തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയെ കാണാൻ എന്തുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ലെന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇരയായ പെൺകുട്ടി പത്രസമ്മേളനം നടത്തി മൂന്നുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ വിഷമമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ശരിക്കും ഒരു രാഷ്ട്രീയ പാർട്ടിയെയും വിശ്വസിക്കരുത് എന്ന് തോന്നുന്നു. ആരു ഭരണത്തിൽ വന്നിട്ടും കാര്യമില്ല. സ്ത്രീകൾ അടിസ്ഥാനപരമായ അരക്ഷിതാവസ്ഥയിൽ തന്നെയാണെന്നും ഭാഗ്യലക്ഷ്മി മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഒരു പാടു തവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ എന്താണെന്ന് അറിയാത്തതുകൊണ്ടായിരിക്കാം ഞാൻ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടത്. ഇത്തരത്തിൽ ഒരു അനീതി ഉണ്ടാകുമ്പോൾ അതിനെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു എന്റെ ധാരണ. സിപിഐഎം അധികാരത്തിൽ വന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ചയാളാണ് ഞാൻ. ഈ സർക്കാർ കൂടുതൽ മുൻകൈയെടുക്കുന്ന വിഷയം സ്ത്രീ സുരക്ഷിതത്വം എന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇക്കാര്യത്തിൽ 100 ശതമാനം നിരാശയുണ്ട്. എന്നെ കാണണമെന്നില്ല പക്ഷേ മുഖ്യമന്ത്രിക്ക് പെൺകുട്ടിയെ കാണാനുള്ള കടമയില്ലേ?

സംഭവം സത്യമോ നുണയോ എന്ന് കോടതി തെളിയിക്കട്ടെ. ഇതൊരു കെട്ടുകഥ ആണെങ്കിൽ ഈ പെൺകുട്ടിക്ക് എതിരെ നടപടിയെടുക്കണം എന്നുമാണ് എന്റെ പക്ഷം. ഇങ്ങനെ പരാതി മുന്നിൽ വരുമ്പോൾ കേൾക്കാനുള്ള സന്മനസ്സ് മുഖ്യമന്ത്രി എന്തുകൊണ്ട് കാണിക്കുന്നില്ല?''

വടക്കാഞ്ചേരി പീഡന ആരോപണത്തിൽ ഇടപെട്ടതിന് സിപിഎമ്മിലെ ഉന്നതരായ പലരും സ്വകാര്യമായി വിളിച്ച് അഭിനന്ദിച്ചെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വടക്കാഞ്ചേരിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കൈരളി ചാനലിൽ അവതാരകയായ സെൽഫി എന്ന പരിപാടിയിൽ നിന്നു ഭാഗ്യലക്ഷ്മി പിന്മാറിയിരുന്നു. ഇതു നിർത്താനിടയായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി വിശദീകരിച്ചു. പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയ നിങ്ങൾ പാർട്ടിയുടെ ശമ്പളത്തിൽ അല്ലേ ചോറുണ്ണത് എന്ന് പലരും ഫേസ്‌ബുക്കിലൂടെ ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ കൈരളിയിലെ പ്രോഗ്രാം നിർത്തണമെന്ന് പാർട്ടിക്കുള്ളിൽ സമ്മർദ്ദമുണ്ടെന്ന് പലരും പറഞ്ഞു. എന്നാൽ അതിൽ തീരുമാനമെടുത്തില്ലെന്നും അറിഞ്ഞു. പാർട്ടി അങ്ങനെ തീരുമാനിച്ചാലുള്ള നാണക്കേട് ഒഴിവാക്കാനാണ് നിർത്താമെന്ന് ഞാൻ തന്നെ തീരുമാനിച്ചത്. തൃശൂരിലെ ഒരു പരിപാടിക്കിടെ ഹോട്ടലിൽ വിശ്രമിക്കുന്നതിനിടെ അനിൽ അക്കര തന്നെ സന്ദർശിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ ഭാഗ്യലക്ഷ്മിയും അനിൽ അക്കരയും മുറിയടച്ചിരുന്ന് ഗൂഢാലോചന എന്ന് നാല് കോളം വാർത്ത നൽകിയെന്നും ഭാഗ്യലക്ഷ്മി.

എന്തൊരു വൃത്തികെട്ട സംസ്‌കാരമാണിത്, പാർട്ടിയുടെ പത്രം എന്ന നിലയിൽ വലിയൊരു സ്ഥാനം ദേശാഭിമാനിക്ക് നൽകിയിരുന്നു. ഇത്തരത്തിൽ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതിൽ വേദന തോന്നി. എന്റെ വീട്ടിലും വരുത്തുന്ന പത്രമാണ്. ഇനിയെന്തിനാണ് ഞാൻ ഈ പത്രം വായിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.