- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു; ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ; പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്; നടിയെ ആക്രമിച്ച കേസിൽ കോടതികൾക്കെതിരെ ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരേ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
'നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോൾ നടക്കുന്നതെല്ലാം മറ്റുപല നാടകങ്ങളുമാണ്. കോടതിയിൽ പ്രോസിക്യൂട്ടർമാർ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടർമാർ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്.
ഒരു സാധാരണക്കാരൻ കോടതിയിലേക്ക് കയറിയാൽ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസിൽ ഞാൻ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാൻ അതിനെ ബഹുമാനിക്കുന്നു. ഞാൻ നിയമം കൈയിലെടുത്തതുകൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീർച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു.
പക്ഷേ, ഒരു ഉന്നതൻ കോടതിയിലെത്തിയാൽ കോടതി ചോദിക്കുന്നതെന്താണ്. നിങ്ങൾക്ക് ഇങ്ങനെ ചെയ്തൂടെ, മൊബൈൽ സറണ്ടർ ചെയ്തൂടെ എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാൽ സാധാരണ ജനങ്ങൾക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാൽ സാധാരണക്കാർ കോടതിയിൽ പോയാൽ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങൾക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്'- ഭാഗ്യലക്ഷ്മി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ