരം: 500, 1000 രൂപാ നോട്ട് പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെതിരേ വിമർശനവുമായി നടി ഭാഗ്യലക്ഷ്മി. ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഭൂരിഭാഗമെന്നും ആ വേദന അനുഭവിക്കുമ്പോഴേ അറിയൂയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഫേസ്‌ബുക്ക് പോജിലാണ് ഭാഗ്യലക്ഷ്മി വിമർശനവുമായി വന്നത്.

15വർഷമായി അവരുടെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഒരു അപകടത്തിൽപെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ നേരിടേണ്ടി വന്ന പ്രയാസങ്ങൾ മുൻ നിർത്തിയാണ് ഭാഗ്യലക്ഷ്മി തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച് നാളേക്കുള്ള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുള്ളു..സ്വന്തം അക്കൗണ്ടിൽ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാൻ വരുന്നോ എന്ന് ചോദിക്കാൻ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു..കഴിഞ്ഞ 15വർഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തിൽപെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചു..ഉടനെ സർജറി വേണമെന്നും കാലിൽ STEELRODE ഇടണമെന്നും പറഞ്ഞു DR.. വില ഏകദേശം ഇരുപത്തയ്യായിരം..മറ്റ് ചെലവ്ക്കെല്ലാം വേണ്ടി ഒന്നിച്ച് ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വച്ചാൽ എടിഎം 2500 രൂപയേ തരൂ..ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കൽ സ്റ്റോറിൽ ചെന്നപ്പോ ഒരിടത്ത് NETWORK ഇല്ല മറ്റൊരിടത്ത് കാർഡ് മിഷിനേ ഇല്ല..ബാങ്കിൽ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയിൽ എത്തിയപ്പോഴേക്ക് ഏഴുമണി. കഴിഞ്ഞിരുന്നു..പ്രധാനമന്ത്രി വരുത്തിവച്ചതിന് DR ടെ മുൻപിൽ വെറുതേ ഞാൻ തല കുനിച്ചു.

അത്രയും നേരം വേദന സഹിച്ച് കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു..ഇത് എന്റെ മാത്രം അനുഭവമല്ല..ആശുപത്രിയിൽ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിൽ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല..ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.. ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.