തിരുവനന്തപുരം: രാമലീല സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തി മഞ്ജുവാര്യർക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞ സമൂഹമാധ്യമങ്ങളുടെ പക്ഷപാതം ഓർത്തെടുത്ത് ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമായ ഭാഗ്യ ലക്ഷ്മി പറയുന്നു: 'ഒരിക്കൽ മാത്രമാണു മഞ്ജു തന്റെ മുമ്പിൽ കരഞ്ഞിട്ടുള്ളത്. മടങ്ങി വരവിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ആദ്യമായി നൃത്തം ചെയ്തപ്പോൾ ഞാൻ കാണാൻ പോയിരുന്നു. അവസാന ഐറ്റം മഹിഷാസുര മർദ്ദിനിയൊ മറ്റോ ആയിരുന്നു. ശൂലം കൊണ്ടു മുമ്പിൽ വന്നു നിൽക്കുന്നതു കണ്ടപ്പോൾ ഒരു ദേവി വന്നു നിൽക്കുന്നതു പോലെ തോന്നി. എന്റെ കണ്ണീലൂടെ കണ്ണീരങ്ങനെ വരുന്നുണ്ടായിരുന്നു. കളി കഴിഞ്ഞു സദസിനെ തൊഴുമ്പോൾ ക്യാമറമന്മാരടക്കം ഒരുപാടു പേരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ദൈവമേ ഈ കൂട്ടിയേയാണോ ഇത്രയും കാലം മുറിക്കുള്ളിൽ അടച്ചിട്ടിരുന്നത് എന്നായിരുന്നു അവിടുത്തെ സംസാരം.

സ്റ്റേജിനു പിറകിൽ ചെല്ലുമ്പോൾ അവൾ ആളുകൾക്കു നടുവിലാണ്. ഞാൻ കെട്ടിപിടിച്ച് പിന്നെ വിളിക്കാമെന്നു പറഞ്ഞു പോന്നു. പിറ്റെ ദിവസം ഞാൻ വിളിച്ചു. എന്നിട്ട് നൃത്തം കണ്ടപ്പോൾ എനിക്കു തോന്നിയതും ആളുകളുടെ പ്രതികരണത്തേക്കുറിച്ചും പറഞ്ഞു. അതു കേട്ടപ്പോൾ അവർ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇന്നും ദിലീപിനെക്കുറിച്ചു സംസാരിക്കുമ്പോൾ ദിലീപേട്ടൻ എന്നു മാത്രമാണ് മഞ്ജു പറയുന്നത് എന്നും ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറയുന്നു.'

രാമലീല എല്ലാവരും തീയറ്ററിൽ പോയി കാണണം എന്ന നിലപാടായിരുന്നു മഞ്ജു വാര്യരുടേത്. പലരും ഇവരുടെ ഈ നിലപാടിനെ വിമർശിച്ചിരുന്നു. എന്നാൽ മഞ്ജുവിന്റെത് പക്വമായ തീരുമാനമായിരുന്നു എന്നു ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹി പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യർ എന്ന സ്ത്രീയെയും അഭിനേത്രിയേയും കുറിച്ചു ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ.

വളരെ വലിയൊരു കലാകാരിയാണു മഞ്ജു, നൃത്തവും അഭിനയവുമാണ് അവളുടെ ലക്ഷ്യം. കലാരംഗത്തേയ്ക്കു തിരിച്ചു വരുമ്പോൾ അവൾ അഭിനയിക്കാൻ തീരുമാനിച്ചിട്ടില്ലായിരുന്നു. നല്ലൊരു ഡാൻസറാകുക, പിൽക്കാലത്ത് ഒരു ഡാൻസിങ്ങ് സ്‌കൂൾ തുടങ്ങുക, കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുക അതൊക്കെയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ 14 വർഷം കഴിഞ്ഞിട്ട് ഒന്നുമില്ലാതെ ജീവിതം തുടങ്ങുകയാണല്ലൊ, സ്വഭാവികമായും സാമ്പത്തിക ഭദ്രത ആവശ്യമുണ്ടാകുമല്ലോ. അതിനാണ് അഭിനയിക്കാൻ തുടങ്ങിയത്. സിനിമ എപ്പോൾ വേണമെങ്കിലും ഇല്ലാതാകുമെന്നും അന്നു തന്റെ കൈയിൽ നൃത്തമെന്ന കലയുണ്ടാകുമെന്നും അവർക്ക് നന്നായി അറിയാം എന്നു ഭാഗ്യലക്ഷ്മി പറയുന്നു.