കൊച്ചി: പല സിനിമകളിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമം നടന്നെന്ന് ഭാമ. ഇക്കാര്യം വൈകിയാണ് അറിഞ്ഞതെന്നും ഭാമ പറയുന്നു. സംവിധായകരെ വിളിച്ച് ഭാമയെ എടുത്താൽ നിങ്ങൾക്ക് തലവേദനയാകും എന്ന് പറഞ്ഞു.

അങ്ങനെ വി എം വിനു സംവിധാനം ചെയ്ത മറുപടിയിൽ അഭിനയിച്ച ശേഷം വിനു ചേട്ടൻ പറഞ്ഞു 'നീ എനിക്ക് തലവേദനയുണ്ടാക്കിയില്ലല്ലോ, സിനിമ തുടങ്ങും മുൻപ് ഒരാൾ വിളിച്ചു പറഞ്ഞു നിന്നെ എടുത്താൽ പുലിവാലാകുമെന്ന്'. ഒരു കരുതലിനു വേണ്ടി ആരാണ് വിളിച്ചതെന്ന് പറയാമോ എന്ന് ചോദിച്ചു. വിനു ചേട്ടൻ പറഞ്ഞ പേരു കേട്ട് ഞാൻ ഞെട്ടി. ചില ചടങ്ങുകളിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. എന്നിട്ടും അവസരങ്ങളില്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ഭാമ പറയുന്നു. എന്നാൽ ഇത് ആരെന്ന് വെളിപ്പെടുത്തിയുമില്ല.

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് കൊണ്ടുവന്ന ഭാമ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും നായികയായി തിളങ്ങി. ഇടക്കാലത്ത് ചില വ്യാജ വാർത്തകളിലൂടെ ഭാമ വിവാദങ്ങൾക്കും ഇരയായി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവയോടും ഭാമ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ലോഹിതദാസ് കൊണ്ടുവന്ന യുവ നടിയെയും പൾസർ സുനി ആക്രമിച്ചതായി വാർത്തകൾ വന്നു. ഇത് ഭാമയാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ.

എന്നാൽ അത് താനല്ല. അങ്ങനെയൊരു ആക്രമണവും തനിക്കുണ്ടായിട്ടില്ല. എന്തിനാണിങ്ങനെ കള്ള വാർത്തകൾ ഉണ്ടാക്കി വിടുന്നത്. ഒരു പെൺകുട്ടിയാണെന്ന് പോലും ചിന്തിക്കാതെയാണ് പലരും കഥകൾ ഉണ്ടാക്കി വിടുന്നതെന്നും ഭാമ വ്യക്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് ഭാമയെ ഒതുക്കാൻ ശ്രമിക്കുന്നത് ദിലീപ് ആണെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ ദിലീപ് അല്ലെന്നും ഭാമ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ.