തിരുവനന്തപുരം: സൂപ്പർ സ്റ്റാർ വിജയ്‌യുടെ ചിത്രം ഭൈരവ പുറത്തിറങ്ങി മണിക്കൂറുകൾക്കം വ്യാജപതിപ്പ് ഇന്റർനെറ്റിലെത്തി. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. മോഹൻലാലിന്റെ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ പുറത്തുവിട്ട അന്താരാഷ്ട്ര ബന്ധമുള്ള പൈറസലി സൈറ്റ് ആയ തമിഴ്‌റോക്കേഴ്‌സ് തന്നെയാണ് ഭൈരവയുടെ വ്യാജപതിപ്പും ഇന്റർനെറ്റിൽ ഇട്ടിരിക്കുന്നത്. റിലീസിങ് ദിവസം തന്നെ ചിത്രം ഇന്റർനെറ്റിൽ ഇടുമെന്ന് തമിഴ്‌റോക്കേഴ്‌സ് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.

പുലിമുരുകന്റെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌റോക്കേഴ്‌സിന്റെ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഓഫീസ് കേരളാ സൈബർ പൊലീസ് റെയ്ഡ് ചെയ്യുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ, ഇവരുടെ കീഴിലുള്ള അഡ്‌മിനുകളാണ് അറസ്റ്റിലായതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.

കബാലിയുടെ നിർമ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തിയറ്റർ കോപ്പി പുറത്തുവിട്ടും, പ്രേമം, പുലിമുരുകൻ എന്നീ സിനിമകളുടെ വ്യാജൻ ഓൺലൈനിൽ ലഭ്യമാക്കിയും ഇവർ തിയറ്ററുകളിൽ മുന്നേറുന്ന സിനിമകൾക്ക് നിരന്തരം ഭീഷണി ഉയർത്തുന്നവരാണ്. ശ്രീലങ്കയിൽ നിന്നുള്ള സെർവർ വഴിയാണ് തമിഴ്‌റോക്കേഴ്‌സ് പ്രവർത്തിക്കുന്നതെന്നു കരുതുന്നു. കോയമ്പത്തൂരിൽ പ്രത്യേകം സജ്ജീകരിച്ച ഓഫീസിൽ നിന്നും പുറംരാജ്യങ്ങളിലെ സർവർ വഴിയുമാണ് ഇവർ തിയറ്റർ പകർപ്പുൾപ്പെടെ അപ് ലോഡ് ചെയ്തിരുന്നത്.

റിലീസ് ചെയ്യാത്ത സിനിമകളുടെ സെൻസർ കോപ്പി സ്വന്തമാക്കി ടോറന്റിൽ അപ് ലോഡ് ചെയ്തിരുന്നതായും ഇവർക്കെതിരെ പരാതിയുണ്ടായിരുന്നു. സ്ഥിരം ഉപയോക്താക്കൾക്ക് പ്രത്യേക ഇളവിലൂടെ അമ്പത് രൂപയ്ക്ക് ഒരു ചിത്രമെന്ന നിലയിൽ ഇവർ ഡൗൺലോഡിന് അവസരം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

തമിഴ് റോക്കേഴ്‌സിന്റെ നേരത്തെയുള്ള വെബ്‌സൈറ്റ് പൂട്ടിച്ചെങ്കിലും പുതിയ വിലാത്തിൽ ഇവർ പ്രവർത്തനം സജീവമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സിനിമാ വ്യവസായത്തിന് ഭീഷണിയായും ആന്റി പൈറസി സെല്ലിനെ വെല്ലുവിളിച്ചും തമിൾറോക്കേഴ്‌സ് തുടർന്നും വിലസുമെന്നതിന് തെളിവാണ് റിലീസ് ചെയ്ത ദിവസം തന്നെയുള്ള ഭൈരവയുടെ വ്യാജപതിപ്പുകൾ വ്യക്തമാക്കുന്നതും.

നേരത്തേ അമീർഖാൻ നായകനായ ദങ്കൽ സിനിമയും റിലീസ് ചെയ്തു മണിക്കൂറുകൾക്കകം വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പാക്കിസ്ഥാനിൽനിന്നാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് അപ് ലോഡ് ചെയ്യപ്പെട്ടത്.