തിരുവനന്തപുരം: നോട്ട് നിരോധിക്കലുമായി ബന്ധപ്പെട്ട തന്റെ ഫേസ് ബുക്ക് പോസ്റ്റ് നടൻ മോഹൻലാലിനെതിരായ വിമർശനമാണെന്ന വാർത്തകൾ തള്ളി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പല നവമാദ്ധ്യമങ്ങളും പറയുന്നതു പോലെ മോഹൻലാലിന്റെ ബ്ലോഗിനെതിരേയല്ല താൻ പ്രതികരിച്ചത്. താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പങ്കുവച്ചത്. അതിൽ നുണയുണ്ടെന്ന് പറയുന്നവർ ഒരിക്കലെങ്കിലും സർക്കാർ ആശുപത്രിയിൽ വന്ന നോക്കണമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇക്കാര്യവും ഫേസ്‌ബുക്ക് പോസ്റ്റ് വഴി തന്നെയാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്...

പല നവ മാദ്ധ്യമങ്ങളും പറയുന്ന പോലെ ഞാൻ മോഹൻലാലിന്റെ പോസ്റ്റിനെതിരെയല്ല പ്രതികരിച്ചത്.. ഇന്നലെ (തിങ്കളാഴ്ച) ഞാൻ കണ്ടതാണ്, അനുഭവിച്ചതാണ്, മെഡിക്കൽ കോളജിൽ ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനത്തെ. അവർക്ക് വേണ്ടിയാണ് പ്രതികരിച്ചത്... അതിൽ നുണയുണ്ടെന്ന് പറയുന്ന ഒരാളെങ്കിലും ഒന്ന് സർക്കാർ ആശുപത്രികളിൽ വന്ന് നോക്കൂ... കാർഡുള്ള എത്ര പേരുണ്ടെന്ന് നോക്കൂ... ബന്ധുക്കളുള്ള എത്ര പേരുണ്ടെന്ന് നോക്കൂ... പെട്ടെന്ന് കടം കൊടുക്കാൻ എത്ര പേരുണ്ടെന്ന് നോക്കൂ...