- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിൽ ആകുന്നത് പരാതിക്കാരി തന്നെ ആയിരിക്കും; റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി; മന്ത്രി പി.രാജീവിന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവിട്ട് ഡബ്ല്യുസിസി
കൊച്ചി: ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, മന്ത്രി പി രാജീവ് ഡബ്ല്യൂസിസിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തൽ വിവാദം ആയിരിക്കുകയാണ്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ തന്നോട് പറഞ്ഞതായാണ് പി രാജീവ് വെളിപ്പെടുത്തിയത്. 'ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാൻ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ എന്നോട് പറഞ്ഞു', എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. ഇതേ തുടർന്ന് തങ്ങൾ മന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് ഡബ്ലുസിസി പുറത്ത് വിട്ടു. അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കുമെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അവർ പറഞ്ഞു.
ഇതേ ഡബ്ല്യു.സി.സി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടണം എന്ന് നിരന്തരമായി പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നാൽ പലരുടേയും മുഖങ്ങൾ വികൃതമാവുമെങ്കിലും സമൂഹത്തിന്റെ മനോഭാവമനുസരിച്ച് അത് താത്ക്കാലികം മാത്രമാണ്. ആൺ അല്ലെങ്കിൽ സൂപ്പർ ഹീറോ എന്ന് പറയുന്ന എല്ലാവരേയും കാലക്രമേണ ഒരു സിനിമയോ കഥാപാത്രമോ കണ്ടാൽ മറക്കുന്ന സമൂഹമാണ് ഇവിടെയെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയെ വെട്ടിലാക്കി മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ റിപ്പോർട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം എന്നാണ് താൻ പറഞ്ഞതെന്ന് രാജീവ് പിന്നീട് വ്യക്തമാക്കി.
ഡബ്ല്യുസിസിയുടെ വിശദീകരണം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു എന്ന സർക്കാർ വാദത്തിന് ഡബ്ല്യൂസിസി മറുപടി നൽകി. മന്ത്രി പി രാജീവിന് നൽകിയ കത്തിന്റെ പകർപ്പ് വുമൺ ഇൻ സിനിമ കളക്റ്റീവ് പേജിൽ പങ്കുവച്ചുകൊണ്ടാണ് ഡബ്ല്യൂസിസി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മന്ത്രി രാജീവുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമായിരുന്നു കൂട്ടായ്മ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് കൈമാറിയത്.
'സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യർഹമായ വിധം ഇടപെട്ട് പിണറായി സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ പഠന റിപ്പോർട്ടിന്മേൽ കഴിഞ്ഞ രണ്ടു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ടു വർഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച (?) നിർദ്ദേശങ്ങൾ പുറത്തു കൊണ്ടുവരികയും വേണ്ട ചർച്ചകൾ നടത്തി പ്രായോഗിക നടപടികൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.' എന്നാണ് ഡബ്ല്യൂസിസി കത്തിൽ പരാമർശിക്കുന്നത്.
ഫേസ്ബുക്കിൽ പുറത്തുവിട്ട കത്തിന്റെ പകർപ്പ്
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21012022) സമർപ്പിച്ച കത്തിന്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെന്റ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദ്ദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടത് അതിപ്രധാനമാണ്.
നാലാം തീയതി ഗവൺമെന്റ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ