തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച യൂട്ഊബർ ആക്രമണക്കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന് മാർച്ച് 3 ന് എല്ലാ പ്രതികളും ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

യൂട്ഊബർ വിജയ്. പി. നായരെ തമ്പാനൂർ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് ഹാജരാകേണ്ടത്. തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

യുട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വിജയ് പി നായർക്കെതിരെ 2020 ഓഗസ്റ്റ് 26നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയിൽ ഒഴിച്ചായിരുന്നു പ്രതിഷേധം.

കേരളത്തിലെ ഫെമിനിസ്റ്റുകളെയും സ്ത്രീകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വിജയ് പി നായരുടെ വീഡിയോയിലെ പരാമർശങ്ങൾ. ഇനി ഒരു സ്ത്രീകൾക്കെതിരെയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരുമെത്തി പ്രതിഷേധിച്ചത്.

പ്രതിഷേധത്തിനിടെ വിജയ് പി നായരെ മർദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ കയറി ആക്രമിച്ചു, സാധനങ്ങൾ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തായിരുന്നു പൊലീസ് എഫ്ഐആർ സമർപ്പിച്ചിരുന്നത്.