- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസ്സാകുന്നതിന് മുമ്പ് മകളെ ശബരിമല ചവിട്ടിക്കുമെന്ന് അച്ഛന്റെ നേർച്ച; വിഘാതമായി കോവിഡ് പ്രോട്ടോകോളിൽ കുട്ടികൾക്കുള്ള വിലക്കും; പ്രാർത്ഥന ബാലാവകാശ കമ്മീഷൻ കേട്ടപ്പോൾ അയ്യന്റെ ദർശന സൗഭാഗ്യം; ഭാഗ്യലക്ഷ്മി സന്നിധാനത്ത് എത്തിയപ്പോൾ
ശബരിമല: പത്ത് വയസ്സ് കഴിഞ്ഞാൽ ശബരിമലയിലെത്തി പെൺകുട്ടികൾക്ക് ദർശനം വിശ്വാസ പ്രകാരം സാധ്യമല്ല. അതുകൊണ്ട് തന്നെ പല കുട്ടികൾക്കും കോവിഡു കാലത്ത് ശബരിമലയിൽ എത്താൻ കഴിയുന്നില്ല. ചെങ്ങന്നൂർ ആലാ കണ്ടത്തിൽ അജിത് കുമാറിന്റെ മകൾ ഭാഗ്യലക്ഷ്മി മറികടക്കുന്നത് ഈ പ്രതിസന്ധിയെയാണ്.
പത്തു വയസ്സ് പൂർത്തിയാകാൻ ഏഴ് ദിവസം ബാക്കിനിൽക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരു പ്രകാരം ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരീശ ദർശനം സാധ്യമായി. ഇരുമുടി കെട്ടുമായി കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് പിതാവിനൊപ്പം ഭാഗ്യലക്ഷ്മി പതിനെട്ടാം പടി ചവുട്ടി അയ്യപ്പസന്നിധിയിൽ എത്തി.
കോവിഡ് നിയന്ത്രണത്തെ തുടർന്ന് ശബരിമല ദർശനം നടത്തുന്നതിൽ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. അച്ഛന്റെ നേർച്ച കണക്കിലെടുത്ത് ബാലാവകാശ കമ്മീഷൻ അനുമതിയും നൽകി. കോവിഡുകാലത്ത് കുട്ടികൾക്ക് ദർശന നിയന്ത്രണമുണ്ട്.
ഇതേ തുടർന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാൽ 10 വയസ്സ് തികയും മുൻപ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയിൽ ദർശനം നടത്താമെന്ന് പിതാവ് നേർച്ച നേർന്നിരുന്നു. ഇത് യാഥാർത്ഥ്യമാക്കാൻ വേണ്ടിയാണ് ബാലാവകാശ കമ്മീഷന് മുമ്പിലെത്തിയത്.
ഭക്തർക്ക് നിയന്ത്രിത അളവിൽ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കു ചെയ്തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദർശനാനുമതി ലഭിച്ചത്. മകൾക്ക് കോവിഡ് പ്രോട്ടോകോൾ തടസ്സമായി. ഇതോടെയാണ് ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി നൽകിയത്.
ഇതേ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ, ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവരെ ഹിയറിങ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യം കോവിഡിന്റെ പശ്ചാത്തലത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദർശനം നടത്തുന്നതിന് അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്നും ഇവർ നിലപാടെടുത്തു.
സമാന കേസിൽ ഹൈക്കോടതിയുടെ ഉത്തരവും പത്ത് വയസ്സ് കഴിഞ്ഞാൽ ആചാരപ്രകാരം കുട്ടിക്ക് മല ചവുട്ടാൻ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ കമ്മീഷൻ ശബരിമല ദർശനത്തിന് അനുമതി നൽകി. ഇതേ തുടർന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്ക്കലിൽ എത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ മല ചവുട്ടി ദർശനം നടത്തുകയായിരുന്നു.
കോവിഡ് പ്രോട്ടോകോൾ കാരണം പമ്പാ സ്നാനവും നീലിമല , അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താൻ കഴിഞ്ഞില്ല. എങ്കിലും ഈ പത്തുവയസ്സുകാരി ശബരീശ്വനെ കണ്ട സന്തോഷത്തിലാണ് ഇന്ന്.
മറുനാടന് മലയാളി ബ്യൂറോ