- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി; ഭാഗ്യലക്ഷ്മിക്ക് വലിയ ജനപിന്തുണ കിട്ടി, ഇത് തെറ്റായ ധാരണ പൊതു സമൂഹത്തിൽ സൃഷ്ടിക്കുമെന്ന് വിജയ് പി നായർ; താമസ സ്ഥലത്ത് കയറി കവർച്ച നടത്തിയെന്നും വാദം; പ്രതികൾ നിയമം കൈയിലെടുത്തെന്ന് ഹൈക്കോടതിയും; മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കൊച്ചി: യുട്ഊബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിയും കൂട്ടാളികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവച്ചത്. ഭാഗ്യലക്ഷ്മിയും കൂട്ടാളികളും മുറിയിൽ കയറിയത് അനുവാദം ഇല്ലാതെയാണെന്നും അതിലൊരാൾ മാസ്ക് പോലും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും വിജയ് പി നായർ വാദിച്ചു.
ശബ്ദം റെക്കോർഡ് ചെയ്യുന്ന മൈക്ക് നശിപ്പിച്ചു. പരാതിയുണ്ടെങ്കിൽ അവര്ക്ക് കോടതിയെ സമീപിക്കാമായിരുന്നു എന്നും നിയമം കയ്യിലെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ലെന്നും വിജയ് പി നായർ കോടതിയിൽ പറഞ്ഞു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതാണ്. അതിൽ നിന്ന് സാഹചര്യം മാറിയിട്ടില്ലെന്നും വിജയ് പി നായർ പറഞ്ഞപ്പോൾ മേൽക്കോടതിയെ സമീപിക്കാൻ നിയമപരമായി ഒരു തടസവും ഇല്ലെന്നായിരുന്നു കോടതിയുടെ മറുപടി.
താമസ സ്ഥലത്ത് നടന്നത് കവർച്ചയാണെന്നും വിജയ് പി നായർ പറഞ്ഞു. പക്ഷേ മോഷ്ടിച്ച സാധനങ്ങൾ പൊലീസിനെ ഏൽപിച്ചില്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു. എടുത്ത സാധനങ്ങൾ പൊലീസിന് കൈമാറുകയായിരുന്നു ഉദ്ദേശമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഷി കൊണ്ടുവന്ന് ഒഴിച്ചതല്ല, അവിടെ ഉണ്ടായിരുന്നതാണ്. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അതിന് വേണ്ടി നിബന്ധനയും അനുസരിക്കാമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.
സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ നിയമം കയ്യിലെടുക്കുമായിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മിയോട് കോടതി പറഞ്ഞു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ചെയ്തികളെ പറ്റി എന്താണ് പറയാൻ ഉള്ളത്? നിയമ സമവാക്യങ്ങളിൽ മാറ്റാം ഉണ്ടാക്കാൻ നോക്കുന്നവർ അതിന്റെ പ്രത്യാഘാതവും നേരിടണം എന്നും കോടതി പറഞ്ഞു.
കേസിൽ കീഴ്ക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചത്. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. അറസ്റ്റ് ഉടനെയില്ലെങ്കിലും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ് ഭാഗ്യലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മിയും. അതിനിടെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ